2009 ആഗസ്റ്റ് 15 – കടുത്തുരുത്തി പോളിടെക്നിക്
“ഇന്നലെ കണ്ടുവോ നിന്നെ, നീ എന്നെയും
എന്നെ പിരിഞ്ഞവര്‍, കാലം മറന്നവര്‍....
കണ്ടറിഞ്ഞില്ലെങ്കിലും, കണ്ടറിയാത്തവര്
വല്ലാതടുത്തിട്ടും, വല്ലാതകന്നവര്‍..”
ഓര്‍മ്മയുടെ മഞ്ഞുപാളികള്‍ക്കിടയില്‍നിന്ന് തെല്ലൊന്നു മാറി ആര്‍ദ്രതയോടെ നിലാവിന്റെ സൗന്ദര്യം അരിച്ചിറങ്ങുകയാണ്.... കുറച്ചു നാളുകള്‍ക്ക് മുന്‍പ് ഒറ്റയ്ക്ക് ഈ കലാലയത്തിലേക്ക് കടന്നു വന്നതിനു പതിയെ വര്‍ണങ്ങളേറുന്നു ... എത്ര മാത്രം സുന്ദരമാണ് ഈ കലാലയം എന്ന് അറിയാതെ അറിയുകയായിരുന്നു... ഈ കോളജുമായി വല്ലാത്തൊരു ആത്മബന്ധമുള്ളതായി തിരിച്ചറിയുന്നത് ഇപ്പോളാണല്ലോ...
ഈ നാല് നില കെട്ടിടങ്ങള്‍ക്ക് ഒരുപാട് പറയാനുണ്ടാവും... വര്‍ഷങ്ങള്‍ക്കു മുന്‍പ് ജീവിച്ചിരിക്കുന്നവരെ കുറിച്ച്, ജന്മം നല്‍കിയവരെ കുറിച്ച്, ശാശ്വത യൗവ്വനം സമ്മാനിക്കുന്ന വിദ്യാര്ത്ഥികളെക്കുറിച്ചു.... അനേക വസന്തങ്ങള്‍ പൂവും തളിരുമിട്ട ഈ പരിസര വായുവില്‍ എത്ര പേരുടെ പൊട്ടിച്ചിരികളും, സ്വപ്നങ്ങളും, നിശ്വാസങ്ങളും അലിഞ്ഞു ചേര്‍ന്നിട്ടുണ്ട്.
കാലത്തിന്റെ ക്യാന്‍വാസില്‍ ആരോ കോറിയിട്ടതു പോലെ ഗവ. പോളിടെക്നിക് കോളേജ്, കടുത്തുരുത്തി എന്ന ബോര്‍ഡ്. താഴെ ഗോവണിപടികള്‍ക്കു മുന്പില് ചെറിയ ഒരാള്‍കൂട്ടം... പൂര്‍വ വിദ്യാര്‍ഥി സംഗമത്തിന് വന്നവര്‍... വെള്ള മുണ്ടും, ഷര്‍ട്ടും ധരിച്ചു സുസ്മരവദനനായി നടന്നടുക്കുന്ന അജേഷേട്ടന്‍.. സഖാവ് അജേഷ് മനോഹര്‍.. വിദ്യാര്‍ത്ഥികളുടെ ‘പടയപ്പ’... പഴയ ചന്ദനപൊട്ടില്ലെങ്കിലും ക്ലീന്‍ഷേവില്‍ മാത്രം മാറ്റമില്ലാതെ ശ്യാമപ്രസാദ്... പഴയതില്‍ നിന്ന് ഒരല്പം കൂടെ തടിച്ചു ഉല്ലാസ്.. പുതിയ മുഖവുമായ് നോബിന്... ഇടതു തോള് അല്പം ചെരിച്ചു ചുണ്ടില്‍ ഒരു കള്ള ചിരിയുമായ് നടന്നടുക്കുന്ന നൂലുണ്ട... സാക്ഷാല്‍ നമ്മുടെ മാന്‍വെട്ടംകാരനായ അനീഷ് ബാബു...
