2011, നവംബർ 11, വെള്ളിയാഴ്‌ച

നിനച്ചിരിക്കാതെ...


ആമുഖം

 ചില കഥകള്‍ അങ്ങനെയാണ്... വായിച്ചു കഴിഞ്ഞാലും അത് നമ്മളുടെ ജീവിതത്തിലെ ചില മുഹൂര്‍ത്തങ്ങളെ ഓര്‍മിപ്പിച്ചു കൊണ്ടിരിക്കും.. 3 വര്‍ഷങ്ങള്‍ക്കു മുമ്പ് പിറവം ടോക്ക്-എച്ച് കോളേജിലെ ഒരു വിദ്യാര്‍ഥി (പേര് ഓര്‍മയില്ല) പറഞ്ഞ കഥ.. അത് പിന്നീട് 2008-ലെ എന്‍റെ ‘മണ്‍ചിരാതുകള്‍ പറയാതിരുന്നത്’ എന്ന കോളേജ് മാഗസിനില്‍ അനിത്ത് അര്‍ജുന്‍ അത് പുനരാഖ്യം ചെയ്തപ്പോഴും ഈ കഥയില്‍ എവിടെയോ ഞാന്‍ ജീവിക്കുന്നു എന്ന് തോന്നിയിരുന്നു... ഇപ്പോള്‍ കഴിഞ്ഞ രണ്ടു മാസങ്ങളില്‍, രോഗ കിടക്കയില്‍ വെച്ചാണ് ആ കഥയ്ക്ക് മൂന്നാമതൊരു ആഖ്യാനത്തിന് ഞാന്‍ തയ്യാറാവുന്നത്... ഈ കഥയ്ക്ക് ജീവിച്ചിരിക്കുന്നവരും, മരിച്ചവരുമായി യാതൊരു സാമ്യവും ഇല്ല എന്ന് ഞാന്‍ പറഞ്ഞാല്‍ ഒരി പക്ഷെ അത് വ്യാജ പ്രസ്താവന ആയിരിക്കും.
 . . . ഇനി ശേഷം കഥയില്


ഇന്നലെകള്‍ എനിക്ക് നല്‍കിയത്‌...

