2014, ഓഗസ്റ്റ് 3, ഞായറാഴ്‌ച

സൗഹൃദത്തിന്റെ ഓട്ടോഗ്രാഫ് താളുകള്‍ പറയാതെ ബാക്കി വെച്ചത്....


എനിക്ക് മുന്‍പേ നടക്കരുത്‌,
ഞാന്‍ നിന്നെ അനുഗമിക്കില്ല...
എനിക്ക് പിന്‍പേ നടക്കരുത്,
ഞാന്‍ നിന്നെ നയിക്കില്ല...
വെറുതെ, വെറുതെ
എന്നോടൊപ്പം ഒരു സുഹൃത്തായി നടന്നാല്‍ മതി....!!

മനസ്സിന്‍റെ പുസ്തക താളുകള്‍ നിറയെ സ്നേഹത്തിന്റെ കൈയൊപ്പുകള്‍. സ്നേഹിക്കാനും, സ്നേഹിക്കപെടാനും, പരിഭവങ്ങള്‍ പങ്കു വെയ്ക്കാനും കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ പടിയിറങ്ങി പോകുമ്പോള്‍, കിനാവിന്റെ മയില്‍പീലി തുണ്ടുകളും, പ്രണയത്തിന്റെ വലപൊട്ടുകളും, തേടി നിഴല്‍ വീണ വഴികളിലൂടെ ഒരു മടക്ക യാത്ര..!!

വരൂ ചങ്ങാതി, നമുക്ക് ഇത്തിരി നേരം ഈ സൗഹൃദ തണലില്‍ ഇരിക്കാം.
കുറുമ്പുകളും, കുരുത്തക്കേടുകളും, കളിചിരികളും, നൊമ്പരങ്ങളും, അയവിറക്കാം..
ഈറന്‍ ഗന്ധങ്ങളും, നിറവാര്‍ന്ന ഓര്‍മ്മകളും, നിന്നിലേക്ക് ഒഴുകിയെത്തട്ടെ..

ഒരു ചെറുപൂവോളം പുഞ്ചിരിയും, ഒരു കടലോളം കണ്ണീരും, നല്‍കിയ സ്നേഹ സൗഹൃദങ്ങള്‍ മനസ്സിന്‍റെ മണിചെപ്പില്‍ കൊരുത്തു സൂക്ഷിക്കുന്ന എല്ലാ കൂട്ടുകാര്‍ക്കും...!

----------------------------------------------------------------------------------------------
സൌഹൃദം,
അന്യോന്യമറിയുന്ന മനസ്സുകളെ
പരസ്പരം കോര്‍ക്കുന്ന ഒരു കാണാചരട്....
കൊടുക്കല്‍ വാങ്ങലുകളില്ലാതേ’
ലാഭനഷ്ട്ടങ്ങളില്ലാതെ’
ഹൃദയം ഹൃദയത്തെയറിയുന്ന നേര്‍...

