ഒത്തിരിയൊത്തിരി വര്ഷങ്ങള്ക്കുശേഷം നാമിന്നു തമ്മില്‍ കണ്ടു. വൈകുന്നേരം ഓഫീസില്‍ നിന്നിറങ്ങി ഞാന് മൊബൈലില്‍ 'ഏതോ രാത്രിമഴ' എന്ന പാട്ടുമിട്ട് ഇയര്ഫോണും തിരുകിവെച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. സീബ്രാക്രോസ്സിനരികില് നില്‍ക്കുമ്പോഴാണ്, റോഡ് മുറിച്ചുകടക്കാന്‍ കാത്തുനില്ക്കുന്നവരുടെ കൂട്ടത്തില്‍ ഒരു ഇളം നീല ചുരിദാറും, വെള്ള ഷോളുമിട്ട്..... അത് നീയായിരുന്നു.
ആരോ നോക്കുന്നുണ്ടെന്ന് തോന്നിയതു കൊണ്ടാകണം നീ പെട്ടെന്ന് തിരിഞ്ഞ് എന്റെ മുഖത്തേയ്ക്ക് നോക്കി.
എന്തായിരുന്നു അപ്പോള്‍ നമ്മുടെ മനസ്സില്?
''ഹലോ....'' ഞാന് പറഞ്ഞു. ''ഹായ്''
നീ പറഞ്ഞു.
സിഗ്നല്‍ പച്ച തെളിഞ്ഞു. ''ഇളിച്ചോണ്ട് നില്ക്കാതെ റോഡ് ക്രോസ്സ് ചെയ്യാന്‍ നോക്കടാ''.
ട്രാഫിക് പോലീസുകാരന് അലറി. അതു വകവയ്ക്കാതെ ചെവിയിലെ ഇയര്‍ഫോണ്‍ മാറ്റി ഞാന് നിന്നോട് ചോദിച്ചു
''അപ്പുറത്തേക്കല്ല?''
നല്ല ചോദ്യം. റോഡില്‍ തിരക്ക് കുറയുമ്പോള്‍ ക്രോസ്സ് ചെയ്യാന്‍ കാത്തുനില്ക്കുന്ന ഒരു പെണ്ണിനോട് ചോദിക്കാന്‍ പറ്റിയ ചോദ്യം. അതിനേക്കാള്‍ രസം തോന്നിയത് വളരെ ഗൗരവത്തില്‍ നീ അതേ എന്ന് തലയാട്ടിയതായിരുന്നു.
നമ്മള്‍ പണ്ടത്തെ രണ്ടു പരിചയക്കാര്‍ റോഡ് മുറിച്ചു കടക്കുകയാണ്.
റോഡിനപ്പുറത്തെത്തിയിരിക്കുന്നു ഇനി?
ഇനി ഒരു സംഭാഷണം തുടങ്ങണം. അഥവാ, എന്തെങ്കിലും പറഞ്ഞ് അവസാനിപ്പിക്കണം. പലപ്പോഴും അവസാനിപ്പിക്കാന്‍ വേണ്ടി മാത്രമായി നാം സംസാരിച്ചു തുടങ്ങിയിട്ടുണ്ട്. സംസാരിക്കണമല്ലോ എന്നതുകൊണ്ടു മാത്രം. 'ഹലോ, എങ്ങോട്ടു പോകുന്നു?' എന്ന പലപ്പോഴും ഞാന് ചോദിക്കാറുള്ളത് 'ശരി, പിന്നെക്കാണാം' എന്ന വാക്യത്തിന്റെ ആദ്യപകുതി എന്ന നിലയ്ക്കാണ്. നീ എങ്ങോട്ടു പോയാലും എനിക്കെന്താ?
പക്ഷേ ഇന്ന് അവസാനിപ്പിക്കാന്‍ വേണ്ടിയാണെങ്കില്‍ കൂടി ഒരു സംഭാഷണം തുടങ്ങാന്‍ എനിക്ക് കഴിയുന്നുണ്ടായിരുന്നില്ല. ഏതു വാക്കിന്റെ ഔചിത്യമാണു ഭംഗിയായി പൊതിഞ്ഞു നിനക്കു ഞാന് സമ്മാനമായി തരേണ്ടത്? ഒരായിരം വാക്കുകള്‍ പൂത്തുനിന്നിരുന്ന വസന്തങ്ങളുണ്ടായിരുന്നു നമുക്കിടയില്‍. എല്ലാ വാക്കുകള്ക്കുമിടയില്, വിശാലമായി അതിരുകളില്ലാത്ത മേഘങ്ങളായി നാം മാനം നോക്കിക്കിടക്കുന്ന കാലത്തിന് ഒരു പേരുണ്ടായിരുന്നു.
