2007, ഡിസംബർ 18, ചൊവ്വാഴ്ച

എന്തിനു ജീവിക്കുന്നു?

അല്ഫോണ്സ് കണ്ണന്താനം

''മണ്ടന്, നീയൊന്നും ജയിക്കാന് പോണില്ല. ഒരു വര്ഷം കൂടി കഴിഞ്ഞ് പരീക്ഷയെഴുതിയാല് മതി''. എസ്.എസ്.എല്.സി പരീക്ഷ എഴുതാന് തയ്യാറെടുത്തു നിന്ന അല്ഫോണ്സ് എന്ന കുട്ടിയോട് ഹെഡ്മാസ്റ്റര് പറഞ്ഞു. സര് പറഞ്ഞതിലും കാര്യമില്ലാതിരിക്കില്ല. സ്കൂളിലെ ഏറ്റവും നല്ല ഉഴപ്പന്മാരില് ഒരാളായിരുന്നു ഞാന്.

എങ്കിലും ഞാന് പരീക്ഷ എഴുതി. റിസള്ട്ട് വന്നപ്പോള് 42% മാര്ക്കോടെ കഷ്ടിച്ച് ജയിച്ചിരിക്കുന്നു. പക്ഷേ നല്ല കോളജില് ചേര്ന്ന്, നല്ല കോഴ്സെടുത്ത് പഠിക്കാന് പറ്റിയ മാര്ക്കില്ല. മാര്ക്ക് ലിസ്റ്റുമായി തിരിച്ചു വരും വഴി മണിമലയാറിന്‍റെ കരയിലിരുന്ന് ഞാന് ഒരുപാട് നേരം ചിന്തിച്ചു. ''ഞാന് എന്തിനാ ജനിച്ചത്? എങ്ങനെയെങ്കിലും ജീവിച്ചു പോകാനോ?''

പുഴക്കരയില് നിന്നെഴുന്നേറ്റു പോകും മുമ്പേ ഒരു കാര്യം ഞാന് മനസ്സിലുറച്ചിരുന്നു! മാറ്റം വരുത്തണംസ്വന്തം ജീവിതത്തിലും സമൂഹത്തിലും! ന്ത്യയിലെ മിടുക്കന്മാരായ ..എസ് ഓഫീസര്മാരിലൊരാള് എന്ന ഖ്യാതി നേടിയ അല്ഫോന്സ് കണ്ണന്താനത്തിന്‍റെ ജൈത്രയാത്രയുടെ തുടക്കം ഇവിടെയാണ്.

..എസ്. പരീക്ഷയില് എട്ടാം  റാങ്കുകാരനായിരുന്നു ഞാന്. ടൈം മാഗസിന് നൂറ്റാണ്ടിലെ നൂറു യുവനേതാക്കളുടെ പട്ടികയില് ഉള്പ്പെടുത്തിയ ആദ്യ ഇന്ത്യാക്കാരനും. നാട്ടിന്പുറത്തെ ഒരു സാധാരണ മലയാളം മീഡിയം സ്കൂളിലാണ് ഞാന് പഠിച്ചതെന്ന് പറഞ്ഞാല് ആരും വിശ്വസിക്കില്ല.

പിന്നെ, എങ്ങനെയാണ് ഞാന് ഇപ്പോഴത്തെ ഞാനായത്? ഒരു സുപ്രഭാതത്തില് എന്തിനും കഴിവുള്ള അതിമാനുഷനായി മാറുകയായിരുന്നോ? അല്ല, എല്ലാം കഠിനയത്നത്തിലൂടെ നേടിയതാണ്. ശരിയായ അടിസ്ഥാനം നേടുകയായിരുന്നു ആദ്യഘട്ടം. അതിലേക്കുള്ള തുടക്കമായി ഞാന് എന്നോടുകൂടെ തന്നെ ചോദിച്ചു. ''എന്തിന് ജീവിക്കുന്നു? എന്താണെന്‍റെ ജന്മലക്ഷ്യം? 42 ശതമാനക്കാരനാകുന്നതില് ജീവിതത്തിന് എന്തര്ത്ഥമാണുള്ളത്?''

നിശ്ചയധാര്‍ഢ്യത്തോടെത്തോടെയുള്ള കഠിന പരിശീലനത്തിന്റെ നാളുകളായിരുന്നു പിന്നീട്. കീറാമുട്ടിയായിരുന്ന ഇംഗ്ലീഷിനെ വരുതിയില് കൊണ്ടുവരാനായിരുന്നു ആദ്യശ്രമം. അതിന് ഓക്സഫോര്ഡ് ഡിക്ഷണറിയുടെ 25 പേജ് വീതം ദിവസവും വായിച്ചു. വര്ഷങ്ങളോളം ഇതു തുടര്ന്നു. പഠിക്കുന്ന വാക്കുകള് എഴുത്തിലും സംസാരത്തിലും പ്രയോഗിക്കാന് ശ്രമിച്ചു. ഭാഷയുടെ സ്വഭാവം മനസ്സിലാക്കാന് ലോകക്ലാസിക്കുകള് വായിച്ചു.