സ്നേഹം ആത്മാവിന്റെ ഭാഷയാണ്,
ഇതിനോളം മാധുര്യമുള്ള മറ്റൊരു വികാരമില്ല....
----------------------------------------------------------------------------------------------
നീ എഴുതിയത് എന്റെ ഹൃദയത്തിനു മുകളിലായിരുന്നു,
ചിതറി വീണ വളപൊട്ടുകള്‍ പോലെ
ആരാലും പെറുക്കി വെയ്ക്കപ്പെടാതെ
അത് ഞാന്‍ കാത്തു വെച്ചു
ഇനി ഒരിക്കേല്‍ നീയതു മായിക്കാന്‍ ശ്രമിച്ചാലും,
ഹൃത്തിനു മുകളില്‍ വീണ
ദൈവത്തിന്റെ കൈയൊപ്പ്‌ പോലെ,
അത് മായാതെ, അങ്ങിനെ.. അങ്ങിനെ...
----------------------------------------------------------------------------------------------
നിനക്ക് തോന്നുന്നുണ്ടോ നമുക്ക് പിരിയാന്‍ കഴിയില്ലെന്ന്? വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ നീ എന്നെയോ ഞാന്‍ നിന്നെയോ ഓര്‍ത്തെന്നു വരികയില്ല. കാരണം നമ്മള്‍ മനുഷ്യ ജീവികളാണ്. എങ്കിലും ഓര്‍ത്തെങ്കില്‍ പറയാം - നമ്മള്‍ കൂട്ടുകാരായിരുന്നു!
----------------------------------------------------------------------------------------------
ആകാശ മേഘങ്ങള്‍ മഴ വര്‍ഷിച്ച ഒരു നാല് മണി നേരത്തു കുടയെടുക്കാന്‍ മറന്ന കുട്ടികള്‍ക്കിടയില്‍ നീ നിന്നതും, ബാഗിനുള്ളില്‍ അമ്മ കരുതി വെച്ച കുട ഞാന്‍ നിവര്‍ത്തിയപ്പോള്‍ ഓടി വന്നു അതില്‍ കയറിയതും, പിന്നെ ചെളി തെറിപ്പിക്കാതെ, കാലു തെറ്റാതെ ഞങ്ങള്‍ രണ്ടു പേരും വീട്ടിലേക്കു നടന്നതും, അങ്ങനെ എത്രയെത്ര ഓര്‍മ്മകള്‍...
----------------------------------------------------------------------------------------------
കൂട്ടുകാരാ, എത്രയിണങ്ങി നാം എത്ര പിണങ്ങി നാം 
ഈ കൊച്ചു ജീവിത വേളകളില്‍,
എത്ര ഇണങ്ങണം എത്ര പിണങ്ങണം 
ഇനിയും വരാത്ത ജീവിതത്തില്‍...
----------------------------------------------------------------------------------------------
മറക്കാന്‍ മടിയാണെങ്കില്‍ മാപ്പ്, ജന്മാന്തരങ്ങളില്‍ സ്വപ്നാടകരെ പോലെ എന്ത് പറഞ്ഞാണ് കൂട്ട് കൂടിയെന്ന് ഓര്‍മ്മയില്ല... എങ്കിലും ഞാന്‍ പറയാതെ നീയെന്നെ അറിഞ്ഞിരുന്നു. ഏറെ സംസാരിച്ചിരുന്നുവെങ്കിലും ഒരാത്മനിര്‍വൃതി. ദിവ്യ സങ്കല്പങ്ങളിലൂടെ നിന്നിലെന്നും ഞാനുണരുന്നു. നിര്‍വചിക്കാന്‍ അറിയില്ലല്ലോ, ഈ സൌഹൃദത്തെ...!!
----------------------------------------------------------------------------------------------
നഷ്ടപ്പെടുക എന്ന വാക്ക് മനസ്സില്‍ തറഞ്ഞു കയറുന്നത് ആരെയോ നഷ്ടപ്പെടുമ്പോഴാണ്. നീ എനിക്ക് ആരായിരുന്നു? നിന്നെ കുറിച്ച് ഞാനെന്തിനു ദുഃഖിക്കണം? നാം തമ്മില്‍ ഇന്നലെ കണ്ടവര്‍, ഇന്ന് പിരിയെണ്ടവര്‍. എന്നിട്ടും മനസ്സിനെന്തേ ഒരു ഭാരം? നിനക്ക് തോന്നാത്ത ഒരു വികാരം എനിക്ക് മാത്രമെന്തേ? ഞാനെന്താ ഇങ്ങനെ? ഇലകള്‍ കൊഴിയും, വീണ്ടും തളിര്‍ക്കും. പൂക്കള്‍ കൊഴിയും, വീണ്ടും മുകുളങ്ങള്‍ ഉണ്ടാകും. പക്ഷെ നമുക്കിനിയൊരു തളിര്‍ക്കലില്ലല്ലോ..! ഇനിയൊരിക്കലും മുകുളങ്ങള്‍ ആകാന്‍ കഴിയില്ലല്ലോ...! പറന്നു പോകുന്ന പക്ഷികള്‍ എന്നെങ്കിലും തിരികെ വന്നേക്കാം..വരണ്ടു പോകുന്ന ഭൂമിയില്‍ മാരി ചൊരിഞ്ഞെക്കാം. എങ്കിലും നഷ്ടപെട്ടു പോയ സ്വപ്‌നങ്ങള്‍ എന്നെങ്കിലും പൂവണിയുമോ? ഓര്‍മ്മകളില്‍ നിന്റെ കാല്‍പാടുകള്‍ തേടി പോവുകയാണ് ഞാന്‍. ആ ചുവന്നപൊടി മണ്ണില്‍പ്പതിഞ്ഞ നിന്റെ കാല്‍പ്പാടുകള്‍ തേടി..!!
----------------------------------------------------------------------------------------------
നിന്നെ എനിക്ക് മറക്കാന്‍ കഴിയില്ലെടോ!
മറവി മരണമാണ്, ഓര്‍മ്മ ജീവിതവും...!!
----------------------------------------------------------------------------------------------
യാത്രയാകുന്നു സഖീ, നിന്നെ ഞാന്‍ മൌനത്തിന്റെ
നേര്‍ത്ത പട്ടുനൂല്‍ പൊട്ടിച്ചിതറും പദങ്ങളാല്‍...
വാക്കിനു വിലപിടിപ്പേറുമീസ്സന്ദര്‍ഭത്തില്‍
ഓര്‍ക്കുക, വല്ലപ്പോഴും... എന്നലാതെന്തോതും ഞാന്‍...
----------------------------------------------------------------------------------------------
ചില ഇഷ്ടങ്ങള്‍ അങ്ങനെയാണ്.. അറിയാതെ, അറിയാതെ നമ്മള്‍ ഇഷ്ടപ്പെട്ടു പോകും... ഒന്ന് കാണാന്‍, ഒപ്പം നടക്കാന്‍, സംസാരിക്കാന്‍, ഒക്കെ വല്ലാതെ കൊതിക്കും... എന്നും എന്റേത് മാത്രം എന്ന് വെറുതെ കരുതും. ഒടുവില്‍ എല്ലാം വെറുതെ ആയിരുന്നുവെന്ന് തിരിച്ചറിയുമ്പോള്‍... ഉള്ളിന്റെയുള്ളില്‍ എവിടെയെങ്കിലും ആ ഇഷ്ടത്തെ നമ്മള്‍ കുഴിച്ചു മൂടും.. പിന്നീട് എപ്പോഴെങ്കിലുമൊക്കെ, രണ്ടു തുള്ളി കണ്ണീരിന്റെ നനവോടെ ആ ഇഷ്ടത്തെ നമ്മള്‍ ഓര്‍ക്കും... അപ്പോഴും ഹൃദയം വല്ലാതെ കൊതിക്കുന്നുണ്ടാവും...
----------------------------------------------------------------------------------------------
കഴിഞ്ഞു പോയ നല്ല നാളുകളുടെ നനുത്ത ഓര്‍മ്മകള്‍ പേരറിയാത്ത ഏതോ വിങ്ങലായി മനസ്സില്‍ നിറയുമ്പോഴും, അടുത്തറിഞ്ഞ സ്നേഹമുഖങ്ങള്‍ കോളുകളുടെയും, മെസ്സേജുകളുടെയും നീണ്ട ലിസ്റ്റില്‍ എന്റെ പേര് കണ്ടില്ലെന്നു വരും. പക്ഷെ പണ്ടെങ്ങോ സേവ് ചെയ്ത നമ്പര്‍ പോലെ മനസ്സില്‍ എന്നും മായാതെ കിടപ്പുണ്ടാകും... മറക്കാനാവില്ലെടാ നിന്നെ ഒരിക്കെലും...
 ----------------------------------------------------------------------------------------------
ഇന്നലെ കണ്ടുവോ നിന്നെ, നീ എന്നെയും
എന്നെ പിരിഞ്ഞവര്‍, കാലം മറന്നവര്‍....
കണ്ടറിഞ്ഞില്ലെങ്കിലും, കണ്ടറിയാത്തവര്‍
വല്ലാതടുത്തിട്ടും, വല്ലാതകന്നവര്‍..
----------------------------------------------------------------------------------------------
ഇന്നീ പാല്‍നിലാവില്‍, വിരഹാര്‍ദ്രമാമിരുളില്‍...
നനവായ്‌ മിഴികളില്‍ വീണ്ടും ഓര്‍മകളോ....
ഹൃദയമിനിയേതോ പുതിയ ചിറകില്‍ ഉയര്‍ന്നു പാറി അലയുമ്പോള്‍...
എത്ര തുള്ളികള്‍ മാനസവീചിയില്‍ ഒന്നായ്‌ ചേരുന്നു......
----------------------------------------------------------------------------------------------