എന്തായിരുന്നു അത്?
'എവിടേക്കു പോകുന്നു?' നീ ചോദിച്ചു.
'ഇവിടെ അടുത്താണു ഞാന് താമസിക്കുന്നത്. ഒരു പത്തു മിനിറ്റ് നടക്കാനുള്ള ദൂരം. ''ഞാന് പറഞ്ഞു. നിര്ത്തരുത്, അല്പ്പംകൂടി എന്തെങ്കിലും സംസാരിക്കണം. ഒരു രണ്ടു മിനിട്ടെങ്കിലും നീണ്ടുനില്ക്കണം. അതാണു മര്യാദ. എന്തെങ്കിലും പറഞ്ഞേ പറ്റൂ....
''ഇപ്പോ, എങ്ങോട്ടാ?'' ഞാന് ചോദിച്ചു.
ആ ചോദ്യം ചോദിക്കാന്‍ വളരെ പ്രയാസപ്പെട്ടു. താങ്കള്‍ എങ്ങോട്ടാണെന്നു ചോദിക്കാന്‍ എനിക്കു കഴിയില്ല. നീ എങ്ങോട്ടാണെന്നു ചോദിക്കാനുള്ള സ്വാതന്ത്ര്യമെടുക്കാന്‍ എനിക്കു ധൈര്യം പോരാ. പിന്നെ നിന്റെ പേരു വിളിക്കണം. പക്ഷേ എന്തു പേരു വിളിക്കും? ഞാന് നിന്നെ വിളിച്ചിരുന്ന ഒരുപാട് പേരുകളുണ്ട്. പക്ഷേ അതൊന്നും തന്നെ തന്റെ ശരിയായ പേരല്ല എന്നതാണ്.....
ബന്ധങ്ങള്‍ വളരെ വിചിത്രമാണ്. ഒരു ശരാശരി സൗഹൃദത്തിലാണെങ്കില്‍ നമുക്ക് പഴയ പേരോ, ശരിക്കും പേരോ നാളുകള്ക്കുശേഷം വിളിക്കാം. പക്ഷേ നമുക്കിടയില്‍ ശരാശരി സൗഹൃദത്തിനുമപ്പുറം മറ്റ് എന്തോ ഉണ്ടായിരുന്നിരിക്കണം. അല്ലേ? അല്ലെങ്കില്‍ നിന്നെ നിന്റെ മുഴുവന്‍ പേരു വിളിക്കാനോ, പണ്ടത്തെ ആ പഴയ ചെറിയ പേരു വിളിക്കാനോ, ഒരേപോലെ എനിക്കു ബുദ്ധിമുട്ടനുഭവപ്പെടുമായിരുന്നില്ല. അതേ, മറ്റെന്തോ ഉണ്ടായിരുന്നു. എന്തായിരുന്നു അത്?
''വീട്ടിലേക്കാണ്. അഞ്ചരയ്ക്ക് ഒരു ലിമിറ്റഡ് സ്റ്റോപ്പ് ഉണ്ട്. അതിനു പോകണം''. ഞാന് സമയം നോക്കി. മണി നാലേ മുക്കാല്‍. ഇനിയും മുക്കാല്‍ മണിക്കൂര്‍. ഞാന് വാച്ചില്‍ നോക്കുന്നത് കണ്ട് നീയും നോക്കി. ശരിയാണ്, നിന്റെ വാച്ചിലും മണി നാലേ മുക്കാല്‍ തന്നെ. മുക്കാല്‍ മണിക്കൂര്‍ ഇവനെ സഹിക്കണമല്ലോ കര്ത്താവേ എന്ന് നീ മനസ്സില് പറഞ്ഞുകാണും.
