ഈ എട്ടു വര്‍ഷങ്ങള്‍ക്കിടയില്‍ പല പ്രാവശ്യം
ഞാന്‍ ഇവിടെ ഇങ്ങനെ വന്നു നിന്നിട്ടുണ്ട്.
കാരണം എന്റെ പ്രണയകഥ തുടങ്ങുന്നത് ഇവിടെ നിന്നാണ്...
നിങ്ങള്‍ വിചാരിക്കുന്നത് പോലെ ഇത് ഈ പ്രണയ കഥയുടെ ആരംഭം അല്ല, ക്ലൈമാക്സ് ആണ്. ഇതിലെ നായകന് ഞാനും അല്ല. പക്ഷെ ഇത് നിങ്ങളുടെ ഓരോരുത്തരുടെയും കഥയാണ്, .
ഇന്നലെ കണ്ടുവോ നിന്നെ, നീ എന്നെയും
എന്നെ പിരിഞ്ഞവര്‍, കാലം മറന്നവര്‍....
കണ്ടറിഞ്ഞില്ലെങ്കിലും, കണ്ടറിയാത്തവര്
വല്ലാതടുത്തിട്ടും, വല്ലാതകന്നവര്‍..
ഇതൊരു പ്രണയമാണോ എന്നൊന്നും എനിക്കറിയില്ല !!!!! പക്ഷെ ഒന്നെനിക്കറിയാം മുഖത്തേക്ക് വീണു കിടക്കുന്ന മുടിയുള്ള അവളെ ഒരുപാടിഷ്ടപെടുന്നു ഞാൻ... ഒരു പാട് വട്ടം അവളുടെ പിന്നില്‍ ഉള്ള ബെഞ്ചില്‍ ഇരുന്നു ആ മുടി വെട്ടിയിട്ടുണ്ട്.. ഓര്‍മ്മക്കായി ഇന്നും ചില മുടി ചുരുളുകള്‍ ഞാന്‍ പേര്‍സില്‍ സൂക്ഷിക്കുന്നു...
അവളെ ആദ്യമായി കണ്ട നിമിഷത്തെ ഓര്‍ത്തു പോവുകയാണ്.. ഒരു മഴക്കാലത്തായിരുന്നു ഞാന്‍ നിന്നെ ആദ്യമായി കണ്ടത്.മഴച്ചാറ്റലേറ്റു കാറ്റത്ത് ഉലയുന്ന മുടിഴിയകള്‍ മാടിയൊതുക്കി നടന്നകലുന്ന നിന്നെയും നോക്കി ഒരുപാട് നേരം ഞാന്‍ അവിടെ തന്നെ നിന്നു.. ഒരേ ക്ലാസ്സില്‍ പഠിക്കുന്നവര്‍ ആയിട്ടും നമ്മള് അതുവരേ പരസ്പരം ശ്രദ്ധിച്ചില്ലായിരുന്നു... ആദ്യകാഴ്ചയില്‍ തന്നെ നീ എന്റെ മനസ്സിനെ വീഴ്ത്തിക്കളഞ്ഞു.
ആ കണ്ണുകളിലെ തിളക്കമായിരുന്നു എന്നെ നിന്നിലേക്ക് ആകര്‍ഷിച്ചത്. പലപ്പോഴും നീ അറിയാതെ ഞാന്‍ നിന്നെ തന്നെ നോക്കി നിന്നു. അപ്പോഴേക്കും എന്റെ മനസ്സില്‍ ഞാന്‍ പോലുമറിയാതെ നീ കൂടൊരുക്കുവാന്‍ തുടങ്ങിയിരുന്നു. ഒരേ ക്ലാസ്സില്‍ ആയിരുന്നിട്ടും, തൊട്ടടുത്തിരുന്നു സംസാരിച്ചിട്ടും ഉള്ളിലെ ഇഷ്ടം മാത്രം നിന്നോടു തുറന്നു പറയാന്‍ എനിക്കായില്ല.
പലപ്പോഴും ഇടവും വലവും ഓരോ കൂട്ടുകാരികള്‍ക്കൊപ്പം മാത്രമേ സ്കൂളില്‍ ഞാന്‍ അവളെ കണ്ടിരുന്നുള്ളൂ.. കണ്ടപ്പോഴൊക്കെ കാഴ്ചയില്‍ നിന്ന് മറയുന്നത് വരെ നോക്കി നില്ക്കാറുണ്ടായിരുന്നു. ഒരു പക്ഷെ അല്ല.. അത് അവള്‍ക്കും അറിയാമായിരുന്നു. അല്ലെങ്കില്‍ പിന്നെ എന്തിനാണ് അവള് തിരിഞ്ഞു നോക്കിയിരുന്നത്?