സൌഹൃദം.. ഒരിക്കലും വറ്റാത്ത സ്നേഹത്തിന്റെ നീരുറവയാണ്.അത് കൊടുക്കാനും പകരാനും കഴിയുകയെന്നത് ജീവിത സൌഭാഗ്യവും. നമ്മുടെ സുഖ-ദുഖങ്ങളില്‍ പങ്കാളിയാവുന്ന ഒരു നല്ല സുഹൃത്തിന്റെ സാമീപ്യവും സാന്നിധ്യവും ജീവിതത്തില്‍ ഒരു കുളിര്‍മഴയുടെ ആസ്വാദ്യത നല്‍കും. സൌഹൃദത്തിന്റെ തണല്‍മരങ്ങളില്‍ ഇനിയുമൊട്ടേറെ ഇലകള്‍ തളിര്‍ക്കുകയും കായ്ക്കുകയും ചെയ്യട്ടെ. കഴിഞ്ഞു പോകുന്ന ഓരോ നിമിഷവും ഓര്‍‌മ്മകളാണ്... പിന്നിടുന്ന ഓരോ നിമിഷവും സുഖമുള്ള ഓര്‍‌മ്മകളായിരിക്കട്ടെ... മനസ്സിന്റെ മണിച്ചെപ്പില്‍‌ സൂക്ഷിച്ചു വയ്ക്കാവുന്ന ഒട്ടനവധി സുന്ദര മുഹൂര്‍‌ത്തങ്ങള്‍.