ഓര്മ്മയുണ്ടോ? ഒരിക്കല്‍ നമ്മള്‍ കോളേജില്‍ പഠിച്ചകാലത്ത് പ്രോജക്റ്റ് റിപ്പോര്ട്ട് പ്രിന്റ് എടുത്തിട്ട് കമ്പ്യൂട്ടര്‍ സെന്ററില്‍ നിന്നിറങ്ങി നടക്കവേ ഞാന് നിന്നെ എന്തിനോ വിളിക്കാന്‍ തുടങ്ങുകയായിരുന്നു. പക്ഷേ സ്വരം പുറത്തേക്ക് വന്നില്ല. അന്നും നീ ഇളം നീല ചുരിദാറും വെള്ള ഷാളുമാണ് അണിഞ്ഞിരുന്നത്.
പക്ഷേ പെട്ടെന്നു നീ തിരിഞ്ഞുനോക്കിയിട്ടു ചോദിച്ചു: ''എന്താ?''
''എന്ത്?''
''നീയെന്നെ ഇപ്പോ വിളിച്ചോ?''
''വിളിച്ചു.... പക്ഷേ, സ്വരം പുറത്തേക്കു വന്നിരുന്നില്ല.
സന്ധ്യയാകുന്നു. തനിയെ സ്റ്റാന്ഡിലേക്ക് പോകണ്ടാ. ബേക്കര്‍ ജംഗ്ഷനില്‍ നിന്ന് ബസ് കയറി പൊയ്ക്കൊള്ളൂ എന്ന് പറയാനായിരുന്നു....''
പറയാതെ തന്നെ അറിയുന്നതിന്, വിളിക്കാതെ തന്നെ കേള്ക്കുന്നതിന്, മനസ്സുകള്ക്കപ്പുറം പരസ്പരം മനസ്സിലാക്കുന്നതിന് എന്തോ പേരുണ്ടായിരുന്നല്ലോ. എന്തായിരുന്നു അത്?
ഒരുപാട് കാലത്തിനപ്പുറം നമ്മുടെ മനസ്സുകള്‍ ഒരേ ചോദ്യം ചോദിക്കുകയാണ്....
മുക്കാല്‍ മണിക്കൂര്‍! അതുവരെ?
നീയാണ് പ്രശ്നമുണ്ടാക്കിയത്. എനിക്കിപ്പോള്‍ ഒരു ബസ്സുണ്ട്; പോണം എന്ന് പറഞ്ഞിരുന്നെങ്കില്‍ നമുക്കപ്പോള്‍ തന്നെ പരിപാടി തീര്ക്കാമായിരുന്നു. അല്ലെങ്കില്‍ പണ്ടത്തെപ്പോലെ നിനക്ക് എന്നെ മൈന്ഡ് ചെയ്യാതെ നടന്നുപോകാമായിരുന്നു. ഇതിപ്പം, നിന്റെ ഒരു വാക്ക് കാരണം നാം പെട്ടുപോയിരിക്കുന്നു. ഞാന് നിന്റെ മുന്നിലും, നീ എന്റെ മുന്നിലും.
എന്തുചെയ്യും?
ഞാന് പറഞ്ഞു : ''ബസ്സ്റ്റാന്ഡിന് അടുത്താണ് ഞാന് താമസിക്കുന്നത്. നമുക്കങ്ങോട്ട് നടക്കാം. എനിക്കാവഴി വീട്ടില്‍ പോവുകയും ചെയ്യാം''.
ഹാവൂ, എന്തൊരാശ്വാസം!
ഏതായാലും അതൊരു നല്ല തീരുമാനമായിരുന്നു. മഴ വരാന്‍ തുടങ്ങുകയായിരുന്നു. നാം നടന്നു. ഒരിക്കലും എന്നോടൊപ്പം നടക്കാന്‍ നീ ആഗ്രഹിച്ചിട്ടില്ലെന്ന് എനിക്കറിയാം. പക്ഷേ ഇപ്പോള്‍ നമ്മള്‍ ഒരുമിച്ച് ബസ്സ്റ്റാന്ഡിലേയ്ക്കു നടക്കുകയാണ്.
