2012, ഫെബ്രുവരി 3, വെള്ളിയാഴ്‌ച

SMS (എസ്. എം. എസ്.)വാട്ടര്‍ഫാള്‍ ലൈഫ്സൈക്കിള്‍ മോഡലിന്റെ വിവിധ തലങ്ങള്‍ നോട്ടുകളായി അവന്റെ കണ്ണുകള്‍ക്ക്‌ താരാട്ട് പാടി കൊണ്ടിരുന്നു. പെട്ടെന്ന് ബെഞ്ചിന് ഒരു വിറയല്‍ - 1 Message Recieved. അവന്‍റെ കണ്ണുകള്‍ L.C.D ഡിസ്പ്ലേ പോലെ തിളങ്ങി. ടീച്ചര്‍ ഇപ്പോഴും നോട്ടിന്റെ ലോകത്തു തന്നെ.

“മഴ ഒരു കാത്തിരിപ്പാണ്.. ഏകാന്തതയുടെ വഴികളില്‍ മനസ്സിലെ സ്നേഹം ഒരാള്‍ക്കായി മാത്രം കാത്തു വെച്ച പ്രണയ സന്ദേശം പോലൊരു മഴതുള്ളിക്കായുള്ള കാത്തിരിപ്പ്.. ഏതോ നിലാവില്‍, നനുത്ത കാറ്റില്‍ വരുമെന്ന് എന്നുള്ളം മന്ത്രിക്കുമ്പോള്‍, നിധി പോലെന്‍ ഉള്ളില്‍ കാത്ത സ്നേഹം ഒരായുഷ്കാലം മുഴുവന്‍ ഞാന്‍ കാത്തു വെയ്ക്കും... എന്‍ സ്നേഹം സ്വീകരിക്കുവാന്‍, എന്‍ കൈകള്‍ക്ക് താങ്ങാകുവാന്‍, തുളുമ്പുമെന്‍ മിഴികളില്‍ മഴവില്ല് വിരിയിക്കാന്‍,.. വരുമോ?”

വരണമെന്ന് ആഗ്രഹമില്ലാഞ്ഞിട്ടല്ല എന്‍റെ അഞ്ജു കൊച്ചേ.. പക്ഷേ H.O.D ജ്ഞാനാംബിക മിസ്സ്‌ ആണ് ക്ലാസ്സ്‌ എടുക്കുന്നത്. ഞാന്‍ ഇവിടെ നിന്ന് എങ്ങനെ ഇറങ്ങി വരും?

“Da plz enne classil ninnu onnu vilichirakkeda.. athyavashamaanu.. plz da..” യൂണിയന്‍ മെംബേര്‍സിനും, പാര്‍ട്ടി ഭേദമേന്യേ എല്ലാ കക്ഷി നേതാക്കന്മാര്‍ക്കും, പുറത്തു വെയിറ്റിംഗ് ഷെഡില്‍ ഡ്യൂട്ടിയില്‍ കാണുമെന്ന് ഉറപ്പുള്ള സകല കൂട്ടുകാര്‍ക്കും മെസ്സേജ്‌ പാഞ്ഞത് നൊടിനേരം കൊണ്ടാണ്. പക്ഷെ ഒറ്റ ഒരുത്തനും വിളിച്ചിറക്കാന്‍ വന്നില്ല...!! ഇനി എന്തെങ്കിലും ആവശ്യം പറഞ്ഞു വരട്ടെ, അപ്പോള്‍ കാണിച്ചു കൊടുക്കാം, കാലമാടന്മാര്‍... അല്ലെങ്കിലും ആവശ്യം ഉള്ളപ്പോള്‍ ഒരുത്തനേം കാണില്ല സഹായത്തിനു...

