2011, ജൂലൈ 6, ബുധനാഴ്‌ച

എന്‍റെ പ്രിയ റോസ്മേരി


“ഡാ, നീ ഇത് വരെ എഴുന്നേറ്റില്ലേ? ഞാന്‍ അങ്ങോട്ട്‌ വന്നാലുണ്ടല്ലോ? നിനക്ക് ഇന്ന് പോളിയില്‍ പോകണ്ടേ?” സ്റ്റൈലന്‍ ഒരു സ്വപ്നവും കണ്ടു സുഖമായ്‌ ഉറങ്ങുകയായിരുന്നു ഞാന്‍. എന്നും അമ്മ ഇങ്ങനെ ആണ്. ഒന്ന് ശരിക്ക് ഉറങ്ങാനും സമ്മതിക്കില്ല. ചാടി എണീറ്റ്‌ പല്ല് തേക്കാന്‍ ഓടി. സമയം 6.35. ഇരുപതു മിനിട്ടിനുള്ളില്‍ ഞാന്‍ നല്ല കുട്ടപ്പനായി കഴിക്കാന്‍ വന്നിരുന്നു. ഒട്ടും വിശക്കുന്നില്ല. എങ്കിലും അമ്മയെ ബോധിപ്പിക്കുവാന്‍ വേണ്ടി ആഹാരം കഴിച്ചെന്നു വരുത്തി. ശ്ശൊ, പൌഡര്‍ ഇടാന്‍ മറന്നല്ലോ.. പെട്ടന്ന് എണീറ്റ്‌ കണ്ണാടിക്കു മുന്നിലേക്ക്‌ ഓടി.

അമ്മ വിളിച്ചു ചോദിച്ചു. “എന്താടാ ഇന്ന് പുതിയൊരു ഒരുക്കം? ക്ലാസ്സില്‍ പുതിയ പെണ്‍പിള്ളേര്‍ വല്ലതും വന്നോ? അതോ ഇന്ന് ക്യാമ്പയിന്‍ വല്ലതും ഉണ്ടോ?” ഞാന്‍ ഒന്നും മിണ്ടിയില്ല. എന്റെ ടെന്‍ഷന്‍ എനിക്കല്ലേ അറിയൂ.. വാച്ചിലേക്ക് നോക്കി.. കര്‍ത്താവെ....! സമയം 7.05. എന്റെ റോസ്മേരി. അവള്‍ കൃത്യം 7.20നു വരും. ഇന്ന് അവളെ കാണാന്‍ സാധിക്കുമോ? അവളുടെ കൂടെ പോകാന്‍ പറ്റിയില്ലേല്‍ പിന്നെ കോളേജില്‍ കേറാന്‍ ഒരു മൂഡില്ല. അവള്‍ ഇന്ന് എങ്ങാനും നേരത്തെ പോകുമോ? ഇങ്ങനെ ഒരായിരം ചോദ്യങ്ങള്‍ എന്റെ മനസ്സിലേക്ക് ഓടിയെത്തി.

“അമ്മേ, ഞാന്‍ ഇറങ്ങുവാ.. കതകടച്ചോ..” വഴിയില്‍ കൂട്ടുകാരന്‍ ദീപു നില്‍പ്പുണ്ട്. “ഡാ ദീപുവേ, ഇന്ന് അധികം വാചകമടിക്കാന്‍ സമയമില്ല. താമസിച്ചാല്‍ എന്റെ റോസ്‌മേരി പോകും.” എന്നാല്‍ അതൊന്നും ശ്രദ്ധിക്കാതെ അവന്‍ വാചകമടി തുടര്‍ന്നു. അടുത്ത് വരുന്ന ആര്‍ട്സ്‌ ഫെസ്ടിവലിനെ കുറിച്ചായിരുന്നു ഇന്നത്തെ ചര്‍ച്ച. കൃത്യം 7.15നു ഞങ്ങള്‍ ബേക്കര്‍ ജങ്ക്ഷനില്‍ എത്തി. അതാ ഒരു ബസ്‌ വരുന്നു – എറണാകുളം ലിമിറ്റഡ് സ്റ്റോപ്പ്‌ ആന്‍ഡ്രൂ. “എടാ, നീ വരുന്നോ? ഞാന്‍ ഇതില്‍ പോവാണ്. എനിക്ക് നാടകം പ്രാക്ടീസ് ഉള്ളതാണ്.” ദീപു പറഞ്ഞു. “ഇല്ലെടാ.. റോസ്‌മേരി എത്തിയില്ലല്ലോ.. അവള്‍ വന്നിട്ടേ ഞാന്‍ ഉള്ളൂ. ഞാന്‍ വരുന്നില്ല, നീ പൊയ്ക്കോ.” ഞാന്‍ പറഞ്ഞു. ദീപു ബസില്‍ കയറി പോയി.