നാം മുന്പും, ഇതേപോലെ നടന്നിട്ടുണ്ട്. അത് റെയില്വേ സ്റ്റേഷനിലേക്കായിരുന്നു. അന്ന് നമ്മോടൊപ്പം ഒത്തിരി കൂട്ടുകാരുമുണ്ടായിരുന്നു. ഒരു വിനോദയാത്രയ്ക്ക് പോകുന്നതിന്റെ മൂഡിലായിരുന്നു നമ്മള്‍. കളക്ടറേറ്റില്‍ നിന്നു റെയില്വേസ്റ്റേഷന് വരെ നടക്കുമ്പോള്‍ കൂടെയുള്ളവരുടെ കളിചിരി തമാശകളൊന്നും നാം കേട്ടിരുന്നില്ല. നാം മറ്റേതോ ലോകത്തായിരുന്നു. അന്നു നമ്മള്‍ എത്ര മണിക്കൂര്‍ യാത്രചെയ്തു? എത്രയായാലും സമയം തികഞ്ഞിരുന്നില്ല..... അല്ലേ?.... ഒരുപാട് സമയം ഒന്നും പറയാതെ അടുത്തിരുന്നിട്ടും തിരികെപ്പോവാന്‍ നേരമാകുമ്പോള്‍, സമയം തികഞ്ഞില്ല എന്നു നമ്മെ തോന്നിപ്പിക്കുന്ന ഒരുതരം പ്രതിഭാസമില്ലേ.....?
അതിന്റെ പേരെന്തായിരുന്നു?
നാം നഗരത്തിന്റെ തിരക്കുകള്ക്കിടയിലൂടെ നടക്കുകയാണ്. ഈ നടപ്പിന് ഒരു സൗകര്യമുണ്ട്. ഒന്നും പറഞ്ഞില്ലെങ്കിലും കുഴപ്പമില്ല. കാരണം, ചുറ്റിനും ഒരുപാട് ബഹളങ്ങളാണ്. എന്തേ ഒന്നും പറയാത്തത് എന്ന് അതിനാല്ത്തന്നെ നമുക്ക് അസ്വസ്ഥമാകേണ്ടതില്ല.
മഴക്കാറ് കൂടിവരുന്നു. കാറ്റ് വീശുന്നുണ്ടായിരുന്നു. ഇടയ്ക്കെപ്പോഴോ നിന്റെ മുടിയിഴകള്‍ എന്റെ മുഖത്തേക്ക് വീഴ്ത്തിക്കൊണ്ട്...
കാറ്റ്...
യാത്രകളില്‍ തീവണ്ടി ജനലിലൂടെ കയറിവന്ന്, എന്റെ തോളില്ക്കിടന്ന് നീ മയങ്ങവേ, നിന്റെ മുടിയിഴകളെ എന്റെ മുഖത്തേക്കഴിച്ചിട്ട അതേ കുസൃതിക്കാറ്റ്.
ബസ്സ്റ്റാന്ഡ് എത്തുകയാണ്.
ഒരു മിനിട്ടിനുള്ളില്‍ നാം ഈ കെണിയില്‍ നിന്ന് സ്വതന്ത്രരാവുകയാണ്. ഒന്നും ചോദിച്ചില്ല. നീ ഇപ്പോള്‍ എന്താണെന്നോ, ആരാണെന്നോ ഒന്നും. നീയും എന്നെപ്പറ്റി അറിയാന്‍ ആഗ്രഹം പ്രകടിപ്പിച്ചില്ല. അതിന്റെ ആവശ്യവുമില്ല. നമ്മള്‍ രണ്ടു പഴയ പരിചയക്കാരാണ്. ഏതോ കഷ്ടകാലത്തിനു പരസ്പരം മുന്നിലായ് പെട്ടുപോയ നിസ്സഹായരായ രണ്ടു പരിചയക്കാര്‍.... നമുക്കിടയില്‍ ശത്രുതയില്ലെന്ന്, നാം പരസ്പരം വെറുക്കുന്നില്ലെന്ന് നമ്മെ ബോധ്യപ്പെടുത്താനായി മാത്രം ചില ഫോര്മാലിറ്റികള് ചെയ്തുതീര്ക്കാന് വിധിക്കപ്പെട്ടവര്‍.
നാം രണ്ടു പരിചയക്കാര്‍ മാത്രം.
ബസ് സ്റ്റാന്ഡിലെത്തി.
''അപ്പോള്‍ ശരി, പിന്നെക്കാണാം''
എന്നു പറയാനൊരുങ്ങിയതും, മഴ അലറി പെയ്തുതുടങ്ങിയതും ഒരുമിച്ചായിരുന്നു.
കുട!
പെട്ടെന്നാണു തിരിച്ചറിവുണ്ടായത്.
കുട ഓഫീസില്‍ വെച്ചു മറന്നിരിക്കുന്നു.
എന്റെ മുഖം മാറുന്നത് കണ്ടു നീ ചോദിച്ചു ''എന്തു പറ്റി?''