23 വര്‍ഷത്തെ കോട്ടയം ജീവിതം എനിക്ക് ഓര്‍മ്മിക്കാന്‍ നല്ലത് മാത്രമേ തന്നിരുന്നുള്ളൂ... നെല്‍വയലുകളില്‍ കേട്ട് മറന്ന കൊയ്ത്തു പാട്ടിന്റെ ഈരടികളും.. മീന മാസത്തെ കൊടുംചൂടത്തും, നട്ടുച്ചക്കും എന്റെ ചിന്തകള്‍ക്ക് തണലേകിയ നാട്ടിലെ ആല്‍മരവും, കുട്ടിക്കാലത്ത് പിരിഞ്ഞു പോയ കൂട്ടുകാരി തന്ന മയില്പീലിതുണ്ടും, മഞ്ചാടികുരുക്കളും, യുവരാജാവിന്റെ പകിട്ടോടെ ജീവിച്ചു തീര്‍ത്ത സ്കൂള്‍ ജീവിതവും, എന്റെ പ്രിയപ്പെട്ട കൂട്ടുകാരുടെ ഒപ്പം പാടവരമ്പത്ത് കൂടെ നടന്ന സായ്ഹങ്ങളും.. കലര്പില്ലാത്ത സ്നേഹം പങ്കു വെച്ച കൂട്ടുകാരുടെ ഒപ്പം കോളേജിനു സമീപം ഉള്ള തട്ടുകടകളില്‍ “മമ്മൂട്ടിയോ മോഹന്‍ലാലോ”, “സച്ചിന് ശേഷം ആര്?”, “രാവിലെ ബസില്‍ കേറിയ നീല ചുരിദാര്‍” തുടങ്ങിയ സമകാലിന വിഷയങ്ങളില്‍ പഠനം നടത്തി ഘോരഘോരം വാദിച്ചിരുന്ന ദിനങ്ങള്‍.... ഓര്‍മ്മിക്കാന്‍ ഒരു പാടുണ്ടായിരുന്നു എനിക്ക്... പരാതികള്‍ ഇല്ലായിരുന്നു എനിക്ക് ജീവിതത്തോട്..  50 മണിക്കൂര്‍ ദൂരം യാത്ര ഉള്ള സ്ഥലത്തേക്ക് ആദ്യ പോസ്റ്റിങ്ങ്‌... അറബി കഥയിലെ രാജകുമാരന്‍റെ വനവാസം ആയിരുന്നോ? അതോ നിനച്ചിരിക്കാതെ കിട്ടിയ വരദാനമോ?  തലസ്ഥാന നഗരി ഒരു പുതിയ അനുഭവമായിരുന്നു... ആദ്യം പകച്ചു, പിന്നെ കൗതുകത്തോടെ, പിന്നീട് ആവേശത്തോടെ ഓരോ ദിവസത്തെയും ഹൃദയത്തോട് ചേര്‍ത്ത് പിടിച്ചിരുന്നു.. ഓഫീസ് മുതല്‍ ക്വാര്‍ട്ടെര്സ്‌ വരെ ആവശ്യത്തിനും അനാവശ്യത്തിനും 50 കി.മീ. മൈലേജ് ഉള്ള എന്‍റെ 180 സി.സി. ബൈക്കില്‍ കറങ്ങി നടക്കുന്നത് എന്‍റെ ലഹരിയായിരുന്നു. ഓര്‍മ്മകള്‍ക്ക് ഇവിടെയും പഞ്ഞമില്ലായിരുന്നു. ഐ.എന്‍.എ മാര്‍ക്കറ്റ്‌, ചാന്ദ്നി ചൌക്ക്, പാലിക ബസാര്‍, കരോള്‍ ബാഗ്, ദ്വാരക, ഗുഡ്ഗാവ്... അങ്ങനെ അങ്ങനെ.. ആഘോഷങ്ങള്‍ക്ക് വേദികള്‍ വളരെ ഉണ്ടായിരുന്നു...   (ഇത് വരെ ഫ്ലാഷ്ബാക്ക്... ഇനി കഥയിലേക്ക്‌...)
 ഇന്നുകളിലെ ഞാന്‍...