തീരെ വയ്യാതായപ്പോള്‍, ഒരു വൈകുന്നേരം, മഴ പെയ്തൊഴിഞ്ഞ നേരം, എം. ടി. സെമിനാരിക്ക് മുന്പിലെ വാകമരച്ചോട്ടില്‍ വച്ച് ഉള്ളിലെ ഇഷ്ടം അവളോട് തുറന്നു പറഞ്ഞു. യാതൊരു മുഖവരയുമില്ലാതെ..
"എനിക്ക് ഒരു കാര്യം പറയാന്‍ ഉണ്ടായിരുന്നു."
"എന്താ പറഞ്ഞോളൂ"
"അത് പിന്നെ എനിക്ക് കുട്ടിയെ ഒരുപാട്......."
"എനിക്കും.."
തൂവെള്ള ഗൌണ്‍ അണിഞ്ഞു, കുതിരപ്പുറത്തു രാജകുമാരനെ തേടി അവള് വരുന്നത് കണ്ടു സ്വയം ആനന്ദിച്ചു... ഒരു കുടക്കീഴില് കരങ്ങള്‍ ചേര്‍ത്ത് പിടിച്ച് മഴയത്തൂടെ നടന്നു പോകുന്നതും വിറയാര്‍ന്ന കൈകളോടെ അവളുടെ കഴുത്തില്‍ ആകാശത്തെ നക്ഷത്രങ്ങളെ സാക്ഷി നിര്‍ത്തി മിന്നു ചാര്‍ത്തുന്നതും....
സ്വപ്നങ്ങളില്‍ എന്നും അവള് മാത്രമായിരുന്നു.
ലോഗോസ് ജങ്ക്ഷനില്‍ ബസ് കയറാന്‍ നില്ക്കുമ്പോള് അവളിൽ മിന്നി മറയുന്ന ചില ഭാവങ്ങൾ അല്ലാതെ കൂടുതലായൊന്നും ഓളെ പറ്റി എനിക്കറിയില്ല.... അതിൽ ഞാൻ കാണുന്ന ചില കുസൃതി തരങ്ങളാണെന്നെ അവളിലേക്ക് അന്ന് എന്നെ വലിച്ചടിപ്പിച്ചതെന്നു പറയാതിരിക്കാനും വയ്യാ....
സ്കൂള്‍ ജീവിതം ഒത്തിരി ഇഷ്ട്ടപെട്ട ജീവിതം ആയിരുന്നു..! കൂട്ടുകാര്‍, എന്തിനും ഏതിനും കൂടെ നില്ക്കുന്നവര്, കരയുമ്പോള്‍ കൂടെ കരയുകയും, ചിരിക്കുമ്പോള്‍ കൂടെ ചിരിക്കുകയും ചെയ്യുന്നവര്‍...! അവരുടെ ലോകം ഞാന്‍ ഇഷ്ട്ടപെടാന്‍ തുടങ്ങിയപ്പോഴേക്കും പിരിയാന്‍ സമയം ആയിരുന്നു..!!!
ഞാന്‍ പറയാതെ, ഞാന്‍ അറിയാതെ, എന്നിലേക്ക് വന്ന നീ, അതെ പോലെ തന്നെ ഞാന്‍ പോലും അറിയാതെ എന്നെ വിട്ടു മാഞ്ഞു പോകുമ്പോഴും ഒരു ദുസ്വപ്നത്തില് എന്നവണ്ണം ഞാന്‍ നിന്നെ തിരയുന്നുണ്ടായിരുന്നു....!!! വഴികളില്‍ കണ്ട പലരിലും നിന്നെ അന്വേഷിച്ചു, പക്ഷെ നിന്നെ കാണാന്‍ കഴിഞ്ഞില്ല...!!! കേട്ട് പോകുന്ന സ്വരങ്ങളില്‍ നിന്നെ അറിയാന്‍ ശ്രമിച്ചു, അതും നിന്റെ സ്വരം ആയിരുന്നില്ല....!!! കണ്ടു മറന്ന മുഖങ്ങളില്‍ നിന്റെ മുഖം ഞാന്‍ തിരഞ്ഞു, നീ മാത്രം ഇല്ലായിരുന്നു അവരുടെ കൂട്ടത്തില്‍...!!!
ഞാന്‍ നിന്നെ കണ്ടനാളില്, ഞാന്‍ നിന്റെ ശബ്ദം കേട്ട നാളുകളില്‍, എനിക്ക് നിന്നോട് പ്രണയം ആയിരുന്നോ എന്ന് എനിക്കറിയില്ലായിരുന്നു. കൂട്ടുകാര്‍ പറഞ്ഞു ഇത് പ്രണയം എന്ന്, ഒരു പക്ഷെ അവരെക്കാള്‍ ഏറെ നിന്നോട് ഞാന്‍ മൂകമായി സംസാരിച്ചു, നിന്നോട് മിണ്ടുവാന്‍ ഇഷ്ട്ടപെട്ടു...!!!