ഇനി രക്ഷ ഫോര്‍വേഡ് മാത്രം. നേരെ എയര്‍ടെല്‍ സിം എടുത്തു ഫോണില്‍ ഇട്ടു. മൂന്ന് പേര്‍ക്കും മൂന്നു നമ്പര്‍ ആണ് കൊടുത്തിട്ടുള്ളത്. എത്ര നാള്‍ പിന്നാലെ നടന്നിട്ടാണ് മൂന്നെണ്ണത്തെ വീഴ്ത്തിയത് എന്ന് ദൈവം തമ്പുരാനെ അറിയൂ.. ദൈവം തമ്പുരാനെ പറ്റി പറഞ്ഞപ്പോഴാണ് മുത്തശ്ശിയുടെ ഡയലോഗ് ഓര്‍മ്മ വന്നത്. “ദൈവം തമ്പുരാനെ, ഈ കുന്ത്രാണ്ടം കണ്ടു പിടിച്ചവന്റെ തലയില്‍ ഇടിത്തീ വീഴണേ എന്ന്..” മുത്തശ്ശി അങ്ങനെ പലതും പറയും.. മൊബൈല്‍ ഇല്ലാതെ പ്രണയിക്കുന്നതിന്റെ ബുദ്ധിമുട്ട് ഇവര്‍ക്കൊന്നും പറഞ്ഞാല്‍ മനസ്സിലാവില്ല... കഴിഞ്ഞ ആഴ്ച കൂടി അഞ്ജു പറയുകയുണ്ടായി.. നിന്റെ മെസ്സേജ് വായിച്ചാണ് ഞാന്‍ നിന്നെ പ്രണയിക്കാന്‍ തുടങ്ങിയതെന്ന്...

മെസ്സേജ് സൃഷ്ടിതാക്കളെ, നമോവാകം..!! ഡ്രാഫ്റ്റ്‌ ഫോള്‍ഡറില്‍ നിന്നും ആ മെസ്സേജ് തപ്പിയെടുത്തു.. അവളുടെ പ്രിയ എസ്.എം.എസ്... എത്ര വായിച്ചാലും മതി വരാത്ത ആ എസ്.എം.എസ്...

“ഒരു നിമിഷം മതി ഒരുപാട് ഇഷ്ടം തോന്നാന്‍, ഒരു മിനിറ്റ് മതി പിണങ്ങാന്‍, പിണക്കം മാറാന്‍ കുറച്ചു ദിവസം മതി, പക്ഷെ ഒരു ജന്മം മുഴുവന്‍ വേണം ഇഷ്ടപെട്ട ആളെ മറക്കാന്‍...!”

സെണ്ട് ചെയ്യുവാന്‍ കോണ്‍ടാക്റ്റ് ലിസ്റ്റില്‍ സെര്‍ച്ച്‌ ചെയ്തു തുടങ്ങിയപ്പോള്‍ തന്നെ മനസ്സറിഞ്ഞതു പോലെ രമ്യയുടെ പേര് മുന്നില്‍.. Message sent, ഒപ്പം ഒരു ശരി അടയാളവും.. “What is meant by Cocomo Model? നം. 17 പറയൂ..” ദൈവമേ.... പൊക്കി... അറിയില്ല മിസ്സ്‌... ‘അവിടെ എന്തായിരുന്നു പരിപാടി?’ ‘ഏയ്‌, ഒന്നുമില്ല മിസ്സ്‌.’ (ദൈവമേ, ക്ലാസ്സില്‍ നിന്ന് ഇറക്കി വിടണേ.. പ്ലീസ് ദൈവമേ, മിസ്സിന് നല്ല ബുദ്ധി തോന്നണേ....) സിറ്റ് ഡൌണ്‍, നെക്സ്റ്റ് നം. 26 പറയൂ.. പ്രതീക്ഷകളുടെ നെറുകില്‍ ആരോ ചുറ്റിക കൊണ്ട് ആഞ്ഞടിച്ചു... വെറുതെ ആശിച്ചു, ഒരു പ്രാര്‍ത്ഥന വെയ്സ്റ്റ്‌ ആയി, അതോ മിസ്സ്‌ എന്റെ മനസ്സ് വായിച്ചോ??