“നവീന്‍ വരുമെന്ന് പറഞ്ഞതാ.. ഇത് വരെ കണ്ടില്ലല്ലോ?? പ്രമോദിന് ലീവില്ല.. അവന് ചെന്നയിലാണ്... സുനിലും ജിനുവും ചെന്നൈയില്‍ തന്നെ ഉണ്ട്.. എബി ഹൈദരാബാദിലാണ്.. പ്രവീണും, അരുണ്‍കുമാറും ബാംഗ്ലൂരില്‍...” കട്ടിമീശയും, കടുംനിറത്തില്‍ ഉള്ള ഷര്‍ട്ടും.. ആളെ മനസ്സില്ലായില്ലേ?? “ഞാന്‍ അജയന്.. അജയകുമാര്‍ സി. ടി.. പോളിയിലെ ആദ്യ ആര്‍ട്സ് ക്ലബ് സെക്രട്ടറിയാണ്..” പഴയ നേതാക്കന്മാരായ ജാഫറും റിയാസും ബൈക്കില്‍ വന്നിറങ്ങുന്നു. ഇരുവരും കുറച്ചു തടിച്ചിട്ടുണ്ടെന്നല്ലാതെ രൂപത്തില്‍ യാതൊരു മാറ്റവുമില്ല..
“ഡാ, നീയങ്ങു തടിച്ചു പോയല്ലോ.. എന്താടെ ആളെ കണ്ടാല്‍ തിരിച്ചറിയില്ലല്ലോ??” ചോദ്യം ബൈക്കില്‍ വന്നിറങ്ങിയ ശ്രീലാലിനോടാണ്... “ങാ ഹാ.. വില്ലന്മാര് എല്ലാവരും എത്തിയല്ലോ.. ഒരു സ്ട്രൈക്ക് വിളിക്കാനുള്ള ക്വോറം തികഞ്ഞു..” അനിത ചേച്ചിയാണ്. പോളിയിലെ ആദ്യ ലേഡി വൈസ് ചെയര്മാന്.. അനിത സിറിയക്ക്. “അല്ല ഇതാര്? അനിതയോ? നീയിപ്പോ എവിടെയാ?” ചോദ്യം അജേഷേട്ടന്റെ വക.. “തിരുവന്തപുരത്ത് ബി.ടെക് കരിഞ്ഞു.. ഇപ്പോള്‍ ഞീഴൂര്‍ ഐ.എച്ച്.ആര്.ഡിയില്‍ ഗസ്റ്റ് ലെക്ചറര്‍ ആണ്.” പറഞ്ഞു തീരും മുന്‍പ് സംഘത്തില്‍ ചിരി പൊട്ടി. “ദൈവമേ, ആ പിള്ളേരെ കാത്തോണെ.. പാവം അതുങ്ങളുടെ ഒരു ഗതി.. കഷ്ടകാലം എന്നല്ലാതെ എന്ത് പറയാനാ..” ;-)
കാലത്തെ കലപിലകള്‍ക്ക് സമര്പ്പിക്കപെട്ട ഈ തിരുമുറ്റത്ത് നിന്നാണ് സമരങ്ങളുടെ ആരംഭം.. പോളിയുടെ ചരിത്രം അതിന്റെ സമരങ്ങള്‍ ആണെന്ന് പറയാറുണ്ട്.. എല്ലാ വിഘടിക്കലുകളെയും അതിജീവിച്ചായിരുന്നത്രേ നമ്മുടെ പോരാട്ടങ്ങള്‍... മുന്‍പേ പോയവരുടെ പിറകെ ചലിക്കുന്ന നമുക്ക് അവരുടെ കാലടികള്‍ പതിഞ്ഞ ഈ മുറ്റത്ത് കാലു കുത്തുമ്പോള്‍ ഉള്ളിലെവിടെയോ ഒരു കോരിത്തരിപ്പ്...