കണ്ണുനീരും, പുഞ്ചിരിയും, പ്രണയവും, പരിഭവങ്ങളും, കനവുകളും, നിനവുകളും, വേദനകളും, സ്വാന്തനങ്ങളും, സൌഹൃദവും, പൂത്തുലഞ്ഞ നിമിഷങ്ങള്‍ മനസ്സിന്‍റെ മണിച്ചെപ്പില്‍ പെറുക്കി വെച്ച കുപ്പിവളപ്പൊട്ടുകള്‍ പോലെ കാത്തു സൂക്ഷിച്ച കൂട്ടുകാര്‍ക്ക്...

നിലയ്ക്കാത്ത മാരിയില്‍ കൈകോര്‍ത്ത്‌ വന്നു നാം,
മീന ചൂടേറ്റ് തിരിച്ചു പോകുമ്പോഴും
മനസ്സില്‍ നിലയ്ക്കാത്ത ദുഃഖത്തിന്‍ മാരിയില്‍
അറിയാതെ നാം നനയുമ്പോഴും
ആയിരം ഓര്‍മ്മകള്‍, കനവുകള്‍
ഓടിയെത്തുന്നിതെന്‍ മാനസ വാടിയില്‍...

ഋതുക്കളെത്ര മാറി  വന്നാലും, കാലമെത്ര കടന്നു പോയാലും,
ഇവിടെ നാം തീര്‍ത്ത നിമിഷങ്ങള്‍ നമ്മുടെതായിരിക്കും.

പക്ഷെ നാളെ ഈ സുഹൃത് വലയത്തില്‍ ഞാന്‍ എന്‍റെ അപരിചിതത്വം തിരിച്ചറിയുമ്പോഴോ?
അതോ ഇന്നെന്നിക്ക് ചിരപരിചിതമായ മുഖങ്ങള്‍ക്കു നാളെ ഞാന്‍ ഒരു അന്യന്‍ ആണെന്ന് തിരിച്ചറിയുമ്പോഴോ?

പറയാന്‍ മറന്നതെതെല്ലമോ ബാക്കിയാവുന്നു,
നീയും ഞാനും ചരിത്രമാകുന്നു...

തലമുറകള്‍ ഈ ഭൂമിക്ക് സ്വന്തമാവുകയും, നഷ്ടമാവുകയും ചെയ്യുന്നു.

വരിക, നമ്മുടെ സൗഹൃദം വിടര്‍ന്ന ഈ നല്ല നാളുകളുടെ അവകാശിയാവുക.

ഈ വാക്കുകളില്‍ നിങ്ങള്ക്ക് സ്വയം കണ്ടെത്താന്‍ സാധിക്കട്ടെ!!

ഒരു പെരുവിരല്‍ കൊണ്ട് പോലും നിന്റെ മുഖം മറയ്ക്കാന്‍ എനിക്കാകാതിരിക്കട്ടെ...!!!

പിന്‍വിളികള്‍ക്ക് കാതോര്‍ക്കാതെ
പറയാതെ പോയ അനുരാഗങ്ങള്‍ക്ക്
കാണാതെ പോയ സ്വപ്നങ്ങള്‍ക്ക്
അറിയാതെ പറഞ്ഞു പോയ പരിഭവങ്ങള്‍ക്ക്
സ്നേഹത്തോടെ വിട.....!!

2014, ജൂലൈ 24, വ്യാഴാഴ്‌ച

സംസാരം ആരോഗ്യത്തിനു ഹാനികരം!


സോഷ്യല്‍ മീഡിയയില്‍ വാളെടുത്തു അങ്കം വെട്ടാന്‍ പുറപ്പെടും മുന്‍പ് എന്‍റെ പ്രിയ സുഹൃത്തുക്കള്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകള്‍ ദയവായി സന്ദര്‍ശിക്കുക :
പ്രതികരണ ശേഷി ഒരു കുറ്റമല്ല, പക്ഷെ അറിവില്ലായ്മ അക്ഷന്തവ്യമായ കുറ്റമാണ്...!!

ഓരോ രാജ്യത്തിനും അതിന്റേതായ നിയമങ്ങളുണ്ട്. സോഷ്യല്‍ മീഡിയ സൈറ്റുകള്‍ക്കു എല്ലാം തന്നെ യൂസേജ് പോളിസി (ഉപയോഗ നിബന്ധനകള്‍) ഉണ്ട്. മറ്റുള്ളവരെയും നമ്മുക്ക് തുല്യരായി കാണുവാന്‍ പഠിക്കുക!