സീറ്റില്‍ ഇരുന്നപ്പോളാണ്‌ കണ്ടത്‌.. രമ്യയുടെ മറുപടി വന്നിരിക്കുന്നു. ഹാവൂ, ഇത് അഞ്ജുവിന് ഫോര്‍വേഡ് ചെയ്യാം. അതിനു മുന്‍പ് ഞാന്‍ ആ മെസ്സേജ് ഒന്ന് വായിച്ചോട്ടെ..

“Share a thought of love with me, dream a life of togetherness with me, keep the twinkle in your eyes which made me mad, keep away those tears which made me sad, be my partner in the shore of lonliness, give me a new definition of happiness, hold my hand during the journey of life with our hands together... Every sorry will survive... hurt me, tear me, make me cry, but in the end give me a shoulder on which I can relax. That’s real love...!!!”

നല്ല മെസ്സേജ്, ഛെ.. ഫസ്റ്റ് ഇയറിലെ ഇംഗ്ലീഷ് സപ്ലി ഇത് വരെ എഴുതിയെടുത്തിട്ടില്ല.. അപ്പോഴാ ഞാന്‍ അവള്‍ക്കു ഈ ഇംഗ്ലീഷ് മെസ്സേജ് അയക്കാന്‍ പോകുന്നത്... ഇതിന്റെ അര്‍ഥം എന്താണെന്നു അവള്‍ ചോദിച്ചാല്‍ പണി കിട്ടീല്ലേ കുട്ടാ... 

ടീനയുടെ മുഖം മനസ്സില്‍ തെളിഞ്ഞു. പിന്നെ എല്ലാം മിന്നല്‍ വേഗത്തില്‍ ആയിരുന്നു... ഫോണ്‍ സ്വിച്ച് ഓഫ്‌ ആക്കിയതും എയര്‍ടെല്‍ സിം ഊരി വോഡഫോണ്‍ സിം ഇട്ടതും, ഇപ്പോള്‍ വന്ന മെസ്സേജ് ടീനയ്ക്ക് ഫോര്‍വേഡ് ചെയ്തതും.... അത്രയും പോലും സമയം എടുക്കാതെ മറുപടി വന്നു.

ചില ഇഷ്ടങ്ങള്‍ അങ്ങനെയാണ്.. അറിയാതെ, അറിയാതെ നമ്മള്‍ ഇഷ്ടപ്പെട്ടു പോകും... ഒന്ന് കാണാന്‍, ഒപ്പം നടക്കാന്‍, സംസാരിക്കാന്‍, ഒക്കെ വല്ലാതെ കൊതിക്കും... എന്നും എന്റേത് മാത്രം എന്ന് വെറുതെ കരുതും. ഒടുവില്‍ എല്ലാം വെറുതെ ആയിരുന്നുവെന്ന് തിരിച്ചറിയുമ്പോള്‍... ഉള്ളിന്റെയുള്ളില്‍ എവിടെയെങ്കിലും ആ ഇഷ്ടത്തെ നമ്മള്‍ കുഴിച്ചു മൂടും.. പിന്നീട് എപ്പോഴെങ്കിലുമൊക്കെ, രണ്ടു തുള്ളി കണ്ണീരിന്റെ നനവോടെ ആ ഇഷ്ടത്തെ നമ്മള്‍ ഓര്‍ക്കും... അപ്പോഴും ഹൃദയം വല്ലാതെ കൊതിക്കുന്നുണ്ടാവും...”

