2009, ജൂലൈ 23, വ്യാഴാഴ്‌ച

ഉണ്ണിമായ : നഷ്ടമായ വര്‍ഷ സൗഹൃദത്തിന്റെ ഓര്‍മ്മചിത്രം

[nAshtamaya+vaRsha+soUHrudathintE+orMaChitrAm.....jpg]
മയില്‍പീലി തുണ്ടുകള്‍ മാനം കാണാതെ, ആത്മാര്‍തമായ പ്രാര്‍ത്ഥനയോടെ പുസ്തക താളുകള്കിടയില്‍ ഒളിപ്പിച്ചു വെച്ചു, മറക്കാതെ കാലത്ത് ഉണര്ന്നാലുടന്‍ തന്നെ ഓടിയെത്തി പെരുകിയോ എന്ന് നോക്കുന്ന ആകാംഷ നിറഞ്ഞ കുട്ടികാലം.... ചങ്ങാതിമാരുമായ്‌ ഒത്തൊരുമിച്ചു ചക്കരമാവിന്‍റെ ചുവട്ടില്‍ കളിയും ചിരിയുമായ്, അണ്ണാരകണ്ണനും കാറ്റും തട്ടിയെടുക്കുന്ന മാമ്പഴത്തിനോടി വീണു മുട്ട് പൊട്ടിയും , അടര്‍ന്നു വീണ കണ്ണുനീര്‍ തുള്ളികള്‍ പുറം കൈ കൊണ്ടു തുടച്ചു തേന്‍ ഊറുന്ന മാമ്പഴം കടിച്ചീമ്പി തിന്ന മാമ്പഴകാലം......

ഓര്‍മ്മകള്‍ ഒരു വൃശികകാറ്റു പോലെ എന്നെ തഴുകുന്ന ഈ ശീതമായ സുഖത്തില്‍ മുങ്ങുമ്പോള്‍ ഇന്നെനിക്കു നിനക്കായ്‌ തരുവാന്‍ ഉള്ളത്‌ എന്‍റെ കണ്ണില്‍ നിന്നും പൊഴിയുന്ന ഈ കണ്ണീരും ഒരു പിടി ചെമ്പനീര്പൂക്കളും മാത്രം.... ഇനിയും മരിച്ചിട്ടില്ലാത്ത ആഗ്രഹങ്ങളും മനസ്സില്‍ ഒളിപ്പിച്ചു വെച്ച ശേഷിച്ച അല്പം പ്രതീക്ഷകളുടെ പൂമൊട്ടുകളും പേറി ഒരു മടക്കയാത്ര... മനസ്സിന്‍റെ വാതിലുകള്‍ മലര്‍ക്കെ തുറന്നിടാം... നിനക്കായ്.... നിനക്കായ് മാത്രം...

ഉണ്ണിമായ എന്‍റെ കളി കൂട്ടുകാരി ആയിരുന്നു. ഞങ്ങളുടെ സ്കൂളില്‍ ട്രാന്‍സ്ഫര്‍ ആയ വന്ന അരുന്ധതി ടീച്ചറിന്റെ മൂത്ത മകള്‍. യു. കെ. ജി. വിദ്യാര്‍ത്ഥിനി ആയ 3 വയസ്സുകാരി ഹരിപ്രിയയുടെ ചേച്ചി. അയല്‍ക്കാര്‍ ആയിരുന്നത്‌ കൊണ്ടോ, എന്നും ഒരുമിച്ചു സ്കൂളില്‍ പോയിരുന്നത് കൊണ്ടോ ഞങ്ങള്‍ വളരെ പെട്ടന്ന് തന്നെ കൂട്ടുകാര്‍ ആയി. ഞാന്‍, ശ്യാം, കിരണ്‍, സൂര്യ, ഗൗരി; ഒപ്പം ഉണ്ണിമായ.....

കളിചിരി തമാശകളുംകുസൃതികളുംചില്ലറ അടിപിടികളുംസൌന്ദര്യ പിണക്കങ്ങളുമായ്‌ ദിനങ്ങള്‍ കൊഴിഞ്ഞു പോയി... ഓര്‍മയില്‍ നിന്നും മായാതെ ആ നല്ല ദിനങ്ങള്‍...

ആകാശമേഘങ്ങള്‍ മഴ വര്‍ഷിച്ച ഒരു 4 മണി നേരത്ത് കുടയെടുക്കാന്‍ മറന്ന കുട്ടികള്‍ക്കിടയില്‍ അവള്‍ നിന്നതും, ബാഗിനുള്ളില്‍ അമ്മ കരുതി വെച്ച കുട ഞാന്‍ നിവര്‍ത്തിയപ്പോള്‍ ഓടി വന്നു അതില്‍ കയറിയതും... പിന്നെ ചെളി തെറിപ്പിക്കാതെകാല് തെറ്റാതെ ഞങ്ങള്‍ 2 പേരും വീട്ടിലേക്ക്‌ നടന്നതും... അങ്ങനെ എത്രയെത്ര നല്ല ഓര്‍മ്മകള്‍.....

അങ്ങനെ ഒരു വര്‍ഷം കടന്നു പോയി.. അടുത്ത ജൂണ്‍ 4-നു സ്കൂള്‍ തുറന്നു. ഞാന്‍ 2-ലേക്കും ഉണ്ണിമായ 1-ലേക്കും ജയിച്ചു. എന്തോ നിസ്സാര കാര്യത്തിന്നു ഞാനും ഉണ്ണിമായയും അന്ന് രാവിലെ പിണങ്ങി. " മായകുട്ടിയോട് ഞാന്‍ ഇനി മിണ്ടൂല.." ഞാന്‍ കൂട്ട് വെട്ടി മുഖം വീര്‍പ്പിച്ചു നടന്നു.... " ഡാ കണ്ണാ, നീ എന്നോട്‌ പിണങ്ങല്ലേടാ..." അവള്‍ പിറകെ ഓടി വന്നു. ഞാന്‍ മൈന്‍ഡ് ചെയ്യാന്‍ പോയില്ല.