AIIMS-ലെ കോര്‍പ്പറേറ്റ് ബ്ലോക്കിലെ കിടക്കയില്‍ ക്ലോക്കും നോക്കി നാഴികകള്‍ പിന്നിടാന്‍ കൊതിച്ചു കൊണ്ട് കിടക്കുകയാണ് ഞാന്‍. എന്താണ് സംഭവിച്ചത്‌? അവ്യക്തമായ ഓര്മ മാത്രം... കുറച്ചു ദിവസങ്ങളായി തലവേദന എന്നെ അലട്ടി കൊണ്ടിരുന്നു. ബോര്‍ഡ്‌ മീറ്റിംഗ് നടക്കുന്നതിനിടയില്‍ ശക്തമായ തലവേദന അനുഭവപെട്ടു. മുറിയിലെ പ്രോജെക്ടര്‍ സ്ക്രീനും, മുന്‍പില്‍ ഇരിക്കുന്ന ലാപ്ടോപ്പും എനിക്ക് ചുറ്റും കറങ്ങുന്നതായി തോന്നി.. അടുത്തിരുന്ന മാനേജറിന്റെ തോളിലേക്ക് വീണത്‌ മാത്രം ഓര്‍മയുണ്ട്.
കണ്ണ് തുറന്നപ്പോള്‍ ഇവിടെ...!!
എന്‍റെ അസുഖത്തിന്റെ ഗൌരവം എനിക്ക് മനസ്സിലായത്‌ പിന്നെയാണ്. വെന്റിലേറ്ററിലൂടെ ഇടയ്ക്ക് ഞാന്‍ കണ്ട കണ്ണീര്‍ വാര്‍ക്കുന്ന മുഖങ്ങളില്‍ നിന്ന്...!! സഹതാപത്തോടെ എന്‍റെ സമീപത്തേക്ക് വന്നിരുന്ന നേഴ്സിന്‍റെ മുഖത്ത് നിന്ന്... അഞ്ച് ശതമാനം!! അതാണത്രേ രക്ഷപെടാനുള്ള ചാന്‍സ്..! അല്ലെങ്കില്‍ ദൈവത്തിന്‍റെ മിറക്കിള്‍... ശരീരത്തോടൊപ്പം എന്‍റെ മനസ്സും തളരുന്നു.. 
എല്ലാവരെയും ഒന്ന് കൂടി കാണണം..! ഇപ്പോ അത്രമാത്രമേ ആഗ്രഹിച്ചുള്ളൂ..! നാളെ ഓഫീസില്‍നിന്ന് പലരും വരികയാണത്രേ.. എല്ലാവരെയും കാണുമ്പോള്‍ സംഭരിച്ചുവെച്ചിരിക്കുന്ന ധൈര്യം പോകരുതേ എന്ന് മാത്രമാണ് പ്രാര്‍ത്ഥന.. ഡയറക്ടര്‍ യാത്ര പറഞ്ഞിറങ്ങി.. അടുത്തതായി പ്രിയപ്പെട്ട റെജി സാര്‍.. സാറിന്‍റെ കൂടെ ഒരു പ്രൊജക്റ്റ്‌ കൂടി ചെയ്യണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു. ഇനി കഴിയില്ലലോ..? അല്ലേ?? വിട പറയുമ്പോള്‍ കണ്ണുകള്‍ നിറഞ്ഞിരുന്നോ? എന്‍റെ കണ്ണീര്‍ എന്‍റെ കാഴ്ചയെ മറയ്ക്കുന്നു. 
സിറിലും, റോഷനും.. പ്രിയപ്പെട്ട കൂട്ടുകാര്‍.. മറന്നില്ലല്ലോ എന്നെ..! നന്ദി!! മനസ്സില്‍ പതിഞ്ഞു പോയ മുഖങ്ങള്‍... ജോബിന്‍ വര്‍ഗീസ്‌, അനൂപ് കെ. ജെ., ജോണ്‍സ് ഡേവിസ്, പര്‍മീന്ദര്‍ സിംഗ്, നിഷ സാമുവേല്‍, ഗുര്‍പ്രീത്‌ കൌര്‍... എന്‍റെ കോര്‍ ഗ്രൂപ്പ്‌ മെംബേര്‍സ്.. ലിസ്റ്റ് നീളുന്നു.. മനസ്സ് വിങ്ങിപൊട്ടുകയാണ്. ഞാന്‍ കണ്ണടച്ച് കിടക്കുകയാണ്. എവിടെ എന്‍റെ പ്രിയപ്പെട്ട സുബിന്‍? പുറകില്‍ നില്‍ക്കുകയാണോടാ? ഇനിയാരു വഴക്ക് പറയും തന്നെ ഡേ-ബുക്കിലെ എന്‍ട്രി തെറ്റിക്കുന്നതിനു? ഇന്ന് തന്നെ ബാങ്കില്‍ ചെന്ന് എന്നെ മാറ്റി പകരം റോഷനെ അക്കൗണ്ട്‌ കോ-സിഗ്നേറ്ററിയാക്കിയുള്ള റെസലൂഷനും, ആപ്ലിക്കേഷനും കൊടുക്കണം.
ആരോ എന്‍റെ കാല്‍ക്കല്‍ വീണു കരയുകയാണല്ലോ..? അഞ്ജലി.. അരുത്, കൂട്ടുകാരി അരുത്. നിങ്ങളുടെ കണ്ണീര്‍ എന്നെ തളര്‍ത്തുന്നു. നിന്‍റെ പ്രൊമോഷന്‍ ഓര്‍ഡര്‍ ഞാന്‍ ഒപ്പിട്ടു എച്ച്.ആറില്‍ ഏല്‍പ്പിച്ചിട്ടുണ്ട്. ഇനി നിങ്ങള്‍ ഉണ്ടാവണം, എനിക്ക് പകരമായി. ഞാന്‍ തുടങ്ങി വെച്ച പ്രൊജക്റ്റ്‌സ്‌ എല്ലാം ഇനി നിങ്ങള്‍ തീര്‍ക്കണം. പ്രത്യേകിച്ചും ആ പുതിയ സൈറ്റ്.. സ്വപ്‌നങ്ങള്‍ കൂട്ടി വെച്ച പളുങ്കുപാത്രം കയ്യില്‍ നിന്നും വഴുതി വീണു തകര്‍ന്നു പോയത് നിസ്സഹായനായി നോക്കി നില്‍ക്കേണ്ടി വന്നവനാണ് ഞാന്‍.. ഇനി നിങ്ങളിലൂടെ എനിക്ക് ജീവിക്കണം..!
ജീവിതത്തിലും റീവൈന്റ്റ്‌ ഉണ്ടായിരുന്നെങ്കില്‍ ഒരിക്കേല്‍ മാത്രം. തിരിച്ചു തരുമോ ആ നല്ല ദിനങ്ങള്‍.. മറക്കില്ല ആരെയും.. എന്നെയും മറക്കരുതേ..! പ്രിയ സുഹൃത്തുക്കളെ, അറിയാതെ എങ്കിലും നിങ്ങളെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പ്..!
മനസ്സില്‍ നെഗറ്റീവ് ചിന്തകള്‍ മാത്രം.. കണ്ണടച്ച് കിടക്കുമ്പോളാണ്‌ ഒരു അനക്കം കേട്ടത്. കണ്ണടച്ച് കിടക്കുമ്പോളാണ്‌ ഒരു അനക്കം കേട്ടത്. അല്ലെങ്കില്‍ ഒരു തുള്ളി കണ്ണീര്‍ എന്‍റെ മുഖത്ത് വീണപ്പോഴാണ് ഞാന്‍ കണ്ണ് തുറന്നത്.!
റിന്‍സി സുസന്‍.. എന്‍റെ റീനു..!!!
ഞാന്‍ ഒരിക്കലും, ആരോടും (റീനുവിനോട് പോലും!) പറയാതെ ഒളിച്ചു വെച്ച എന്‍റെ പ്രണയത്തിന്റെ അവകാശി.!!
അവളിവിടെ?.. സ്വപ്നം ആണോ?, അല്ല..!
കണ്ണീര്‍ തുടച്ചു കൊണ്ട്, അവള്‍ ഒരു പനിനീര്‍പ്പൂവും, കാര്‍ഡും, എന്‍റെ തലയിണക്കരികില്‍ വെച്ച്! ഒന്ന് പുഞ്ചിരിക്കാന്‍ ശ്രമിച്ച ശേഷം അവള്‍ തിരിച്ചു നടന്നു!!