ലോകനിലവാരമുള്ള ഇംഗ്ലീഷ് ഉച്ചാരണം സ്വായത്തമാക്കാനായി പിന്നത്തെ ശ്രമം. അതിനു ബി.ബി.സി. സ്പീക്കിംഗ് കോഴ്സ് ദിവസവും ശ്രമിച്ചു. ആകാശവാണിയുടെ ഇംഗ്ലീഷ് വാര്ത്ത എല്ലാദിവസവും കേള്ക്കുമായിരുന്നു. പ്രയാസമേറിയ സംഗതി പിന്നീടായിരുന്നു. കണ്ണാടിക്കു മുന്നില് നിന്ന് ഉച്ചാരണത്തില് നാവിന്റെയും ചുണ്ടിന്റെയും ചലനം കൃത്യമാക്കാന് വാക്കുകള് ഒരായിരം തവണ ആവര്ത്തിച്ചു. ഇംഗ്ലീഷ് പഠിച്ചതോടെ പ്രസംഗിക്കാമെന്നായി. അടച്ചിട്ട മുറിയില് ശൂന്യതയോടെ പ്രസംഗിച്ചു മാസങ്ങളോളം പരിശീലിച്ചും ഒടുവില് ആദ്യമായി സ്റ്റേജില് കയറിയപ്പോഴോ? കൂവിയിരുത്തിക്കളഞ്ഞു. വിട്ടുകൊടുക്കാന് തയ്യാറാകാതെ വീണ്ടും ആറു മാസത്തോളം ഞാന് പരിശീലനം തുടര്ന്നു ഒടുവില് അഖിലേന്ത്യാ തലത്തില് നടത്തിയ ഇംഗ്ലീഷ് പ്രസംഗത്തില് ഞാന് ഒന്നാംസ്ഥാനം നേടി.

സാമ്പത്തിക ശാസ്ത്രമായിരുന്നു കോളജില് ഐച്ഛിക വിഷയം. എല്ലാ പരീക്ഷയും ഒന്നാമതായി ജയിച്ചു കഴിഞ്ഞപ്പോള് എനിക്കൊരു മോഹം ..എസുകാരനാവണം. അതുവരെ പഠിച്ച ഇക്കണോമിക്സ് വിട്ട് ഹിസ്റ്ററി, സോഷ്യോളജി, ഫിലോസഫി എന്ന വിഷയങ്ങളാണ് ഞാന് തിരഞ്ഞെടുത്തത്. ധനതത്വശാസ്ത്രജ്ഞര് പൊതുവേ മാര്ക്ക് നല്കുന്നതില് പിശുക്കന്മാരായതിനാലായിരുന്നു തീരുമാനം.

9 മാസത്തോളം പുതിയ വിഷയങ്ങള് പഠിച്ചു. ജീവിതത്തിലെ മഹാത്ഭുതമായി ഫലം വന്നു. മൂന്നു വിഷയത്തിലും ഒന്നാം സ്ഥാനം! വാസ്തവത്തില്, 9 മാസത്തെ അദ്ധ്വാനത്തിന്റെ ഫലമായിരുന്നില്ല അത്; 42% മാര്ക്ക് കിട്ടിയതു മുതലുള്ള പത്തുവര്ഷത്തെ കഠിന തപസ്യയുടേതായിരുന്നു.

..എസില് എത്തിയതോടെ എനിക്കൊരു ദൗത്യമുണ്ടെന്ന് ഞാന് തിരിച്ചറിഞ്ഞു. 1981ല് ആദ്യത്തെ നിയമനം ദേവികുളം സബ്കളക്ടറായാണ്. പിന്നീട് 1985ല് ഞാന് മില്മയുടെ എം.ഡി.യായി. 1988ല് കോട്ടയം ജില്ലാ കളക്ടറായി ചുമതലയേറ്റു. കോട്ടയത്ത് ക്യാന്സര് ആശുപത്രി ആരംഭിച്ചത് അക്കാലത്താണ്. 1989 ജൂണ് 12ന് കോട്ടയം ഇന്ത്യയിലാദ്യമായി നൂറുശതമാനം സാക്ഷരത നേടിയ നഗരമായി പ്രഖ്യാപിക്കപ്പെട്ടു. എം.ജി. സര്വകലാശാല വൈസ് ചാന്സലര് പ്രൊഫ. യു.ആര്.അനന്തമൂര്ത്തി, മുന്സിപ്പല് ചെയര്മാന് ശ്രീ. മാണി ഏബ്രഹാം എന്നിവരായിരുന്നു സാക്ഷരതായജ്ഞത്തിനു ചുക്കാന് പിടിച്ചത്.