എന്‍റെ  റോസ്‌മേരിക്ക് എന്ത് പറ്റിയോ ആവോ? സമയം 7.45 കഴിഞ്ഞു. ഇനി ബേക്കര്‍ ജങ്ക്ഷനില്‍ പ്രൈവറ്റ് ബസ്‌ വരില്ല. ആദ്യത്തെ പീരീഡ്‌ സുനില്‍ സാറിന്റെ ലാബ്‌ ആണ്. താമസിച്ചു ചെന്നാല്‍ കയറ്റില്ല. ദുഃഖം ഉറഞ്ഞു കൂടിയ മനസ്സുമായി എന്ത് ചെയ്യണമെന്നറിയാതെ ഞാന്‍ നിന്ന്. അപ്പോള്‍ കോളേജില്‍ നിന്നും കൂട്ടുകാരുടെ ഫോണ്‍. “ഡാ, ഏതോ പോസ്റ്റര്‍ കീറി എന്ന് പറഞ്ഞു ഒരു പാര്‍ട്ടിക്കാര്‍ സ്ട്രൈക്ക് എടുക്കാന്‍ തയ്യാറാകുന്നു. നീ പെട്ടന്ന് വാ, അനാവശ്യ സ്ട്രൈക്ക് അനുവദിച്ചു കൂടാ. നീ വന്നു രണ്ട് ഡയലോഗ് അടിക്ക്.” അപ്പോള്‍ ഇതാ വരുന്നു ഒരു പഴഞ്ചന്‍ ട്രാന്‍സ്‌പോര്‍ട്ട്‌ ബസ്‌. ഇനിയും അവളെ നോക്കി നിന്നിട്ട് കാര്യം ഇല്ല. ഒരു വിധത്തില്‍ ഞാന്‍ അതില്‍ കയറി പറ്റി.

ബസില്‍ നില്‍ക്കുമ്പോഴും എന്‍റെ ചിന്ത എന്‍റെ റോസ്‌മേരിയെ കുറിച്ചായിരുന്നു. ആദ്യമായ് അവളെ കാണുന്നത് പോളിയില്‍ ചേരാന്‍ പോയ അന്നാണ്. മുട്ടുചിറയില്‍ നിന്ന് കോട്ടയത്തിനു മടങ്ങി വന്നത് ഒരുമിച്ചാണ്. അന്ന് തുടങ്ങിയ സൌഹൃദം ഇന്ന് മൂന്നാം കൊല്ലത്തില്‍ എത്തി നില്‍ക്കുന്നു. എന്നും അവളോടൊപ്പം ആണ് കോളേജില്‍ പോയിരുന്നത്, ഇന്നാദ്യമായ്‌ അവള്‍ ഇല്ലാതെയുള്ള യാത്രാ... “ടിക്കറ്റ്‌, ടിക്കറ്റ്‌” കണ്ടക്ടറുടെ കൈയില്‍ 12 രൂപ ഫുള്‍ ചാര്‍ജ് വിഷമത്തോടെ കൊടുത്തപ്പോള്‍ ഓര്‍ത്തു, അവള്‍ നേരത്തെ വന്നിരുന്നേല്‍ പ്രൈവറ്റ് ബസില്‍ 2.50 കൊടുത്തു പോരാമായിരുന്നു..!! അവള്‍ക്കു എന്ത് പറ്റിയോ ആവോ? അസുഖം വല്ലതും ആയിരിക്കുമോ?

മുട്ടുചിറയില്‍ ഞാന്‍ ബസ്‌ ഇറങ്ങി. മനസ്സില്‍ റോസ്‌മേരിയെ കുറിച്ചുള്ള ചിന്തകള്‍ മാത്രം. ഞങ്ങള്‍ ഇത്രയേറെ അടുത്ത് പോയെന്നു ഇപ്പോള്‍ ആണ് മനസ്സിലാക്കുന്നത്. ഈ കൊല്ലം കോഴ്സ് കമ്പ്ലീറ്റ്‌ ചെയ്തു കഴിയുമ്പോള്‍ പിരിയേണ്ടി വരുമെന്ന ഓര്മ എന്നെ നടുക്കി.
ബസ്‌ സ്റ്റോപ്പില്‍ പടിയത്ത് ബസിലെ കണ്ടക്ടര്‍ മനോഹരന്‍ ചേട്ടന്‍ നില്‍പ്പുണ്ടായിരുന്നു. “എന്താ ചേട്ടാ, ഇന്ന് കയറിയില്ലേ?” ഞാന്‍ കുശലം ചോദിച്ചു. “ഇല്ലെടാ. ഇന്നലെ ഇറങ്ങി. വ്യാഴാഴ്ച വീണ്ടും കേറും. ഇന്നെന്താ താമസിച്ചേ? കോളേജില്‍ ബെല്‍ അടിച്ചല്ലോ...” മനോഹരന്‍ ചേട്ടന്‍ പറഞ്ഞു. “എന്ത് ചെയ്യാനാ ചേട്ടാ.. ഞാന്‍ റോസ്‌മേരിയെ കാത്തു ബേക്കര്‍ ജങ്ക്ഷനില്‍ നില്‍ക്കുകയായിരുന്നു. ഏഴേമുക്കാല്‍ ആയിട്ടും വന്നില്ല. റോസ്‌മേരിയെ കണ്ടിരുന്നോ?” ഞാന്‍ ചോദിച്ചു. “അപ്പോള്‍ നീ ഒന്നും അറിഞ്ഞില്ലേ?” മനോഹര്‍ ചേട്ടന്‍ എന്നെ അടിമുടി നോക്കി. എന്‍റെ മനസ്സില്‍ ഒരു ഇടിവാള്‍ വെട്ടി. ദൈവമേ... എന്‍റെ റോസ്‌മേരിക്കു എന്തെങ്കിലും അപകടം..?? “എന്ത് പറ്റി മനോഹരന്‍ ചേട്ടാ?” ഞാന്‍ ചോദിച്ചു.

“ഇന്നലെ വൈകുന്നേരം വെട്ടിക്കാട്ടുമുക്ക് പാലത്തിന്റെ അപ്പുറത്തെ വളവില്‍ വെച്ച് റോസ്‌മേരി, നമ്മുടെ സെന്‍റ് ആന്‍റണിക്കിട്ടൊന്നു ചാമ്പി. രണ്ട് വണ്ടിയും ദേ ഇപ്പൊ തലയോലപ്പറമ്പ് സ്റ്റേഷനില്‍ കിടപ്പുണ്ട്.....!!!”