വൈകുന്നേരം സ്കൂള്‍ വിട്ടതിനു ശേഷം പതിവു പോലെ വീട്ടിലേക്ക്‌ മടങ്ങി. ഞാനും ഉണ്ണിമായയും സൂര്യയും. സൂര്യയുടെ വീട് കഴിഞ്ഞു ഒരു വയലിന്റെ അപ്പുറത്താണ് എന്റെയും ഉണ്ണിമായയുടെയും വീട്. പതിവു പോലെ സൂര്യ യാത്ര പറഞ്ഞു പിരിഞ്ഞു. ഞാനും ഉണ്ണിമായയും മാത്രം അവശേഷിച്ചു. മഴ ചെറുതായ്‌ ചാറുന്നുണ്ടായിരുന്നു. കുടയും ചൂടി ഞങ്ങള്‍ വയല്‍ വരമ്പിലൂടെ നടക്കുകയാണ്. ഞാന്‍ മുന്നിലും ഉണ്ണിമായ പിന്നിലും...

"ഡാ ഇപ്പോഴും പിണക്കമാണോ കണ്ണാ?" അവളുടെ ചോദ്യം. ഞാന്‍ ഒന്നും മിണ്ടിയില്ല. "നിന്‍റെ പിണക്കം മാറ്റാന്‍ ഞാന്‍ എന്താ ചെയ്യേണ്ടേ??" ഈറന്‍ മിഴികളോടെ അവള്‍ എന്‍റെ കൈയില്‍ പിടിച്ചു ചോദിച്ചു. ഞാന്‍ നിന്നു. കൊയ്ത്തിനു ശേഷം നിലംഒഴുക്കാനായി വയലില്‍ വെള്ളം കയറ്റി ഇട്ടിരിക്കുന്നു. കണ്ണ് എത്താ ദൂരതോലോം നീണ്ടു കിടക്കുന്ന ആമ്പല്‍ പൂക്കള്‍ ....

"എനിക്കൊരു ആമ്പല്‍ പൂവ് പറിച്ചു തന്നാല്‍ മതി. " ഞാന്‍ പറഞ്ഞു. ഉണ്ണിമായ തോളില്‍ കിടന്ന ബാഗ് താഴെ വെച്ചു. വരമ്പില്‍ ഇരുന്നു കാല്‍ നീട്ടി ഒരു ആമ്പല്‍ പൂവ് അടുപ്പിച്ചെടുത്തു പൊട്ടിച്ചു എനിക്ക് തന്നു. "ഇനിയും വേണമോ?" പുഞ്ചിരി തൂകുന്ന മുഖവുമായ്‌ അവളുടെ ചോദ്യം. ഞാന്‍ തലയാട്ടി. അവള്‍ അടുത്ത ആമ്പല്‍ പൂവിലേക്ക് കൈ നീട്ടി.....

"എന്താ കണ്ണാ ഇവിടെ തനിയെ നില്‍കുന്നത്? മായകുട്ടി എവിടെ?" സൂര്യയുടെ അച്ഛനാണ്. ഞാന്‍ തിരിഞ്ഞു നോക്കി. ഉണ്ണിമായ ഇരുന്നിടം ശൂന്യം! അവളുടെ കുട ജലനിരപ്പില്‍ പൊന്തി കിടക്കുന്നു. സൂര്യയുടെ അച്ചന് കാര്യം മനസ്സിലായ്‌. അദ്ദേഹം വയലിലേക്ക്‌ ചാടി ഇറങ്ങി ആ കുട എടുത്തു മാറ്റി. അവിടെ ഉണ്ണിമായ തലയില്‍ കെട്ടിയിരുന്ന നീല റിബ്ബണ്‍.... ഞാന്‍ വാവിട്ടു കരഞ്ഞു.

ചേറില്‍ പുതഞ്ഞു പോയ ഉണ്ണിമായയുടെ ശരീരം സൂര്യയുടെ അച്ഛന്‍ എടുത്തുയര്‍ത്തി കൊണ്ടു വന്നു. അപ്പോളും പുഞ്ചിരി തൂകിയിരുന്ന ആ കുഞ്ഞു മാലഖയില്‍ നിന്നും ജീവന്‍ ചിറകടിച്ചു പോയിരുന്നു.

ഇല്ല! ഇനി അവള്‍ വരില്ല, വിളിക്കില്ല, ഒരു ചെറു പരിഭവം പോലും പറയില്ല!!! പിനക്കങ്ങളില്ലാത്ത ലോകത്തിലേക്ക്‌ എന്‍റെ ഉണ്ണിമായ യാത്രയായി!!!! അപ്പോഴും അവളുടെ കൈയില്‍, നെഞ്ചോട്‌ ചേര്ത്തു ഒരു ആമ്പല്‍ പൂവ് ഉണ്ടായിരുന്നു. എനിക്ക് വേണ്ടി......

കൂട്ടുകാരീ, എത്ര ഇണങ്ങി നാം എത്ര പിണങ്ങി നാം
ഈ കൊച്ചു ജീവിത വേളകളില്‍......
എത്ര പിണങ്ങണം എത്ര ഇണങ്ങണം
ഇനിയും വരാത്ത ജീവിതത്തില്‍......