റീനു.. അവള്‍ എന്നും എന്‍റെ കൌതുകം ആയിരുന്നു. സ്കൂളില്‍ വെച്ച് എന്നെ തോല്‍പ്പിച്ച് സ്കൂള്‍ മാഗസിന്‍ എഡിറ്റര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ തുടങ്ങിയ കൌതുകം. ഇന്ന് വരെ ഞാന്‍ അവളോട്‌ ഒരു വാക്കും മിണ്ടിയിട്ടില്ല. പലതവണ ചോദിക്കണം എന്ന് കരുതിയതാണ്. പക്ഷെ ഞാന്‍  ബന്ധിതനായിരുന്നു, പലതിനാലും..!! അവള്‍ ഇവിടെ AIIMS-ല്‍ ഹൌസ് സര്‍ജെന്‍സി ചെയ്യുന്നു എന്ന് അറിഞ്ഞിരുന്നെങ്കിലും കാണാന്‍ ശ്രമിക്കാതിരുന്നത് ഒന്‍പതു വര്‍ഷങ്ങള്‍ക്കു ശേഷം പഴയ കഥകള്‍ അയവിറക്കാന്‍ ഇഷ്ടമില്ലതിരുന്നത് കൊണ്ടാണ്.. ചില സമയങ്ങളില്‍ മറവി ഒരു അനുഗ്രഹം തന്നെയാണ്, ഓര്മ ശാപവും...!
പലപ്പോഴും ഇടവും വലവും ഓരോ കൂട്ടുകാരികള്‍ക്കൊപ്പം മാത്രമേ സ്കൂളില്‍ ഞാന്‍ അവളെ കണ്ടിരുന്നുള്ളൂ.. കണ്ടപ്പോഴൊക്കെ കാഴ്ചയില്‍ നിന്ന് മറയുന്നത് വരെ നോക്കി നില്‍ക്കാറുണ്ടായിരുന്നു. ഒരു പക്ഷെ അല്ല.. അത് അവള്‍ക്കും അറിയാമായിരുന്നു. അല്ലെങ്കില്‍ പിന്നെ എന്തിനാണ് അവള്‍ തിരിഞ്ഞു നോക്കിയിരുന്നത്?
ഇന്നും.. അവള്‍ മായുന്നത് വരെ ഞാന്‍ നോക്കി കിടന്നു. പതിവ് പോലെ അവളും തിരിഞ്ഞു നോക്കി.. ആ വെളുത്ത ഗൌണില്‍ അവള്‍ ഒരു മാലാഖയെ പോലെ തോന്നിച്ചു. അതിനു ശേഷമാണ്.. ആ കാര്‍ഡിനെ കുറിച്ച് ഞാന്‍ ഓര്‍ത്തത്‌..
രണ്ടു വാചകം മാത്രം...
“atleast for me..? come back...!
Your own..”
“സില്ലനു ഒരു കാതല്‍’ സിനിമയിലെ സൂര്യയെ പോലെ മഴയത്തു ചാടാനാണ് തോന്നിയത്‌.. ഡോക്ടര്‍ പറഞ്ഞ അഞ്ചു ശതമാനത്തില്‍ എനിക്ക് പ്രതീക്ഷ തോന്നി തുടങ്ങി.
ഓരോ പ്രഭാതത്തിലും, പ്രദോഷത്തിലും എനിക്ക് ഓരോ പനിനീര്‍പ്പൂവ് കിട്ടി കൊണ്ടിരുന്നു.!!!
ജീവിക്കാനുള്ള പ്രതീക്ഷയും വര്‍ദ്ധിച്ചു വരികയാണ്.! ജീവിതം ജീവിച്ചു തീര്‍ക്കാനുള്ളതാണ്, ഒളിച്ചോടാനുള്ളതല്ല എന്ന ചിന്ത എന്‍റെ മനസ്സിനെ സ്വാധീനിക്കുന്നു. മരുന്നിനെക്കാള്‍ കൂടുതല്‍ ജീവിതത്തെ ജീവിച്ചു തീര്‍ക്കാന്‍ കരുത്തുള്ള ഒരു മനസ്സാണ് എന്നില്‍ നിന്നും വേണ്ടത് എന്നാ ഡോക്ടര്‍ ജോമോന്റെ ആഹ്വാനം ഞാന്‍ സ്വീകരിച്ചു.