''കുട..... ഓഫീസില്‍ വെച്ചു മറന്നു..... ശ്ശേ.....''
മഴ കനത്തുവരുന്നു. ആളുകള്‍ തിരക്കിട്ട് സ്റ്റാന്ഡിലേക്കു ഓടിക്കയറുകയാണ്. അനൗണ്സ്മെന്റുകള്, പരസ്യ കോലാഹലങ്ങള്, മഴ, മനുഷ്യര്, ഞാന്, നീ, നമുക്കിടയിലെ അനിശ്ചിതത്വം.....
ഞാന് വാച്ച് നോക്കി. അഞ്ചുമണിയാകുന്നു. അര മണിക്കൂര്‍ കൂടി.
മഴ
ഇതുപോലൊരു തുലാ മഴക്കാലത്താണ് വാക്കുകള്‍ ഒരു ഭാരമായിത്തുടങ്ങിയത്. കഴിഞ്ഞകാലങ്ങള്ക്ക് ബലിയിട്ട്, ഒഴുകുന്ന ഓര്മ്മകളുടെ പുഴയില്‍ മൂന്നുവട്ടം മുങ്ങിനിവര്ന്ന്, ജീവിച്ചിരിക്കവേ മരിച്ചവര്ക്കു ചുടുമണ്ണിലിരുതുള്ളി കണ്ണീരുകൊണ്ടു തര്പ്പണം ചെയ്ത്, ഇരുവഴികളിലായ് നാം നമ്മെത്തിരഞ്ഞ് പിരിഞ്ഞുനടന്നത്.....
ഇതുപോലൊരു മഴക്കാലത്താണ്.....
സമയം അഞ്ച് പത്താകുന്നു.
ഇനി? ഞാന് മനസ്സില് ചോദിക്കുന്നു.
ഇനി? നിന്റെ മനസ്സതേറ്റു ചൊല്ലുന്നു.
അപ്പോള്‍ എന്തുകൊണ്ടങ്ങനെ പറഞ്ഞുവെന്നറിയില്ല. മഴയായതു കൊണ്ടാകാം. തണുപ്പായതു കൊണ്ടാകാം. ഔപചാരികതയ്ക്കു വേണ്ടിയാകാം. എന്തെങ്കിലും പറയണമല്ലോ എന്നോര്ത്താകാം.
ഞാന് പറഞ്ഞു.
''നമുക്കൊരു കാപ്പി കുടിക്കാം....''
നീ അല്പനേരം ചിന്തിച്ചു നിന്നു. നിര്ദ്ദോഷമായ ഒരു ഓഫറാണ്. വണ്ടി വരാന്‍ ഇരുപതു മിനിറ്റ് കൂടിയുണ്ട്. പക്ഷേ ചോദിച്ചത് ഞാനായിപ്പോയി. അതുകൊണ്ട് സ്വീകരിക്കുന്നതെങ്ങനെ....? എന്നാല്‍ സ്വീകരിക്കാതിരിക്കാനും വയ്യ. അങ്ങനെ വന്നാല്, എന്തേ വേണ്ടാത്തത് എന്നൊരു ചോദ്യം വരാം. ഇനി ചോദിച്ചില്ലെങ്കില്‍ കൂടി ഇപ്പോഴും നമുക്കിടയില്‍ എന്തോ ഉണ്ട് എന്നൊരു ധാരണ അതില്‍ വന്നേക്കാം. ഒരു വെറും പരിചയമാണെങ്കില്‍ ഒരു കാപ്പി കുടിക്കാന്‍ മടിക്കുന്നതെന്തിന്? നീ ഇത്രയും ചിന്തിച്ചുവെന്ന് എനിക്കറിയാം. ഒടുവില്‍ നീ പറഞ്ഞു.
ശരി.
അടുത്തുള്ള ഒരു റസ്റ്റോറന്റില്‍ നാം കയറി. ഇതുപോലെ എത്രയോ തവണ ഒരു മേശയ്ക്കിരുവശവും നാമിരുന്നിട്ടുണ്ട്. ബില്‍ കൊണ്ടുവന്ന വെയിറ്ററുടെ കൈയില്‍ പണം കൊടുത്തപ്പോള്‍ ഞാനോര്‍ക്കുകയായിരുന്നു. മുമ്പ് നാമൊരുമിച്ച് ഭക്ഷണം കഴിക്കാനായി പലപ്പോഴും കയറിയ ഹോട്ടലുകള്‍. ആരാണു ബില്ലടച്ചിരുന്നത്? ഞാനോ നീയോ? ഓര്ക്കുന്നില്ല. നിന്റെ പേഴ്സും എന്റെ പോക്കറ്റും നമുക്ക് ഒരേപോലെയായിരുന്നു. ചിലപ്പോഴെല്ലാം പോകാന്‍ നേരത്തു നിന്റെ കയ്യില്‍ ബാക്കിയുള്ള ഏതാനും രൂപാ നീ എന്നെ ഏല്പ്പിച്ചിരുന്നു. വെറുതേ.....