ഇന്റര്‍നെറ്റും ഒരു സമൂഹമാണ്. നമുക്ക് ഉള്ളത് പോലെ തുല്യ അവകാശം മറ്റുള്ളവര്‍ക്കുമുണ്ട്. നമ്മള്‍ ആഗ്രഹിക്കുന്നത് പോലെ മാത്രമേ ലോകത്ത് കാര്യങ്ങള്‍ നടക്കാവൂ എന്ന് ശാട്യം പിടിക്കുന്നത്‌ മൌഡ്യമാണ്.

നാവു വളരെ ചെറിയ ഒരു അവയവം ആണെങ്കിലും, വലിയ കുഴപ്പക്കാരന്‍ ആണ്. ബൈബിള്‍ പറയുന്നു : " മരണവും ജീവനും നാവിന്റെ അധികാരത്തിൽ ഇരിക്കുന്നു; അതിൽ ഇഷ്ടപ്പെടുന്നവർ അതിന്റെ ഫലം അനുഭവിക്കും." (സദൃശവാക്യങ്ങൾ 18:21) സ്വന്തം നാവിനെ കടിഞ്ഞാന്‍ ഇടാന്‍ നമുക്ക് സാധിച്ചില്ലെങ്കില്‍ അതിന്റെ ഭവിഷ്യത്ത് അതിഭയങ്കരം ആയിരിക്കും.
സോഷ്യല്‍ മീഡിയ എത്രയെത്ര നല്ല കാര്യങ്ങള്‍ക്കു ഉപയോഗിക്കാം.! എന്നെന്നോ ഓര്‍മ്മയില്‍ മറഞ്ഞ പ്രിയ സുഹൃത്തിനെ, ഒന്നാം ക്ലാസ്സില്‍ ഒരേ ബെഞ്ചില്‍ ഇരുന്നു പഠിച്ച സഹപാഠിയെ, പഴയ പി.ജി. ഹോസ്റ്റലിലെ റൂം‌മേറ്റ്സിനെ കണ്ടെത്തി പിടിച്ചതിന്റെ ആഹ്ലാദം ഉണ്ട് സൈബര്‍ സ്പേസില്‍... അത്യഹിത നിലയിലായിരുന്ന കുടുംബാംഗത്തിനു ചേരുന്ന ബ്ലഡ്‌ ഗ്രൂപ്പിനായി ചെയ്ത പോസ്റ്റ്‌ ആ ജീവന്‍ രക്ഷിച്ചതിലുള്ള കൃതജ്ഞത അലയടിക്കുന്നില്ലേ ഫേസ്ബുക്ക്‌ ഗ്രൂപ്പുകളില്‍? പാലക്കാട്‌ വിക്ടോറിയ കോളേജിലെ പൂര്‍വ വിദ്യാര്‍ഥികള്‍ ഓണ്‍ലൈനിലൂടെ പിരിവെടുത്തു കലോത്സവത്തിന് ഫണ്ട്‌ നല്‍കിയത് ഏതാനും വര്‍ഷങ്ങള്‍ക്കു മുന്പല്ലായിരുന്നോ?

ഇനിയിപ്പോ മൂന്നാം ലോക മഹായുദ്ധം പൊട്ടി പുറപ്പെടുന്നത് സോഷ്യല്‍ മീഡിയയില്‍ നിന്നാണോ എന്ന് ആര് കണ്ടു?

2014, ഫെബ്രുവരി 14, വെള്ളിയാഴ്‌ച

ഫേസ്ബുക്ക്‌, വാലൻന്റൈൻ, പിന്നെ ശശിയും..."സൌഹൃദം, അന്യോന്യമറിയുന്ന മനസ്സുകളെ പരസ്പരം കോര്‍ക്കുന്ന ഒരു കാണാചരട്....
കൊടുക്കല്‍ വാങ്ങലുകളില്ലാതേ ലാഭനഷ്ട്ടങ്ങളില്ലാതെ ഹൃദയം ഹൃദയത്തെയറിയുന്ന നേര്‍.
സ്നേഹം ആത്മാവിന്റെ ഭാഷയാണ്, ഇതിനോളം മാധുര്യമുള്ള മറ്റൊരു വികാരമില്ല....
നമ്മുടെ സൌഹൃദത്തിന് ആത്മാവ് നഷ്ട്ടമാവുന്ന പോലെ...

ഡാ ആർ യൂ ദേർ ?"

ഫേസ്ബുക്ക്‌ ചാറ്റ് വിൻഡോയിൽ തെളിഞ്ഞു വന്ന അവളുടെ വാക്കുകൾ ആണ് എന്നെ ഓർമകളിൽ നിന്ന് ഉണർത്തിയത്.