പ്രതീക്ഷയുടെ നാളെകള്‍..

വീണ്ടും പ്രതീക്ഷയുടെ വെളിച്ചം! എനിക്ക് ജീവിതത്തോട് പരാതികള്‍ ഇല്ല.!!!

ഞാന്‍ തിരിച്ചു വരികയാണ്... എന്നെ സ്നേഹിച്ചവള്‍ക്ക് വേണ്ടി.. എന്നെ സ്നേഹിച്ചവര്‍ക്ക് വേണ്ടി.. പ്രാര്‍ത്ഥനയുടെ പുണ്യവും, സ്നേഹത്തിന്റെ ശക്തിയും, പൊരുതി ജയിക്കാനുള്ള ആവേശവുമായി.. എന്‍റെ ജീവിതത്തിലേക്ക്...!!

പ്രതാശ്യയുടെ പുതിയ തീരങ്ങളിലേക്ക്.....!!!

(സ്പെഷ്യല്‍ താങ്ക്സ് : പേരറിയാത്ത പിറവം ടോക്ക്-എച്ച് (2008) വിദ്യാര്‍ഥി,  ‘നിനച്ചിരിക്കാതെ’ by അനിത്ത് അര്‍ജുന്‍ (മണ്‍ചിരാതുകള്‍ പറയാതിരുന്നത്, 2008), ഡോ. ജോമോന്‍ വര്‍ഗീസ്‌, ഡല്‍ഹിയിലെയും ലുധിയാനയിലെയും സഹപ്രവര്‍ത്തകര്‍, ഹോസ്പിറ്റല്‍ അധികൃതരും സ്റ്റാഫ്‌ അംഗങ്ങള്‍ക്കും.)

2011, ജൂലൈ 6, ബുധനാഴ്‌ച

എന്‍റെ പ്രിയ റോസ്മേരി


“ഡാ, നീ ഇത് വരെ എഴുന്നേറ്റില്ലേ? ഞാന്‍ അങ്ങോട്ട്‌ വന്നാലുണ്ടല്ലോ? നിനക്ക് ഇന്ന് പോളിയില്‍ പോകണ്ടേ?” സ്റ്റൈലന്‍ ഒരു സ്വപ്നവും കണ്ടു സുഖമായ്‌ ഉറങ്ങുകയായിരുന്നു ഞാന്‍. എന്നും അമ്മ ഇങ്ങനെ ആണ്. ഒന്ന് ശരിക്ക് ഉറങ്ങാനും സമ്മതിക്കില്ല. ചാടി എണീറ്റ്‌ പല്ല് തേക്കാന്‍ ഓടി. സമയം 6.35. ഇരുപതു മിനിട്ടിനുള്ളില്‍ ഞാന്‍ നല്ല കുട്ടപ്പനായി കഴിക്കാന്‍ വന്നിരുന്നു. ഒട്ടും വിശക്കുന്നില്ല. എങ്കിലും അമ്മയെ ബോധിപ്പിക്കുവാന്‍ വേണ്ടി ആഹാരം കഴിച്ചെന്നു വരുത്തി. ശ്ശൊ, പൌഡര്‍ ഇടാന്‍ മറന്നല്ലോ.. പെട്ടന്ന് എണീറ്റ്‌ കണ്ണാടിക്കു മുന്നിലേക്ക്‌ ഓടി.

അമ്മ വിളിച്ചു ചോദിച്ചു. “എന്താടാ ഇന്ന് പുതിയൊരു ഒരുക്കം? ക്ലാസ്സില്‍ പുതിയ പെണ്‍പിള്ളേര്‍ വല്ലതും വന്നോ? അതോ ഇന്ന് ക്യാമ്പയിന്‍ വല്ലതും ഉണ്ടോ?” ഞാന്‍ ഒന്നും മിണ്ടിയില്ല. എന്റെ ടെന്‍ഷന്‍ എനിക്കല്ലേ അറിയൂ.. വാച്ചിലേക്ക് നോക്കി.. കര്‍ത്താവെ....! സമയം 7.05. എന്റെ റോസ്മേരി. അവള്‍ കൃത്യം 7.20നു വരും. ഇന്ന് അവളെ കാണാന്‍ സാധിക്കുമോ? അവളുടെ കൂടെ പോകാന്‍ പറ്റിയില്ലേല്‍ പിന്നെ കോളേജില്‍ കേറാന്‍ ഒരു മൂഡില്ല. അവള്‍ ഇന്ന് എങ്ങാനും നേരത്തെ പോകുമോ? ഇങ്ങനെ ഒരായിരം ചോദ്യങ്ങള്‍ എന്റെ മനസ്സിലേക്ക് ഓടിയെത്തി.