1992-ല് ഞാന് ഡല്ഹി ഡവലപ്മെന്റ് അതോറിറ്റി കമ്മീഷണറായി നിയമിതനായി. മൂന്നരവര്ഷക്കാലം കൊണ്ട് 14,000 അനധികൃത കെട്ടിടങ്ങള് ഇടിച്ചുനിരത്തി. പതിനായിരം കോടി രൂപ വിലവരുന്ന ആയിരത്തഞ്ഞൂറു ഏക്കര് ഭൂമി വീണ്ടെടുത്തു. 1995 ഒക്ടോബര് 22-ന് ടൈംസ് ഓഫ് ഇന്ത്യ പ്രസിദ്ധപ്പെടുത്തിയ അഭിപ്രായ വോട്ടെടുപ്പില് ഡല്ഹി നിവാസികളില് 89 ശതമാനം എന്നെ പിന്താങ്ങുന്നു എന്നത് എന്റെ ദൗത്യത്തിന് ഒരു ഉത്തേജനമായി.

ഭാരതം അഭിമുഖീകരിക്കുന്ന അടിസ്ഥാനപരമായ പ്രശ്നങ്ങളിലേക്ക് സമാധാനപരമായ മാര്ഗ്ഗത്തിലൂടെ ജനങ്ങളുടെ ശ്രദ്ധ തിരിക്കുന്നതിനാണ് 1994 ഒക്ടോബറില് 'ജനശക്തി' എന്ന പ്രസ്ഥാനം ഞാന് ആരംഭിച്ചത്. ബ്യൂറോക്രസിയും, അഴിമതിയുമാണ് ഇന്ന് നമ്മുടെ രാജ്യം നേരിടുന്ന മുഖ്യ പ്രതിസന്ധി. കൊള്ളാവുന്നവര് രാഷ്ട്രീയത്തിലേക്കു വരികയാണ് ഇതിനു പരിഹാരം. കൊള്ളാവുന്നവര് രാഷ്ട്രീയത്തില് ഇറങ്ങിയാല് ചെളിക്കുണ്ടില് മുങ്ങിത്താഴുമെന്ന് അവര് ഭയപ്പെടുന്നു. ഉത്തരവാദിത്തമില്ലായ്മയുടെയും ഭീരുത്വത്തിന്റെയും ലക്ഷണമാണത്. സ്ഥിതിഗതികള്ക്ക് മാറ്റം വരണമെങ്കില് ധൈര്യവും സേവനപാരമ്പര്യവുമുള്ള നല്ല മനുഷ്യര് രാഷ്ട്രീയത്തില് പ്രവേശിച്ച് അന്തരീക്ഷത്തെ ശുദ്ധീകരിക്കണം. അല്ലാതെ മറ്റൊരു മാര്ഗ്ഗവുമില്ല. രാഷ്ട്രീയരംഗം ശുദ്ധീകരിക്കുക എളുപ്പമല്ല; എന്നാലും ആരെങ്കിലും അതു ചെയ്തേ പറ്റൂ. ആരും അതിനു തയ്യാറായില്ലെങ്കില് രാഷ്ട്രം ഛിന്നഭിന്നമാകും. അതുകൊണ്ട് കൊള്ളാവുന്ന വ്യക്തികള്ക്ക്  രാഷ്ട്രീയത്തിലിറങ്ങാനുള്ള ധാര്മ്മിക പിന്തുണ നല്കുന്ന ഒരു പ്രസ്ഥാനം കെട്ടിപ്പടുക്കുകയാണ് ജനശക്തിയുടെ ഉദ്ദേശ്യം. രാഷ്ട്രീയമെന്നത് മാന്യതയുള്ള ഒരു പദമായിത്തീരണം. പെരുച്ചാഴികള്ക്കു കയറിയിറങ്ങാനുള്ള ചവറുകൂനയല്ല രാഷ്ട്രീയം.