ഇതാണളിയാ എസ്.എം.എസ്... ഫോര്‍വേഡ് അഡ്രസ്സില്‍ അഞ്ജുവിന്റെ നമ്പര്‍ മിന്നി മറഞ്ഞു. കാത്തിരിപ്പിന്റെ സെക്കന്ഡുകള്‍.. ഹൃദയത്തിന്റെ വൈബ്രേഷന്‍ കൂടുന്നു. എന്താവും അവളുടെ മറുപടി??? ബെഞ്ചിന് വീണ്ടും വിറയല്‍.. പ്രതീക്ഷയോടെ ഫോണ്‍ കൈകളില്‍.. “1 Missed Call ” ഹോ, ഇതാ മിസ്ഡ്‌ കോള്‍ അനുവിന്റെ പരിപാടി ആണ്. ക്ലാസ്സില്‍ ശ്രദ്ധിക്കാതെ ഇരുന്നു ഞാന്‍ മെസ്സേജ് അയക്കുന്നതിനുള്ള താക്കീത്...

മൌനമായ സന്ദേശം ഉള്‍കൊള്ളുന്നതാണ് ഓരോ മിസ്ഡ്‌ കോളും.. ടെലിഫോണ്‍ കണ്ടു പിടിച്ച അലക്സാണ്ടര്‍ ഗ്രഹം ബെല്‍ പറഞ്ഞ വാചകം ആയിരിക്കും ഇതെന്നാവും നിങ്ങള്‍ ചിന്തിക്കുന്നത്. അതെന്താ, എനിക്കും ഇങ്ങനെ ഒക്കെ പറഞ്ഞു കൂടെന്നുണ്ടോ? ചിന്തിച്ചു ചിന്തിച്ചു കാട് കേറുന്നതിനു മുന്‍പ് അടുത്ത വൈബ്രേഷന്‍.. 1 Message Recieved.

“കഴിഞ്ഞു പോയ നല്ല നാളുകളുടെ നനുത്ത ഓര്‍മ്മകള്‍ പേരറിയാത്ത ഏതോ വിങ്ങലായി മനസ്സില്‍ നിറയുമ്പോഴും, അടുത്തറിഞ്ഞ സ്നേഹമുഖങ്ങള്‍ കോളുകളുടെയും, മെസ്സേജുകളുടെയും നീണ്ട ലിസ്റ്റില്‍ എന്റെ പേര് കണ്ടില്ലെന്നു വരും. പക്ഷെ പണ്ടെങ്ങോ സേവ് ചെയ്ത നമ്പര്‍ പോലെ മനസ്സില്‍ എന്നും മായാതെ കിടപ്പുണ്ടാകും... മറക്കാനാവില്ലെടാ നിന്നെ ഒരിക്കെലും... സ്നേഹപൂര്‍വ്വം അഞ്ജു.”
ചെവിയില്‍ ഒരു വിരല്‍ പതിഞ്ഞതറിഞ്ഞാണ് അവന്‍ തല പൊക്കിയത്. “ഫോണ്‍ ഇവിടെ തരൂ..” എച്ച്. ഓ. ഡി ജ്ഞാനാംബിക മിസ്സാണ്. “മിസ്സേ... വിളിക്കാനാണേല്‍ ഇതില്‍ ബാലന്‍സ് ഇല്ല.. പിന്നെ 2000 എസ്.എം.എസ്. ഫ്രീ ഉണ്ട്. ടീച്ചര്‍ വേണമെങ്കില്‍ മെസ്സേജ് അയച്ചോ..” ക്ലാസ്സ്‌ മുഴുവന്‍ പൊട്ടിച്ചിരിയില്‍ അമര്‍ന്നു. അതിനിടയില്‍ അവന്‍ മെമ്മറി കാര്‍ഡ്‌ ഊരി മാറ്റിയിരുന്നു. കര്‍ത്താവെ, അതെങ്ങാനും മിസ്സിന്റെ കൈയില്‍ പെട്ടിരുന്നേല്‍....

ഇതേ സമയം അവന്‍ അയച്ച ‘ചില ഇഷ്ടങ്ങള്‍ അങ്ങനെയാണ്...’ എന്നാ മെസ്സേജ് മനുവിന് ഫോര്‍വേഡ് ചെയ്യുന്ന തിരക്കില്‍ ആയിരുന്നു അഞ്ജു..