“അമ്മേ, ഞാന്‍ ഇറങ്ങുവാ.. കതകടച്ചോ..” വഴിയില്‍ കൂട്ടുകാരന്‍ ദീപു നില്‍പ്പുണ്ട്. “ഡാ ദീപുവേ, ഇന്ന് അധികം വാചകമടിക്കാന്‍ സമയമില്ല. താമസിച്ചാല്‍ എന്റെ റോസ്‌മേരി പോകും.” എന്നാല്‍ അതൊന്നും ശ്രദ്ധിക്കാതെ അവന്‍ വാചകമടി തുടര്‍ന്നു. അടുത്ത് വരുന്ന ആര്‍ട്സ്‌ ഫെസ്ടിവലിനെ കുറിച്ചായിരുന്നു ഇന്നത്തെ ചര്‍ച്ച. കൃത്യം 7.15നു ഞങ്ങള്‍ ബേക്കര്‍ ജങ്ക്ഷനില്‍ എത്തി. അതാ ഒരു ബസ്‌ വരുന്നു – എറണാകുളം ലിമിറ്റഡ് സ്റ്റോപ്പ്‌ ആന്‍ഡ്രൂ. “എടാ, നീ വരുന്നോ? ഞാന്‍ ഇതില്‍ പോവാണ്. എനിക്ക് നാടകം പ്രാക്ടീസ് ഉള്ളതാണ്.” ദീപു പറഞ്ഞു. “ഇല്ലെടാ.. റോസ്‌മേരി എത്തിയില്ലല്ലോ.. അവള്‍ വന്നിട്ടേ ഞാന്‍ ഉള്ളൂ. ഞാന്‍ വരുന്നില്ല, നീ പൊയ്ക്കോ.” ഞാന്‍ പറഞ്ഞു. ദീപു ബസില്‍ കയറി പോയി.

എന്‍റെ  റോസ്‌മേരിക്ക് എന്ത് പറ്റിയോ ആവോ? സമയം 7.45 കഴിഞ്ഞു. ഇനി ബേക്കര്‍ ജങ്ക്ഷനില്‍ പ്രൈവറ്റ് ബസ്‌ വരില്ല. ആദ്യത്തെ പീരീഡ്‌ സുനില്‍ സാറിന്റെ ലാബ്‌ ആണ്. താമസിച്ചു ചെന്നാല്‍ കയറ്റില്ല. ദുഃഖം ഉറഞ്ഞു കൂടിയ മനസ്സുമായി എന്ത് ചെയ്യണമെന്നറിയാതെ ഞാന്‍ നിന്ന്. അപ്പോള്‍ കോളേജില്‍ നിന്നും കൂട്ടുകാരുടെ ഫോണ്‍. “ഡാ, ഏതോ പോസ്റ്റര്‍ കീറി എന്ന് പറഞ്ഞു ഒരു പാര്‍ട്ടിക്കാര്‍ സ്ട്രൈക്ക് എടുക്കാന്‍ തയ്യാറാകുന്നു. നീ പെട്ടന്ന് വാ, അനാവശ്യ സ്ട്രൈക്ക് അനുവദിച്ചു കൂടാ. നീ വന്നു രണ്ട് ഡയലോഗ് അടിക്ക്.” അപ്പോള്‍ ഇതാ വരുന്നു ഒരു പഴഞ്ചന്‍ ട്രാന്‍സ്‌പോര്‍ട്ട്‌ ബസ്‌. ഇനിയും അവളെ നോക്കി നിന്നിട്ട് കാര്യം ഇല്ല. ഒരു വിധത്തില്‍ ഞാന്‍ അതില്‍ കയറി പറ്റി.

ബസില്‍ നില്‍ക്കുമ്പോഴും എന്‍റെ ചിന്ത എന്‍റെ റോസ്‌മേരിയെ കുറിച്ചായിരുന്നു. ആദ്യമായ് അവളെ കാണുന്നത് പോളിയില്‍ ചേരാന്‍ പോയ അന്നാണ്. മുട്ടുചിറയില്‍ നിന്ന് കോട്ടയത്തിനു മടങ്ങി വന്നത് ഒരുമിച്ചാണ്. അന്ന് തുടങ്ങിയ സൌഹൃദം ഇന്ന് മൂന്നാം കൊല്ലത്തില്‍ എത്തി നില്‍ക്കുന്നു. എന്നും അവളോടൊപ്പം ആണ് കോളേജില്‍ പോയിരുന്നത്, ഇന്നാദ്യമായ്‌ അവള്‍ ഇല്ലാതെയുള്ള യാത്രാ... “ടിക്കറ്റ്‌, ടിക്കറ്റ്‌” കണ്ടക്ടറുടെ കൈയില്‍ 12 രൂപ ഫുള്‍ ചാര്‍ജ് വിഷമത്തോടെ കൊടുത്തപ്പോള്‍ ഓര്‍ത്തു, അവള്‍ നേരത്തെ വന്നിരുന്നേല്‍ പ്രൈവറ്റ് ബസില്‍ 2.50 കൊടുത്തു പോരാമായിരുന്നു..!! അവള്‍ക്കു എന്ത് പറ്റിയോ ആവോ? അസുഖം വല്ലതും ആയിരിക്കുമോ?