പ്രിയപ്പെട്ട വിദ്യാര്‍ഥി, വിദ്യാര്‍ഥിനി സുഹൃത്തുക്കളേ...
ഓര്‍മ്മകള്‍ പിന്നിലേക്ക് പോവുകയാണ്... 2001 ജൂലൈ 23 മുതല്‍ നീണ്ട 17 ദിവസത്തെ നിരാഹാര സമരം.. സ്ഥലമെടുപ്പിനും AICTE അംഗീകാരത്തിനും വേണ്ടിയുള്ള പോരാട്ടങ്ങള്‍ക്ക് നന്ദി കുറിച്ച ആ സമരത്തെ മറക്കാവുന്നതെങ്ങനെ??
ഓര്‍മകള്‍ക്ക് പടികേരുവാന്‍ പാകത്തില്‍ മുകളിലേക്ക് സ്റ്റെപ്പുകള്‍... ഈ പടികളില്‍ ഒരുപാട് സൌഹൃദങ്ങള്‍ ഉണ്ടായിരുന്നിരിക്കണം.. മനസ്സ് സ്വതന്ത്രമായി സഞ്ചരിച്ചാല്‍ ഇവിടെ ആത്മാര്‍ഥതയുടെ, പാരസ്പര്യത്തിന്റെ സൌഹൃദങ്ങളെ കാണാം... ക്യാമ്പസിന് യൗവ്വനം നല്കുന്നവര് ഒരിക്കലും ഒറ്റപ്പെടാറില്ല... “സ്നേഹിച്ചാല്‍ അകലാന്‍ ബുദ്ധിമുട്ടാണ്, അത് വിചാരിച്ചു സ്നേഹിക്കാതിരിക്കാന്‍ ഒക്കില്ലല്ലോ...” പിന്നിലാരോ പിറുപിറുക്കുന്നു..
ഇതാണ് പഞ്ചാരമുക്ക്.. സോഫ്റ്റ്വെയര് ഡിപ്പാര്‍ട്ടുമെന്റ്.. ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ രസമാണ്.. പതിയെ ആരോരുമറിയാതെ ഈ ഇടനാഴികളിലൂടെ നടന്നാല്‍, ശ്രദ്ധിച്ചാല്‍ നിശ്വാസങ്ങള്‍ കേള്‍ക്കാം... ഈ വഴികളിലൂടെയാണ് വിദ്യാര്‍ഥി സമൂഹം പ്രകടനമായ് നീങ്ങുക.. വലിയ തീവണ്ടി പോലെ അണമുറിയാത്ത പ്രവാഹം... ഇലക്ഷന് അടുക്കുമ്പോഴാണ് ഇടനാഴികള്‍ സജീവമാകുക... തുടര്‍ച്ചയായ ക്യാമ്പയിനുകള്‍, ശക്തി പ്രകടനം... ഉത്സവഛായയുടെ ശബ്ദഘോഷത്തിലേക്ക് ഇടനാഴി മാറുന്നു...
Standing at this cross road,
as each one takes a step to a
different dimension of life;
Engraved in our hearts for ever will be,
those moments we spent together
remembering the very precious college
that brought us together..