തു വിഷയം പഠിച്ചാലും നിങ്ങള്ക്ക് വിജയത്തിലേക്കെത്താനാവും. എന്തു പഠിക്കുന്നു എന്നതിലല്ല, എങ്ങനെ പഠിക്കുന്നു എന്നതിലാണ് കാര്യം. അച്ഛനമ്മമാരുടെ നടക്കാതെപോയ സ്വപ്നങ്ങളാണ് ഇന്ന് മക്കളുടെ മുതുകത്ത് കെട്ടിവയ്ക്കപ്പെടുന്നത്. ഭാരം താങ്ങാനാവാതെ വീണുപോയ എത്രയോ മിടുക്കന്മാര് താഴേക്കിടയിലുള്ള ജോലികള് ചെയ്ത് ഇച്ഛാഭംഗത്തോടെ ജീവിക്കുന്നു. കുട്ടികളുടെ കഴിവും താല്പര്യവുമനുസരിച്ച് വേണം ഉപരിപഠനത്തിനുള്ള കോഴ്സുകള് തിരഞ്ഞെടുക്കേണ്ടത്. ''വേണമെങ്കില് നിങ്ങള് ചെരുപ്പുകുത്തി ആയിക്കോളൂ. പക്ഷേ മിടുക്കനായ ചെരുപ്പുകുത്തിയാവണം''. ഞാന് എന്റെ മക്കള്ക്ക് നല്കുന്ന ഉപദേശം ഇതാണ്.

എന്തിനു ജീവിക്കുന്നു എന്ന ചോദ്യത്തിന് എനിക്ക് നിങ്ങളോട് പറയാന് ഒറ്റ ഉത്തരമേ ഉള്ളൂ; വിജയിക്കാന്, സമൂഹത്തിനു നന്മ ചെയ്യാന്.

ഇപ്പോഴും സൂക്ഷ്മമായ ആസൂത്രണത്തോടെ ഞാന് കഠിനാധ്വാനത്തിലാണ്. ആളുകളുടെ ജീവിതം മെച്ചപ്പെടുത്താന് അര്പ്പണബോധത്തോടെ അധ്വാനിക്കുന്നത് ഏറെ ആഹ്ലാദകരമാണ്. എന്‍റെ നല്ലകാലം വന്നു. ഒരിക്കല് മാത്രമുള്ള ജീവിതത്തില് ഏറ്റവും മികച്ചതാണ് ഞാന് ആ്രഗഹിക്കുന്നത്.

27 വര്ഷത്തെ സിവില് സര്വ്വീസില് ഞാന് വഹിച്ച ഓരോ പദവിയിലും മറ്റുള്ളവരില് നിന്നും വ്യത്യസ്തത പുലര്ത്തണമെന്ന് ഞാന് ആഗ്രഹിച്ചതുകൊണ്ടാണ് വാര്ത്തകളിലും ജനമനസ്സിലും നിറഞ്ഞുനിന്നത്. ഒടുവിലിപ്പോള് ..എസ് രാജിവെച്ച് ജനപിന്തുണയുടെ വിജയതിലകം ചാര്ത്തി എം.എല്..യുമായി.

നിങ്ങളോട് പറയാന് എനിക്കിത്ര മാത്രമേയുള്ളു ''എന്തിനു ജീവിക്കുന്നു?'' എന്ന് സ്വയം ചോദിക്കുക. നമ്മുടെ ലക്ഷ്യത്തിലെത്താന് സ്വപ്നങ്ങള് കാണുക. അത് യാഥാര്ത്ഥ്യമാക്കാന് യത്നിക്കുക. വിജയിക്കുക. മറ്റുള്ളവര്ക്ക് നന്മ ചെയ്യുക. സ്വന്തം കാര്യം മാത്രം നോക്കിയിരുന്നാല് നാം ഒന്നും നേടാന് പോകുന്നില്ല.

കഠിനാദ്ധ്വാനത്തിലൂടെ വിജയാശ്വത്തെ മെരുക്കിയിണക്കി ലക്ഷ്യത്തിലേക്ക് കുതിച്ച അല്ഫോണ്സ് കണ്ണന്താനത്തിന്റെ വാക്കുകള് വെറും വാക്കുകളാവുന്നതെങ്ങനെ?


(2007 ഡിസംബര്‍ 17നു കടുത്തുരുത്തി പഞ്ചായത്ത്‌ കമ്മ്യൂണിറ്റി ഹാളില്‍ വച്ച് നടന്ന കോളേജ് യൂണിയന്‍ ഉദ്ഘാടന പ്രസംഗത്തില്‍ നിന്നുള്ള പ്രസക്ത ഭാഗങ്ങളും, മാഗസിന് എഡിറ്റര് ജോഷി കുര്യന്‍ നടത്തിയ അഭിമുഖ സംഭാഷണത്തില് നിന്നുമായി തയ്യാറാക്കിയത്.)