"യാ. ക്യാരി ഓണ്‍."

"ഡാ വാടസ് യുവർ ഒപിനിയൻ അബോട്ട് വാലൻന്റൈൻ ഡേ?" വീണ്ടും അവൾ.

"നതിംഗ് മച്ച് . ഫൈവ് യീര്സ്‌ ബാക്ക് വെ ബ്രോക്ക് അപ്പ്‌ ഓണ്‍ ദാറ്റ്‌ ഡേ."

"യൂ ബ്രോക്ക് അപ്പ്‌, യൂ ടിന്റ് ടെൽ മി ദാറ്റ്‌ സ്റ്റോറി." അവൾ വെറുതെ വിടാൻ ഭാവമില്ല.

അതെ, ഇത് പോലൊരു മകര മാസത്തിലെ ത്രിസന്ധ്യാനേരത്താണ് വാക്കുകള ഒരു ഭാരമായി തോന്നി തുടങ്ങിയത്. കഴിഞ്ഞ കാലങ്ങൾക്ക് യാത്രാമൊഴി ചൊല്ലി, ഒഴുകുന്ന ഓര്മ്മകളുടെ പുഴയിൽ മുങ്ങി നിവര്ന്നു, വഴികളിലായി ഞങ്ങൾ സ്വയം തിരഞ്ഞു പിരിഞ്ഞു നടന്നത്...

ഇത് പോലൊരു വാലൻന്റൈൻ ദിനത്തിലാണ്...

ഒരായിരം വാക്കുകൾ പൂത്തു നിന്നിരുന്ന വസന്തങ്ങളുണ്ടായിരുന്നു നമുക്കിടയിൽ, എല്ലാ വാക്കുകൾക്കുമിടയിൽ, വിശാലമായി അതിരുകളില്ലാത്ത മേഘങ്ങളായി ഞങ്ങൾ മാനം നോക്കി കിടന്ന കാലത്തിനു ഒരു പേരുണ്ടായിരുന്നു...

"ഡേയ് പോയോ?" ചാറ്റ് വിൻഡോയിൽ വീണ്ടും സ്പന്ദനം...

"ഇല്ല.."

"ഞാൻ ഒരു കാര്യം പറയെട്ടെ.. നിന്നോട് ഇത് പറയണം എന്ന് കുറെ നാളായി ആലോചിക്കുന്നു.. നിന്നോട് ഇത് പറയണോ വേണ്ടയോ എന്ന് ഒത്തിരി വട്ടം ആലോചിച്ചു.."

എന്താവും കാര്യം? പണ്ടിത് പോലെ ഒരു ഇന്റ്രൊ ഇട്ടു വന്നിരുന്നു..
നാലഞ്ചു മാസം മുന്പ് :-
"ഡാ യൂ ലൈക്‌ ടോ മൈഗ്രൈറ്റ് ടൂ ഓസ്ട്രേലിയ?"
"ഇല്ലെങ്കിൽ? നീ എന്താ അവിടെ ഏജൻസി നടത്തുന്നുണ്ടോ?"
"ചുമ്മാ, വെറുതെ ചോദിച്ചെന്നെ ഉള്ളൂ..."
"സപ്പോസ് എനിക്ക് ആഗ്രഹം ഉണ്ടെങ്കിലോ?"
"ദെൻ യൂ മാരി മീ.. ഐ ഹാവ് പി.ആർ. വണ്‍സ് യൂ ഷിഫ്റ്റ്‌ ടോ ഹിയർ, വീ കാൻ ഡിവോർസ്.. ഈസി.. ;-)"
(ഫ്ലാഷ് ബാക്ക് അവസാനം)
"പറഞ്ഞു തുലയ്ക്ക്..."

"നോ സസ്പെൻസ്‌, ഇറ്റ്‌സ് എ മേജർ ഡിസിഷൻ എബൌട്ട്‌ മൈ ഫ്യൂച്ചർ ലൈഫ്. വെയിറ്റ് ടിൽ ഫ്രൈഡേ."

"കെ. ബൈ. ഐ ഹാവ് എ ക്ലയന്റ് ഡിസ്കഷൻ അറ്റ്‌ 4. ക്യാച്ച് അപ്പ്‌ യൂ ലേറ്റർ."

അങ്ങനെ ആ ഫേസ്ബുക്ക്‌ സംഭാഷണം അവിടെ അവസാനിച്ചു.