ഭിത്തിയില്‍ ആരോ കോരിയിട്ട ഓര്‍മകുറിപ്പുകള്‍ മറികടന്നു ഗ്രാഫിക്സ് ഹാളിലേക്ക്... ഒരുപാട് സൌഹൃദങ്ങളും, പ്രണയങ്ങളും, സമരങ്ങളും, അലിഞ്ഞു ചേര്‍ന്ന ഈറന്‍ഗന്ധങ്ങള്‍, നിശ്വാസ വായുവില്‍.. എന്റെ കൈകള്‍ അറിയാതെ പോക്കറ്റിലേക്ക് നീണ്ടു.. മാഗസിന് പ്രകാശനത്തിന്റെ അന്ന് പോക്കറ്റില്‍ ഒഴുകി പടര്‍ന്ന മഷിയും, ഒരു നീല ഫൌണ്ടന് പേനയും മനസ്സില്ലേക്ക്.. അതാ അവിടെ സ്റ്റേജില്‍ നിന്നാരോ പ്രസംഗിക്കുന്നല്ലോ... “സ്വപ്നങ്ങള്‍ പോലും അന്യമാകുന്ന ഈ കാലത്ത് നിങ്ങളുടെ സ്വപ്നങ്ങളെ പൂവണിയിക്കാന്‍ നിങ്ങളുടെ വിലയേറിയ ഓരോ വോട്ടും....” മീറ്റ് ദി കാന്‍ഡിഡേറ്റ്സ് ഓര്‍മകളില്‍ നിന്ന് ഇന്നും മാഞ്ഞിട്ടില്ല...
പടിയിറങ്ങി ഇലക്ട്രോണിക്സ് ബ്ലോക്കിലേക്ക് നടക്കുമ്പോള്‍ കൂട്ടം കൂടി നില്ക്കുന്ന രണ്ടാം ബാച്ച് വിദ്യാര്‍ഥികള്‍... ഗള്‍ഫില്‍ നിന്നും അവധിക്കു വന്ന ഷിനോ ലുക്കോസ്, കട്ടിമീശക്കാരന് മാത്യു ജേക്കബ്, അനിത സിറിയക്ക്, ശ്യാമപ്രസാദ്, രാകേഷ് ചന്ദ്രന്, ദിവ്യ,....... പിന്നെ പേരറിയാത്ത ഒരുപാട് ചേട്ടന്മാരും, ചേച്ചിമാരും... പോളിയ്ക്കൊരു വെബ്സൈറ്റ് ആരംഭിക്കുന്നതിനെ കുറിച്ചാണ് ചര്‍ച്ച...
ക്യാമ്പസിന്റെ വ്യതസ്ത മേഖലകളിലായി പടര്‍ന്നു കിടക്കുന്ന ലാബുകളും, വര്‍ക്ക്ഷോപ്പുകളും.... ഇവിടെയാണ് ഞങ്ങള്‍ സങ്കേതികത ഉഴുതുമറിക്കുന്നത്... കമ്പ്യൂട്ടറുകള്‍ സ്തംഭിപ്പിക്കുന്നതും, സര്‍ക്ക്യുട്ടുകള്‍ അടിച്ചു കളയുന്നതും പഠിച്ചു പഠിച്ചു ഞങ്ങള്‍ ലാബിന്റെ മുകള്‍തട്ടു വരെ എത്തി കൊണ്ടിരിക്കുകയാണ്...
“നമ്മുക്ക് ഫസ്റ്റ് ഇയര്‍ ബ്ലോക്കിലേക്ക് പോകേണ്ടേ?” ആരോ ചോദിക്കുന്നു. മുട്ടുചിറ പള്ളിയുടെ മണിമേട കടന്നു നടക്കുമ്പോള്‍ മനസ്സില്‍ ഒരു നേര്‍ത്ത വിങ്ങല്‍. ഈ വഴിത്താരയ്ക്ക് പറയാന്‍ ഒരുപാട് കഥകളുണ്ട്... പോളിയിലെ ഒട്ടുമുക്കാല്‍ പ്രണയങ്ങള്‍ക്കും ആരംഭം കുറിച്ചത് ഈ നടപ്പാതയിലാണ്.. എത്ര തവണ കൈ കോര്‍ത്ത് ഒരേ കുടക്കീഴില് കൂട്ടുകാരോടൊത്ത് ആര്‍ത്തുല്ലസിച്ചു നടന്ന ദിനങ്ങള്‍... സമരങ്ങള്‍ക്കും, ക്യാമ്പയിനുകള്‍ക്കും, പ്രകടനങ്ങള്‍ക്കും വഴി ഒരുക്കിയ രാജവീഥി... ഒടുവില്‍ ഇലക്ഷനു ശേഷം ആഹ്ലാദ പ്രകടനവുമായ്, കഴുത്തില്‍ രക്തഹാരവുമണിഞ്ഞുള്ള ആ ഘോഷയാത്ര....
