2014, ഓഗസ്റ്റ് 3, ഞായറാഴ്‌ച

സൗഹൃദത്തിന്റെ ഓട്ടോഗ്രാഫ് താളുകള്‍ പറയാതെ ബാക്കി വെച്ചത്....

എനിക്ക് മുന്‍പേ നടക്കരുത്‌,
ഞാന്‍ നിന്നെ അനുഗമിക്കില്ല...
എനിക്ക് പിന്‍പേ നടക്കരുത്,
ഞാന്‍ നിന്നെ നയിക്കില്ല...
വെറുതെ, വെറുതെ
എന്നോടൊപ്പം ഒരു സുഹൃത്തായി നടന്നാല്‍ മതി....!!

മനസ്സിന്‍റെ പുസ്തക താളുകള്‍ നിറയെ സ്നേഹത്തിന്റെ കൈയൊപ്പുകള്‍. സ്നേഹിക്കാനും, സ്നേഹിക്കപെടാനും, പരിഭവങ്ങള്‍ പങ്കു വെയ്ക്കാനും കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ പടിയിറങ്ങി പോകുമ്പോള്‍, കിനാവിന്റെ മയില്‍പീലി തുണ്ടുകളും, പ്രണയത്തിന്റെ വലപൊട്ടുകളും, തേടി നിഴല്‍ വീണ വഴികളിലൂടെ ഒരു മടക്ക യാത്ര..!!

വരൂ ചങ്ങാതി, നമുക്ക് ഇത്തിരി നേരം ഈ സൗഹൃദ തണലില്‍ ഇരിക്കാം.
കുറുമ്പുകളും, കുരുത്തക്കേടുകളും, കളിചിരികളും, നൊമ്പരങ്ങളും, അയവിറക്കാം..
ഈറന്‍ ഗന്ധങ്ങളും, നിറവാര്‍ന്ന ഓര്‍മ്മകളും, നിന്നിലേക്ക് ഒഴുകിയെത്തട്ടെ..

ഒരു ചെറുപൂവോളം പുഞ്ചിരിയും, ഒരു കടലോളം കണ്ണീരും, നല്‍കിയ സ്നേഹ സൗഹൃദങ്ങള്‍ മനസ്സിന്‍റെ മണിചെപ്പില്‍ കൊരുത്തു സൂക്ഷിക്കുന്ന എല്ലാ കൂട്ടുകാര്‍ക്കും...!

----------------------------------------------------------------------------------------------
സൌഹൃദം,
അന്യോന്യമറിയുന്ന മനസ്സുകളെ
പരസ്പരം കോര്‍ക്കുന്ന ഒരു കാണാചരട്....
കൊടുക്കല്‍ വാങ്ങലുകളില്ലാതേ’
ലാഭനഷ്ട്ടങ്ങളില്ലാതെ’
ഹൃദയം ഹൃദയത്തെയറിയുന്ന നേര്‍...