നാമൊരിക്കലും കണക്കു നോക്കിയിരുന്നില്ല. അല്ലേ?
ഓര്മ്മയുണ്ടോ? ഒരിക്കല്‍ കോളജില്‍ വെച്ചു ഞാന് നിന്നോടു പറഞ്ഞു ''ഞാനിന്നലെ നിന്നെ സ്വപ്നം കണ്ടിരുന്നു. നിന്റെ കല്യാണമായിരുന്നു. വെളുത്ത ഷിഫോണ്‍ സാരിയും, ലേസു പിടിപ്പിച്ച നെറ്റും തലയിലണിഞ്ഞ് നീ പള്ളിയില്‍ നിന്നിറങ്ങി വരുന്നത്'' നീ പുഞ്ചിരിക്കുക മാത്രം ചെയ്തു. ''ആരാ കൂടെയുണ്ടായിരുന്നത്?'' നീ ചോദിച്ചു. ഞാനും പുഞ്ചിരിച്ചു. അത് ഞാനല്ലായിരുന്നെങ്കില്‍ ഞാനത് പറയുമെന്ന് നിനക്ക് തോന്നുന്നുണ്ടോ?
നീ.....
നീ എനിക്കാരായിരുന്നു?
''എന്തായിരുന്നു?''
ഞാന് ചോദിച്ചു.
''എന്ത്?''
''അല്ല.... ഇവിടെ, ഇന്ന് വന്നത്?''
''ഓ.... കളക്ടറേറ്റില്‍ പാസ്പോര്‍ട്ട് വേരിഫിക്കേഷന്റെ ചില പേപ്പേര്സ് ശരിയാക്കാനുണ്ടായിരുന്നു''.
നീ ഒരു കവിള് ചായ മൊത്തിക്കുടിച്ചു. പണ്ടത്തെ പോലെ എന്റെ കണ്ണുകളിലേക്ക് നോക്കി. അല്പനേരത്തെ മൗനത്തിനുശേഷം നീ തുടര്ന്നു:
''അടുത്ത മാസം ഞാന് പോവുകയാണ്''.
''അമേരിക്ക?''
നീ തലയാട്ടുന്നു. എനിക്കറിയാമായിരുന്നു. ഞാനൊന്നും പറയുന്നില്ല. ഞാനും ഒരു കവിള് ചായ കുടിക്കുന്നു.
മഴ പെയ്തുകൊണ്ടേയിരിക്കുന്നു.
നമുക്കിടയിലെ മേശയ്ക്ക് എത്രമാത്രം അകലമുണ്ട്?
നമുക്കിടയിലെ ഘടികാരസ്പന്ദനങ്ങള്ക്ക് എത്ര കാലത്തിന്റെ ദൈര്‍ഘ്യമുണ്ട്?
എത്രയോ കാര്യങ്ങള്‍ ചോദിക്കാനുണ്ട്. നീ എന്തിനാണു പോവുന്നത്? ഭര്ത്താവ് അമേരിക്കയിലാണോ? ഇപ്പോള്‍ എവിടെയാണ് താമസം? പഴയ കൂട്ടുകാരെ കാണാറുണ്ടോ? മറ്റു വിശേഷങ്ങള്? നിനക്കും എന്നോട് എന്തെല്ലാമുണ്ട് ചോദിക്കാന്‍.... എന്റെ വിശേഷങ്ങള്? ജോലി? ഞാന് വിവാഹം കഴിച്ചോ? ഇപ്പോഴും കഥെയഴുതാറുണ്ടോ? പഴയ കാമുകിമാരെ ഓര്ക്കാറുണ്ടോ? പഴയ രാഷ്ട്രീയം ഇപ്പോഴുമുണ്ടോ?