ആര്‍ക്കും മറക്കാനാവാത്ത മറ്റൊരു സ്ഥലം നമ്മുടെ ‘തോട്ടുംകര’ ആണ്. എന്തൊക്കെ സംഭവ വികാസങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിരിക്കുന്നു നമ്മുടെ തോട്ടുംകര... സ്ട്രൈക്ക്, ഇലക്ഷന്, പരീക്ഷ തുടങ്ങിയ പ്രത്യേക ദിനങ്ങളില്‍ തോട്ടുംകരയില്‍ വന്‍ പോളിങ്ങ് ആണ്....
പിന്നെ നമ്മുടെ സ്വന്തം ഗ്രൌണ്ട്.. ക്ലാസ്സ് കട്ട് ചെയ്തു ക്രിക്കറ്റ് കളിക്കാനും, നാടകം, തിരുവാതിര തുടങ്ങിയവയ്ക്കുള്ള റിഹേര്‍സലിനും വേദി ഒരുക്കിയ ഗ്രൌണ്ട്... ഇവിടെ കിടന്നു കൊണ്ട് ആകാശത്തേക്ക് നോക്കാന്‍ നല്ല രസം ആണ്.. ഇവിടെ ഇപ്പോള്‍ ഒരുപാട് ചുവന്ന മഞ്ചാടികുരുക്കള് വീണു കിടപ്പുണ്ട്... ചുവപ്പ്, വിപ്ലവത്തിന്റെയും പ്രണയത്തിന്റെയും നിറം.. വര്‍ഷങ്ങള്‍ കഴിഞ്ഞാലും മഞ്ചാടിയുടെ നിറം കെട്ടു പോകില്ല.. മനസ്സിനകത്ത് വിങ്ങലുകള്‍ സൃഷ്ടിക്കപ്പെടുമ്പോഴും മഞ്ചാടികുരുക്കള് പൊഴിഞ്ഞു കൊണ്ടിരുന്നു... മഞ്ചാടി മനസ്സിന്റെ മണിച്ചെപ്പില്‍ സൂക്ഷിക്കുന്ന കുറച്ചു പേരെയെങ്കിലും നമ്മുക്ക് ഇവിടെ കാണാം..
ഇനി അല്പം പാഠ്യേതര വിഷയങ്ങളും.. ഒന്നാമതായ് യൂണിയന്.. ഇലക്ഷനും, ക്യംപയിനും, ഇനാഗുറേഷനുകളും, ഗാനമേളകളും, പോളിഡേകളും ഞങ്ങള്‍ എങ്ങനെ മറക്കും?? പിന്നെ യൂണിയന് മെംബേര്‍സ്... നവീനും, അജേഷും, അനിതയും, ബിനീഷും, സജീവും, ഹാഷിമും, എ.കെ.പിയും, ഷാഹറും, രജീഷും, ജിനേഷും, ജാഫറും, ശ്രീലാലും, റിയാസും, സനാതനനും, രേണുകയും, സൂരജും, ശ്യാമും, രഞ്ജിത്തും, ജോഷിയും, പാര്‍വതിയും, ജെ.പിയും, അനന്തുവും, അനിത്തും... ഇവരെ ഒക്കെ എങ്ങനെ മറക്കാന്‍ കഴിയും??