അപ്പോൾ ആണ് അക്കൌണ്ടന്റ് ജോബിൻ അത് വഴി വന്നത്.  "ജോബിനെ, നിന്റെ വീട് കുറിയന്നൂർ അല്ലെ? ദേ ഈ കക്ഷിയെ അറിയുമോ?" ഫേസ്ബുക്ക്‌ പ്രൊഫൈലിലെ ഫോട്ടോ കാട്ടി ഞാൻ ചോദിച്ചു. "പറ്റുമെങ്കിൽ ഒന്ന് അന്വേഷിക്കണേ, വേർ അബൗറ്റ്സ് ഒക്കെ..."

"എന്താ സാറേ, മനസ്സില് ലഡ്ഡു പൊട്ട്ടിയൊ?" ജോബിന്റെ ചോദ്യം. "അല്ലെടെ, എന്റെ കൂട്ടുകാരൻ ഡേവിഡിന് ഒരു ആലോചന. ഒത്തു പോകുന്നതാണേൽ നടത്തിയാലോ എന്നാ ആലോചന." ഞാൻ പറഞ്ഞു. ഒരു പക്ഷെ ആ നിമിഷം നാവിൽ ഗുളികൻ വിളയാടിയിരിക്കാം...
ഇന്ന് 2014 ഫെബ്രുവരി 14.
തലേന്ന് രാത്രി 11.30 കിടക്കാൻ പോകുമ്പോൾ വാട്ട്സ്ആപ്പിൽ അവളുടെ മെസ്സേജ് - "ഡാ വെയിറ്റ് ടിൽ ടുമോറോ മോര്നിംഗ്. ഐ അം ഗോയിംഗ് ടോ സർപ്രൈസ് യൂ.."

"ഫീലിംഗ് സ്ലീപി. വിൽ ടോക്ക് ടുമോറോ..."

ഫോണ്‍ കൈയിൽ നിന്ന് വഴുതി കട്ടിലിന്റെ താഴേക്കു...

'സ്വപ്‌നങ്ങള്‍ കൂട്ടി വെച്ച പളുങ്കുപാത്രം കൈയിൽ നിന്നും വഴുതി വീണു തകര്‍ന്നു പോയത് നിസ്സഹായനായി നോക്കി നില്‍ക്കേണ്ടി വന്നവനാണ് ഞാന്‍.. ഇതൊക്കെ എന്ത്..!!'
'പുറത്തു മഴ പെയ്യാൻ തുടങ്ങി... മഴയിലൂടെ കാണാം ഒരു പഴയ പകൽ. അവിടെ കുടയെടുക്കാൻ മറന്നവരെ പോലെ തിരുവല്ല മാർത്തോമ കോളേജിന്റെ വരാന്തയുടെ ഒരു മൂലയിൽ പ്രാണനും വാരി പിടിച്ചു നില്ക്കുന്ന നമ്മൾ....
"നമ്മൾക്ക് ഒന്നിക്കാൻ ആവില്ല എന്ന് പണ്ടേ അറിയാമായിരുന്നു. എന്റെ സാഹചര്യങ്ങൾ നമ്മള്ക്ക് ഒട്ടും അനുകൂലമല്ല.. അത് കൊണ്ട് മറക്കണം.."
അവൾ അന്ന് അങ്ങനെ പറഞ്ഞപ്പോൾ എന്നിൽ നിലച്ചു പോയത് പ്രണയത്തിന്റെ ഏതൊരു വൈദ്യുത ചില്ലകളാണ്?

നിന്നെ എനിക്ക് മറക്കാൻ കഴിയില്ലെടോ!
മറവി മരണമാണ്, ഓർമ്മ ജീവിതവും....!'
സ്റ്റോപ്പ്‌, സ്റ്റോപ്പ്‌, സ്റ്റോപ്പ്‌... ഈ ഡൈലോഗ് ഞാൻ എവിടെയോ വായിച്ചതാനെല്ലോ?

ക്ലോക്കിൽ സമയം 7.30 am. കട്ടിൽ കീഴിൽ നിന്ന് ഫോണ്‍ തപ്പി എടുത്തു.

17 മെസ്സേജ്, 6 മിസ്സ്ഡ് കോള്സ്, വാട്സ്ആപ്പിൽ 67 അണ്‍റെഡ് മെസ്സേജ്, ഫേസ്ബുക്കിൽ 26 നോട്ടിഫിക്കഷൻ....

ഫേസ്ബുക്കിലേക്കാണ് ആദ്യം കേറിയത്. ആദ്യത്തെ ന്യൂസ്‌ ഫീഡ്....

...... changed her relationship status to 'in a relationship with'....

അത്രയും കണ്ടപ്പോഴേ കണ്ണിൽ ഇരുട്ട് കേറി...