സ്നേഹം ആത്മാവിന്റെ ഭാഷയാണ്,
ഇതിനോളം മാധുര്യമുള്ള മറ്റൊരു വികാരമില്ല....
----------------------------------------------------------------------------------------------
നീ എഴുതിയത് എന്റെ ഹൃദയത്തിനു മുകളിലായിരുന്നു,
ചിതറി വീണ വളപൊട്ടുകള്‍ പോലെ
ആരാലും പെറുക്കി വെയ്ക്കപ്പെടാതെ
അത് ഞാന്‍ കാത്തു വെച്ചു
ഇനി ഒരിക്കേല്‍ നീയതു മായിക്കാന്‍ ശ്രമിച്ചാലും,
ഹൃത്തിനു മുകളില്‍ വീണ
ദൈവത്തിന്റെ കൈയൊപ്പ്‌ പോലെ,
അത് മായാതെ, അങ്ങിനെ.. അങ്ങിനെ...
----------------------------------------------------------------------------------------------
നിനക്ക് തോന്നുന്നുണ്ടോ നമുക്ക് പിരിയാന്‍ കഴിയില്ലെന്ന്? വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ നീ എന്നെയോ ഞാന്‍ നിന്നെയോ ഓര്‍ത്തെന്നു വരികയില്ല. കാരണം നമ്മള്‍ മനുഷ്യ ജീവികളാണ്. എങ്കിലും ഓര്‍ത്തെങ്കില്‍ പറയാം - നമ്മള്‍ കൂട്ടുകാരായിരുന്നു!
----------------------------------------------------------------------------------------------
ആകാശ മേഘങ്ങള്‍ മഴ വര്‍ഷിച്ച ഒരു നാല് മണി നേരത്തു കുടയെടുക്കാന്‍ മറന്ന കുട്ടികള്‍ക്കിടയില്‍ നീ നിന്നതും, ബാഗിനുള്ളില്‍ അമ്മ കരുതി വെച്ച കുട ഞാന്‍ നിവര്‍ത്തിയപ്പോള്‍ ഓടി വന്നു അതില്‍ കയറിയതും, പിന്നെ ചെളി തെറിപ്പിക്കാതെ, കാലു തെറ്റാതെ ഞങ്ങള്‍ രണ്ടു പേരും വീട്ടിലേക്കു നടന്നതും, അങ്ങനെ എത്രയെത്ര ഓര്‍മ്മകള്‍...
----------------------------------------------------------------------------------------------
കൂട്ടുകാരാ, എത്രയിണങ്ങി നാം എത്ര പിണങ്ങി നാം 
ഈ കൊച്ചു ജീവിത വേളകളില്‍,
എത്ര ഇണങ്ങണം എത്ര പിണങ്ങണം 
ഇനിയും വരാത്ത ജീവിതത്തില്‍...
----------------------------------------------------------------------------------------------
മറക്കാന്‍ മടിയാണെങ്കില്‍ മാപ്പ്, ജന്മാന്തരങ്ങളില്‍ സ്വപ്നാടകരെ പോലെ എന്ത് പറഞ്ഞാണ് കൂട്ട് കൂടിയെന്ന് ഓര്‍മ്മയില്ല... എങ്കിലും ഞാന്‍ പറയാതെ നീയെന്നെ അറിഞ്ഞിരുന്നു. ഏറെ സംസാരിച്ചിരുന്നുവെങ്കിലും ഒരാത്മനിര്‍വൃതി. ദിവ്യ സങ്കല്പങ്ങളിലൂടെ നിന്നിലെന്നും ഞാനുണരുന്നു. നിര്‍വചിക്കാന്‍ അറിയില്ലല്ലോ, ഈ സൌഹൃദത്തെ...!!
----------------------------------------------------------------------------------------------
നഷ്ടപ്പെടുക എന്ന വാക്ക് മനസ്സില്‍ തറഞ്ഞു കയറുന്നത് ആരെയോ നഷ്ടപ്പെടുമ്പോഴാണ്. നീ എനിക്ക് ആരായിരുന്നു? നിന്നെ കുറിച്ച് ഞാനെന്തിനു ദുഃഖിക്കണം? നാം തമ്മില്‍ ഇന്നലെ കണ്ടവര്‍, ഇന്ന് പിരിയെണ്ടവര്‍. എന്നിട്ടും മനസ്സിനെന്തേ ഒരു ഭാരം? നിനക്ക് തോന്നാത്ത ഒരു വികാരം എനിക്ക് മാത്രമെന്തേ? ഞാനെന്താ ഇങ്ങനെ? ഇലകള്‍ കൊഴിയും, വീണ്ടും തളിര്‍ക്കും. പൂക്കള്‍ കൊഴിയും, വീണ്ടും മുകുളങ്ങള്‍ ഉണ്ടാകും. പക്ഷെ നമുക്കിനിയൊരു തളിര്‍ക്കലില്ലല്ലോ..! ഇനിയൊരിക്കലും മുകുളങ്ങള്‍ ആകാന്‍ കഴിയില്ലല്ലോ...! പറന്നു പോകുന്ന പക്ഷികള്‍ എന്നെങ്കിലും തിരികെ വന്നേക്കാം..വരണ്ടു പോകുന്ന ഭൂമിയില്‍ മാരി ചൊരിഞ്ഞെക്കാം. എങ്കിലും നഷ്ടപെട്ടു പോയ സ്വപ്‌നങ്ങള്‍ എന്നെങ്കിലും പൂവണിയുമോ? ഓര്‍മ്മകളില്‍ നിന്റെ കാല്‍പാടുകള്‍ തേടി പോവുകയാണ് ഞാന്‍. ആ ചുവന്നപൊടി മണ്ണില്‍പ്പതിഞ്ഞ നിന്റെ കാല്‍പ്പാടുകള്‍ തേടി..!!
----------------------------------------------------------------------------------------------
നിന്നെ എനിക്ക് മറക്കാന്‍ കഴിയില്ലെടോ!
മറവി മരണമാണ്, ഓര്‍മ്മ ജീവിതവും...!!
----------------------------------------------------------------------------------------------
യാത്രയാകുന്നു സഖീ, നിന്നെ ഞാന്‍ മൌനത്തിന്റെ
നേര്‍ത്ത പട്ടുനൂല്‍ പൊട്ടിച്ചിതറും പദങ്ങളാല്‍...
വാക്കിനു വിലപിടിപ്പേറുമീസ്സന്ദര്‍ഭത്തില്‍
ഓര്‍ക്കുക, വല്ലപ്പോഴും... എന്നലാതെന്തോതും ഞാന്‍...
----------------------------------------------------------------------------------------------
ചില ഇഷ്ടങ്ങള്‍ അങ്ങനെയാണ്.. അറിയാതെ, അറിയാതെ നമ്മള്‍ ഇഷ്ടപ്പെട്ടു പോകും... ഒന്ന് കാണാന്‍, ഒപ്പം നടക്കാന്‍, സംസാരിക്കാന്‍, ഒക്കെ വല്ലാതെ കൊതിക്കും... എന്നും എന്റേത് മാത്രം എന്ന് വെറുതെ കരുതും. ഒടുവില്‍ എല്ലാം വെറുതെ ആയിരുന്നുവെന്ന് തിരിച്ചറിയുമ്പോള്‍... ഉള്ളിന്റെയുള്ളില്‍ എവിടെയെങ്കിലും ആ ഇഷ്ടത്തെ നമ്മള്‍ കുഴിച്ചു മൂടും.. പിന്നീട് എപ്പോഴെങ്കിലുമൊക്കെ, രണ്ടു തുള്ളി കണ്ണീരിന്റെ നനവോടെ ആ ഇഷ്ടത്തെ നമ്മള്‍ ഓര്‍ക്കും... അപ്പോഴും ഹൃദയം വല്ലാതെ കൊതിക്കുന്നുണ്ടാവും...
----------------------------------------------------------------------------------------------
കഴിഞ്ഞു പോയ നല്ല നാളുകളുടെ നനുത്ത ഓര്‍മ്മകള്‍ പേരറിയാത്ത ഏതോ വിങ്ങലായി മനസ്സില്‍ നിറയുമ്പോഴും, അടുത്തറിഞ്ഞ സ്നേഹമുഖങ്ങള്‍ കോളുകളുടെയും, മെസ്സേജുകളുടെയും നീണ്ട ലിസ്റ്റില്‍ എന്റെ പേര് കണ്ടില്ലെന്നു വരും. പക്ഷെ പണ്ടെങ്ങോ സേവ് ചെയ്ത നമ്പര്‍ പോലെ മനസ്സില്‍ എന്നും മായാതെ കിടപ്പുണ്ടാകും... മറക്കാനാവില്ലെടാ നിന്നെ ഒരിക്കെലും...
 ----------------------------------------------------------------------------------------------
ഇന്നലെ കണ്ടുവോ നിന്നെ, നീ എന്നെയും
എന്നെ പിരിഞ്ഞവര്‍, കാലം മറന്നവര്‍....
കണ്ടറിഞ്ഞില്ലെങ്കിലും, കണ്ടറിയാത്തവര്‍
വല്ലാതടുത്തിട്ടും, വല്ലാതകന്നവര്‍..
----------------------------------------------------------------------------------------------
ഇന്നീ പാല്‍നിലാവില്‍, വിരഹാര്‍ദ്രമാമിരുളില്‍...
നനവായ്‌ മിഴികളില്‍ വീണ്ടും ഓര്‍മകളോ....
ഹൃദയമിനിയേതോ പുതിയ ചിറകില്‍ ഉയര്‍ന്നു പാറി അലയുമ്പോള്‍...
എത്ര തുള്ളികള്‍ മാനസവീചിയില്‍ ഒന്നായ്‌ ചേരുന്നു......
----------------------------------------------------------------------------------------------