പിന്നെ ആര്‍ട്സ്.. ‘സോപാന’ ത്തില്‍ തുടങ്ങി ‘ധ്വനി’ യിലൂടെയും, ‘സ്നേഹോത്സവ’ ത്തിലൂടെയും ‘തരംഗ’ ത്തിലൂടെയും, ‘സ്നേഹവര്‍ണ്ണ’ ങ്ങളിലൂടെയും വളര്‍ന്നു ‘Sparkle of Dreams’ ലും ‘ഉത്സ’ വിലും എത്തി നില്ക്കുന്ന ആര്‍ട്സ് ഫെസ്ടിവലുകള്‍... റാന്നിയിലും, കോഴിക്കോടും, പാലക്കാടും, കണ്ണൂരും, തൃശ്ശൂരും, കാസര്‍ഗോഡും വെച്ച് നടന്ന ഇന്റര്‍പോളികളെ എങ്ങനെ മറക്കും?
പിന്നെ മാഗസിന്... സ്വപ്നങ്ങള്‍ പോലും അന്യമായ കാലത്ത് ‘Symphony of Letters’-ല്‍ തുടക്കം. Rhythm of Youth-ലും, Sparkle of Dreams-ലും, Frangrance of Harmony-ലും, Favoloso-ലും, ഒടുവില്‍ ഇങ്ങു ‘മണ്‍ചിരാതുകള്‍ പറയാതിരുന്നതി’ലും, ‘മരീചിക’യിലും എത്തി നില്ക്കുന്നു...
പിന്നെ എന്‍. എസ്. എസ്... രഘു സാറും, ജോസ് സാറും, രാജീവന് സാറും, പ്രശാന്ത് ചേട്ടനും, രേണുക ചേച്ചിയും, ടോമും, ശ്യാമും, കരടിമാമന്‍ ശരത്തും, പാര്‍വതിയും, അനിത്തും, ഇജാസും, അനീസയും, അഖിലും.... പിന്നെ എന്‍. എസ്. എസിന്റെ ദശദിനക്യാമ്പുകളും...
ആഴത്തില്‍ സ്വാധീനിക്കുന്നതൊന്നും മറക്കാനുള്ളതല്ല. കാലം അനന്തമായ് പ്രവഹിച്ചാലും സ്മരണകള്‍ക്ക് യൗവ്വനം നശിക്കാതെ നിലനില്ക്കും. ഒരിക്കല്‍ നിന്നെ പരിചയപ്പെടുമ്പോള്‍ പിരിയേണ്ടി വരുമെന്ന് അറിയാമായിരുന്നു. എല്ലാം അറിയാമായിരുന്നിട്ടും നിന്നെ അഗാധമായി സ്നേഹിച്ചു പോയത് എന്തിനാണ്? കൗമാര സങ്കല്‍പ്പങ്ങള്‍ക്ക് വര്‍ണ്ണം ചാലിക്കപ്പെടുമ്പോള്‍ സര്‍ഗാത്മകത തേരിലേറുന്നു. ചക്രവാകങ്ങളും, ഋതുക്കളും കടന്ന് പ്രകാശവേഗത്തിനപ്പുറം ആത്മാര്‍ത്ഥതയുടെ നൊമ്പരകൂട്ടിലേക്ക് നിന്നെ യാത്രയക്കേണ്ടി വരുമെന്ന ബോദ്ധ്യവുമുണ്ട്. സങ്കല്‍പ്പങ്ങളുടെ ലോകത്ത് നിന്ന് ‘Be practical’ എന്ന് വിളിച്ചു പറയാന്‍ അസാധ്യമാണല്ലോ? ഇത്രയേറെ കനവുകള്‍ തന്നതിന് നന്ദി പറയുവാന്‍ പോലും അര്‍ഹതയില്ലാതെ തൊണ്ട കനക്കുന്നു... നിന്റെ യൌവ്വനത്തിന് കാലം ഉള്ളിടത്തോളം മരണമില്ലല്ലോ... വിസ്മൃതിയിലേക്ക് ആണ്ട് പോകുന്നത് ഞങ്ങള്‍ ആണല്ലോ? അനശ്വരതയിലേക്ക് പടര്‍ന്നു കയറുന്നത് നീയും...