അങ്ങനെയങ്ങനെ ഒത്തിരി വിശേഷങ്ങള്‍.... നീ ചോദിക്കാനായി ഞാന് കാത്തിരിക്കുന്നു. ഞാന് ചോദിക്കുവാനായി നീ കാത്തിരിക്കുന്നു.
ഞാന് വാച്ചില്‍ നോക്കി. സമയം അഞ്ചരയാകുന്നു. വല്ലാത്തൊരു പ്രതിസന്ധിയുടെ അവസാന നിമിഷത്തിലേക്കു നാം കടക്കുകയാണ്. പെട്ടെന്ന് അറിയാതെ നീ കാലനക്കവേ, നിന്റെ ചെരുപ്പിന്റെ തുമ്പ് എന്റെ ചെരുപ്പിന്റെ തുമ്പില്‍ തൊടുന്നു. പൊള്ളിയതുപോലെ നാമിരുവരും കാല്വലിക്കുന്നു....
പുറത്ത് മഴ പെയ്തുകൊണ്ടിരിക്കുന്നു. നാമിരിക്കുന്ന മേശയ്ക്കരികിലെ ചില്ലിലൂടെ പുറത്തേക്ക് നോക്കവേ റോഡില്‍ രണ്ടു ചെറിയ കുട്ടികള്, ഒരാണും പെണ്ണും, സ്കൂള്‍ വിട്ടുപോകുന്നതു കാണുന്നു. നനയുന്ന ബാഗും, നനഞ്ഞൊട്ടിയ യൂണിഫോമും രണ്ടു ചെറിയ വര്ണ്ണക്കുടകളും....
അവരൊന്നും കാണുന്നില്ല. ചുറ്റും നടക്കുന്നതൊന്നും അവര്‍ അറിയുന്നില്ല. അവര്‍ വെറുതെ നടക്കുകയാണ്, തമ്മില്‍ പറഞ്ഞുകൊണ്ട്, മഴയും കാറ്റുമറിഞ്ഞുകൊണ്ട്, സ്വയമറിഞ്ഞുകൊണ്ട്....
നമുക്കിടയില്‍ ഇതേപോലെ എന്തോ ഒന്ന് ഉണ്ടായിരുന്നില്ലേ? ബാല്യത്തിന്റെ സ്വാതന്ത്ര്യങ്ങളെ തിരികെക്കിട്ടിയ അപ്പൂപ്പന്താടികളാക്കി നാം നമ്മെത്തന്നെ പറത്തിവിട്ട ഒരു കാലം?
എന്തായിരുന്നു അതിന്റെ പേര്?
എന്റെ ചോദ്യം നിനക്കു മനസ്സിലായിട്ടുണ്ടാകണം. 'ഐ വാണ്ട് ടു സേ ഇറ്റ്, ബട്ട് ഐ കനോട്ട് സേ ഇറ്റ്' (എനിക്കതു പറയണമെന്നുണ്ട്, പക്ഷേ എനിക്കതിനു കഴിയില്ല) എന്ന് നിന്റെ മനസ്സു മന്ത്രിക്കുന്നുണ്ടാവും... നീ പറഞ്ഞു.
''ബസ് വരാറാകുന്നു''.
അതേ....
ബസ് വരാറാകുന്നു.
ആള്ക്കൂട്ടം ബഹളം തുടരുന്നു. മഴ തുടരുന്നു. ഞാന് നിന്നെയും, നീ എന്നെയും നോക്കി പുഞ്ചിരിക്കുന്നു. ഞാന് നിന്നെ പ്രണയിച്ചിരുന്നില്ല എന്ന് എനിക്ക് നിന്നോട് പറയണം എന്നുണ്ട്. നിനക്കും എന്നോടും അതു തന്നെയാവും പറയാനുള്ളത്.
നമ്മള്‍ പരസ്പരം നോക്കി പുഞ്ചിരിച്ചുകൊണ്ടു നില്ക്കുന്നു. പുതിയ തിരിച്ചറിവുകള്‍.
നമുക്ക് എന്തൊക്കെയോ പറയണമെന്നുണ്ടെങ്കിലും പറയാനാവാതെ നടന്ന ഒരു കാലമുണ്ടായിരുന്നല്ലോ?
എന്തായിരുന്നു അതിന്റെ പേര്?
അതേ, ശരിയാണ് പറഞ്ഞുകൊള്ളൂ....
'പ്രണയകാലം' തന്നെ!!!