സൌഹൃദം.. ഒരിക്കലും വറ്റാത്ത സ്നേഹത്തിന്റെ നീരുറവയാണ്.അത് കൊടുക്കാനും പകരാനും കഴിയുകയെന്നത് ജീവിത സൌഭാഗ്യവും. നമ്മുടെ സുഖ-ദുഖങ്ങളില്‍ പങ്കാളിയാവുന്ന ഒരു നല്ല സുഹൃത്തിന്റെ സാമീപ്യവും സാന്നിധ്യവും ജീവിതത്തില്‍ ഒരു കുളിര്‍മഴയുടെ ആസ്വാദ്യത നല്‍കും. സൌഹൃദത്തിന്റെ തണല്‍മരങ്ങളില്‍ ഇനിയുമൊട്ടേറെ ഇലകള്‍ തളിര്‍ക്കുകയും കായ്ക്കുകയും ചെയ്യട്ടെ. കഴിഞ്ഞു പോകുന്ന ഓരോ നിമിഷവും ഓര്‍‌മ്മകളാണ്... പിന്നിടുന്ന ഓരോ നിമിഷവും സുഖമുള്ള ഓര്‍‌മ്മകളായിരിക്കട്ടെ... മനസ്സിന്റെ മണിച്ചെപ്പില്‍‌ സൂക്ഷിച്ചു വയ്ക്കാവുന്ന ഒട്ടനവധി സുന്ദര മുഹൂര്‍‌ത്തങ്ങള്‍.