നഷ്ട്ടപെട്ടു പോയ ഒന്നിനെയും കുറിച്ച് വിലപിക്കെരുതെന്നു പറയുമ്പോഴും, എന്റെ ഉള്ളില്‍ ഞാന്‍ നിന്നെ തിരയുകയായിരുന്നു, എന്റെ കണ്ണുകള്‍ നിന്നെ അന്വേക്ഷിക്കുകയായിരുന്നു...!!! ഒരിക്കല്‍ നിന്നെ പരിചയപ്പെടുമ്പോള്‍ പിരിയേണ്ടി വരുമെന്ന് അറിയാമായിരുന്നു. എല്ലാം അറിയാമായിരുന്നിട്ടും നിന്നെ അഗാധമായി സ്നേഹിച്ചു പോയത് എന്തിനാണ്?
വര്‍ഷങ്ങള്‍ക്കു ശേഷം ഒരു പക്ഷെ അവളുടെ പേര് പോലും ഞാന്‍ മറന്നു തുടങ്ങിയിരുന്നു... ഒരു സുപ്രഭാതത്തില്‍ അവളുടെ പേരിലെ ഒരു ഫേസ്ബുക്ക് പ്രൊഫൈല്‍, അവളെ ഫ്രണ്ട് ആയി ആഡ് ചെയ്യാന്‍ ജോഷി സജെസ്റ്റ് ചെയ്തിരിക്കുന്നു... ആദ്യം ഇത് ഇവരാരോ എനിക്കിട്ടു പണിയാന്‍ ഉണ്ടാക്കിയ ഒരു വ്യാജ പ്രൊഫൈല്‍ ആണെന്നാണ് ഞാന്‍ കരുതിയത്. പ്രത്യേകിച്ചും ഋഷി നരേന്ദ്രനെ മ്യുച്ചല്‍ ഫ്രണ്ട് ആയി കണ്ടപ്പോള്‍...
ഓര്‍മ്മയുടെ മഞ്ഞുപാളികള്‍ക്കിടയില്‍നിന്ന് തെല്ലൊന്നു മാറി ആര്‍ദ്രതയോടെ നിലാവിന്റെ സൗന്ദര്യം അരിച്ചിറങ്ങുകയാണ്.... പത്തു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു ജൂലൈ മാസം ഒറ്റയ്ക്ക് ഈ കലാലയത്തിലേക്ക് കടന്നു വന്നതിനു പതിയെ വര്‍ണങ്ങളേറുന്നു ... എത്ര മാത്രം സുന്ദരമാണ് ഈ കലാലയം എന്ന് അറിയാതെ അറിയുകയായിരുന്നു... ഈ സ്കൂളൂമായി വല്ലാത്തൊരു ആത്മബന്ധമുള്ളതായി തിരിച്ചറിയുന്നത് ഇപ്പോളാണല്ലോ...
ഈ കെട്ടിടങ്ങള്‍ക്ക് ഒരുപാട് പറയാനുണ്ടാവും... വര്‍ഷങ്ങള്‍ക്കു മുന്‍പ് ജീവിച്ചിരിക്കുന്നവരെ കുറിച്ച്, ജന്മം നല്‍കിയവരെ കുറിച്ച്, ശാശ്വത യൗവ്വനം സമ്മാനിക്കുന്ന വിദ്യാര്ത്ഥികളെക്കുറിച്ചു.... അനേക വസന്തങ്ങള്‍ പൂവും തളിരുമിട്ട ഈ പരിസര വായുവില്‍ എത്ര പേരുടെ പൊട്ടിച്ചിരികളും, സ്വപ്നങ്ങളും, നിശ്വാസങ്ങളും അലിഞ്ഞു ചേര്‍ന്നിട്ടുണ്ട്.
യാത്രയാകുന്നു സഖീ, നിന്നെ ഞാന്‍ മൌനത്തിന്റെ
നേര്‍ത്ത പട്ടുനൂല്‍ പൊട്ടിച്ചിതറും പദങ്ങളാല്‍...
വാക്കിനു വിലപിടിപ്പേറുമീസ്സന്ദര്‍ഭത്തില്‍
ഓര്‍ക്കുക, വല്ലപ്പോഴും... എന്നലാതെന്തോതും ഞാന്‍...
കയ്യിലിരുന്ന ഫോണിലെ ഫേസ്ബുക്ക് അപ്ലിക്കേഷനില്‍ ‘Add Friend’, ‘Ignore’ എന്ന ബട്ടണുകള്‍ എന്റെ വിരല്‍ സ്പര്‍ശത്തിനായി കാത്തിരുന്നു... ഈ എട്ടു വര്‍ഷങ്ങള്‍ക്കിടയില്‍ പല പ്രാവശ്യം ഞാന്‍ ഇവിടെ ഇങ്ങനെ വന്നു നിന്നിട്ടുണ്ട്. കാരണം എന്റെ പ്രണയകഥ തുടങ്ങുന്നത് ഇവിടെ നിന്നാണ്...