David John Kurisummoottil എന്ന് അവസാനം പേരും എന്റെ കൂട്ടുകാരന്റെ ചിരിക്കുന്ന മോന്തയും കണ്ടപ്പോഴാണ് ശ്വാസം നേരെ വീണത്‌..??

" Congrats aliya" എന്ന് ഒരു കമന്റും കൂടെ ഒരു ആത്മഗതവും - "ഈ തേങ്ങാകൊല പറയാനാണോ ലവൾ ഇത്രേം ദൊസം നമ്മളെ സസ്പൻസിൽ നിരത്തിയത്...."

ഓഫീസിൽ ചെന്ന പാടെ ജോബിന്റെ ചോദ്യം - "എന്തായി സർ, ഇന്ന് ലഡ്ഡു വിതരണം ഉണ്ടോ?"

"പൊട്ടിയ ലഡ്ഡുക്കൾ കൂട്ടി വെച്ചിരുന്നേൽ ഇന്ന് വിതരിക്കായിരുന്നു മോനെ..."

പറയാൻ മറന്നതെന്തെല്ലമോ ബാക്കിയാവുന്നു....
നീയും, ഞാനും ചരിത്രമാവുന്നു...
"നീ എഴുതിയത് എന്റെ ഹൃദയത്തിനു മുകളിലായിരുന്നു...
ചിതറി വീണ വളപ്പൊട്ട്‌ പോലെ
ആരാലും പെറുക്കി വെയ്ക്കപെടാതെ
അത് ഞാൻ കാത്തു വെച്ചു...
ഒരിക്കെൽ നീയതു മായ്ക്കാൻ ശ്രമിച്ചാലും
ഹൃത്തിനു മുകളിൽ വീണ
ദൈവത്തിന്റെ കൈയ്യൊപ്പു പോലെ...
അത് മായാതെ.. അങ്ങനെ, അങ്ങനെ...."

*************************************************************************

വാൽകഷണം :
വൈകുന്നേരം ഓഫീസിൽ നിന്ന് ഇറങ്ങുന്ന നേരം.
"ബഡി, ഡൂ യു ഹാവ്‌ തൌസണ്ട് ബക്ക്സ് ടൂ സ്പൈർ?"
ചോദ്യം കേട്ട ദിശയിലോട്ടു നോക്കിയ എന്റെ ഉള്ളു കിടുങ്ങി പോയി. നല്ല നടപ്പിനു ഞങ്ങൾ നാട് കടത്തിയ "വാസു' മടങ്ങി എത്തിയിരിക്കുന്നു.
"എന്ത്..?"

"ശശീ, ഡാ ഒരു ഹണ്‍ട്രെഡ്‌ റുപീസ് താടാ, ജസ്റ്റ്‌ റീച്ഡഡ് ബൈ ടുഡേസ് കൊച്ചുവേളി. ഓട്ടോയ്ക്ക് കൊടുക്കാനാ... ബൈ ദി ബൈ, ഐ സോ ഹേർ ലാസ്റ്റ് വീക്ക്‌ അറ്റ്‌ പുഷ്പഗിരി വൈൽ ഐ വാസ് ഇന് കേരള..."
പാവം, കൈ അറിയാതെ പേര്സിലോട്ടു നീണ്ടു. 100 രൂപയുമായി പോയ അവൻ 5 മിനിറെടുത്തു മടങ്ങി വരാൻ...
"സോറി ഡ്യൂട്, സത്യം പറഞ്ഞാൽ നീ കാശ്ശു തരില്ല എന്നറിയാം.. ഇന്ന് വാലൻന്റൈൻ അല്ലെ, അവള്ക്കൊരു ഗിഫ്റ്റ് വാങ്ങി കൊടുക്കാൻ ആണ് ഞാൻ നിന്നോട് കാശ് വാങ്ങിയേ..."

കൊള്ളാം, വാലൻന്റൈൻ ഗിഫ്റ്റിനു വേണ്ടി കാശ് വാങ്ങിയത് പറ്റിയ ആളിന്റെ അടുത്ത് നിന്ന്...

മനസ്സില് വന്നതെല്ലാം കടിച്ചമർത്തി കാറിന്റെ അരികിലേക്ക് നടക്കുമ്പോൾ പിന്നിൽ നിന്ന് അവന്റെ വാക്കുകൾ.. "ഡാ ശശി, കഴിഞ്ഞ ആഴ്ച അമ്മച്ചിയെ കൊണ്ട് ഞാൻ പുഷപഗിരിയിൽ പോയപ്പോൾ അവളെ കണ്ടു. നിന്റെ ആ പഴയ ലൈനില്ലേ, അവൾ പ്രസവിച്ചു; പെണ്‍കുട്ടിയാ..."

ശശി വീണ്ടും ശശി ആയി.

ശുഭം.