പെയ്തൊഴിയാത്ത കാര്‍മേഘകൂട്ടങ്ങള്‍ക്കിടയിലെ
വിശ്വാസം നിനക്കായ് സമര്‍പ്പിക്കപ്പെട്ടിരിക്കുന്നു...
നിനക്കിനിയും ഗര്‍വോടെ ചൊല്ലിക്കൊണ്ടിരിക്കാം...
യാത്രയാകുന്നു സഖീ,
നിന്നെ ഞാന്‍ മൌനത്തിന്റെ
നേര്‍ത്ത പട്ടുനൂല്‍ പൊട്ടിച്ചിതറും പദങ്ങളാല്‍...
വാക്കിനു വിലപിടിപ്പേറുമീസ്സന്ദര്‍ഭത്തില്‍
ഓര്‍ക്കുക, വല്ലപ്പോഴും...
എന്നലാതെന്തോതും ഞാന്‍...
കാരണം യാത്രയാകുന്നത് ഞങ്ങളാണല്ലോ....?? ഞങ്ങള്‍ മാത്രം......
ഇറങ്ങുകയാണ് ഞാന്‍ ഈ പടവുകള്‍...
എന്റെ പാദങ്ങള്‍ പതിഞ്ഞ ഈ മണ്ണില്‍ നിന്നും...
വിട പറയുകയാണ് ഞാന്‍ ഈ കോളേജിനോട്...
എന്‍ സ്വപ്നങ്ങളും, നൊമ്പരങ്ങളും, സന്തോഷങ്ങളും
പങ്കു വെച്ച ഈ കലാലയത്തിനോട് വിട....
ഇവിടെ ഈ നീണ്ട ഇടനാഴിയില്‍ മൌനം ഉറഞ്ഞു കൂടുന്നു...
ഈ പടവുകള്‍ മറ്റാര്‍ക്കോ വേണ്ടി കാത്തുനില്‍ക്കുകയാണ്...
പൂര്‍വ വിദ്യാര്‍ഥി സംഗമത്തിനു ശേഷം പിരിയുന്ന
പലരുടെയും മിഴികളില്‍ കണ്ണീരിന്റെ നനവുണ്ട്...
ചുണ്ടുകള്‍ വിതുമ്പുന്നുണ്ട്...
വാക്കുകള്‍ മുറിയുന്നുണ്ട്...
ആ മൂന്നു വര്‍ഷങ്ങള്‍...
ഇനി എന്നെങ്കിലും ഈ വഴിയിലൂടെ
കടന്ന് പോകുമ്പോള്‍ നമ്മള് ഓര്‍മിക്കും...
എന്റെയും പാദസ്പര്ശങ്ങള് ഈ കോളേജ് അങ്കണത്തിലും,
ക്ലാസ്സ് മുറികളിലും, ഈ പച്ച മണ്ണിലും പതിഞ്ഞിട്ടുണ്ടെന്നു...
ഇന്നീ പാല്‍നിലാവില്‍, വിരഹാര്‍ദ്രമാമിരുളില്‍...
നനവായ് മിഴികളില്‍ വീണ്ടും ഓര്‍മകളോ....
ഹൃദയമിനിയേതോ പുതിയ ചിറകില്‍
ഉയര്‍ന്നു പാറി അലയുമ്പോള്‍...
എത്ര തുള്ളികള്‍ മാനസവീചിയില്‍ ഒന്നായ് ചേരുന്നു......
ഇനി ഒരു ജന്മം ഉണ്ടെങ്കില്‍....
നമ്മുക്ക് വീണ്ടും ഈ പോളിയുടെ മുറ്റത്ത് വെച്ച് വീണ്ടും കണ്ടു മുട്ടാം....