കണ്ണുനീരും, പുഞ്ചിരിയും, പ്രണയവും, പരിഭവങ്ങളും, കനവുകളും, നിനവുകളും, വേദനകളും, സ്വാന്തനങ്ങളും, സൌഹൃദവും, പൂത്തുലഞ്ഞ നിമിഷങ്ങള്‍ മനസ്സിന്‍റെ മണിച്ചെപ്പില്‍ പെറുക്കി വെച്ച കുപ്പിവളപ്പൊട്ടുകള്‍ പോലെ കാത്തു സൂക്ഷിച്ച കൂട്ടുകാര്‍ക്ക്...

നിലയ്ക്കാത്ത മാരിയില്‍ കൈകോര്‍ത്ത്‌ വന്നു നാം,
മീന ചൂടേറ്റ് തിരിച്ചു പോകുമ്പോഴും
മനസ്സില്‍ നിലയ്ക്കാത്ത ദുഃഖത്തിന്‍ മാരിയില്‍
അറിയാതെ നാം നനയുമ്പോഴും
ആയിരം ഓര്‍മ്മകള്‍, കനവുകള്‍
ഓടിയെത്തുന്നിതെന്‍ മാനസ വാടിയില്‍...

ഋതുക്കളെത്ര മാറി  വന്നാലും, കാലമെത്ര കടന്നു പോയാലും,
ഇവിടെ നാം തീര്‍ത്ത നിമിഷങ്ങള്‍ നമ്മുടെതായിരിക്കും.

പക്ഷെ നാളെ ഈ സുഹൃത് വലയത്തില്‍ ഞാന്‍ എന്‍റെ അപരിചിതത്വം തിരിച്ചറിയുമ്പോഴോ?
അതോ ഇന്നെന്നിക്ക് ചിരപരിചിതമായ മുഖങ്ങള്‍ക്കു നാളെ ഞാന്‍ ഒരു അന്യന്‍ ആണെന്ന് തിരിച്ചറിയുമ്പോഴോ?

പറയാന്‍ മറന്നതെതെല്ലമോ ബാക്കിയാവുന്നു,
നീയും ഞാനും ചരിത്രമാകുന്നു...

തലമുറകള്‍ ഈ ഭൂമിക്ക് സ്വന്തമാവുകയും, നഷ്ടമാവുകയും ചെയ്യുന്നു.

വരിക, നമ്മുടെ സൗഹൃദം വിടര്‍ന്ന ഈ നല്ല നാളുകളുടെ അവകാശിയാവുക.

ഈ വാക്കുകളില്‍ നിങ്ങള്ക്ക് സ്വയം കണ്ടെത്താന്‍ സാധിക്കട്ടെ!!

ഒരു പെരുവിരല്‍ കൊണ്ട് പോലും നിന്റെ മുഖം മറയ്ക്കാന്‍ എനിക്കാകാതിരിക്കട്ടെ...!!!

പിന്‍വിളികള്‍ക്ക് കാതോര്‍ക്കാതെ
പറയാതെ പോയ അനുരാഗങ്ങള്‍ക്ക്
കാണാതെ പോയ സ്വപ്നങ്ങള്‍ക്ക്
അറിയാതെ പറഞ്ഞു പോയ പരിഭവങ്ങള്‍ക്ക്
സ്നേഹത്തോടെ വിട.....!!