മുട്ടുചിറയില്‍ ഞാന്‍ ബസ്‌ ഇറങ്ങി. മനസ്സില്‍ റോസ്‌മേരിയെ കുറിച്ചുള്ള ചിന്തകള്‍ മാത്രം. ഞങ്ങള്‍ ഇത്രയേറെ അടുത്ത് പോയെന്നു ഇപ്പോള്‍ ആണ് മനസ്സിലാക്കുന്നത്. ഈ കൊല്ലം കോഴ്സ് കമ്പ്ലീറ്റ്‌ ചെയ്തു കഴിയുമ്പോള്‍ പിരിയേണ്ടി വരുമെന്ന ഓര്മ എന്നെ നടുക്കി.
ബസ്‌ സ്റ്റോപ്പില്‍ പടിയത്ത് ബസിലെ കണ്ടക്ടര്‍ മനോഹരന്‍ ചേട്ടന്‍ നില്‍പ്പുണ്ടായിരുന്നു. “എന്താ ചേട്ടാ, ഇന്ന് കയറിയില്ലേ?” ഞാന്‍ കുശലം ചോദിച്ചു. “ഇല്ലെടാ. ഇന്നലെ ഇറങ്ങി. വ്യാഴാഴ്ച വീണ്ടും കേറും. ഇന്നെന്താ താമസിച്ചേ? കോളേജില്‍ ബെല്‍ അടിച്ചല്ലോ...” മനോഹരന്‍ ചേട്ടന്‍ പറഞ്ഞു. “എന്ത് ചെയ്യാനാ ചേട്ടാ.. ഞാന്‍ റോസ്‌മേരിയെ കാത്തു ബേക്കര്‍ ജങ്ക്ഷനില്‍ നില്‍ക്കുകയായിരുന്നു. ഏഴേമുക്കാല്‍ ആയിട്ടും വന്നില്ല. റോസ്‌മേരിയെ കണ്ടിരുന്നോ?” ഞാന്‍ ചോദിച്ചു. “അപ്പോള്‍ നീ ഒന്നും അറിഞ്ഞില്ലേ?” മനോഹര്‍ ചേട്ടന്‍ എന്നെ അടിമുടി നോക്കി. എന്‍റെ മനസ്സില്‍ ഒരു ഇടിവാള്‍ വെട്ടി. ദൈവമേ... എന്‍റെ റോസ്‌മേരിക്കു എന്തെങ്കിലും അപകടം..?? “എന്ത് പറ്റി മനോഹരന്‍ ചേട്ടാ?” ഞാന്‍ ചോദിച്ചു.

“ഇന്നലെ വൈകുന്നേരം വെട്ടിക്കാട്ടുമുക്ക് പാലത്തിന്റെ അപ്പുറത്തെ വളവില്‍ വെച്ച് റോസ്‌മേരി, നമ്മുടെ സെന്‍റ് ആന്‍റണിക്കിട്ടൊന്നു ചാമ്പി. രണ്ട് വണ്ടിയും ദേ ഇപ്പൊ തലയോലപ്പറമ്പ് സ്റ്റേഷനില്‍ കിടപ്പുണ്ട്.....!!!”

2011, മേയ് 30, തിങ്കളാഴ്‌ച

പാസ്സ്‌വേര്‍ഡ്‌ മറന്ന ദുഷ്യന്തന്‍


കോമഡി നാടകം : CT-2 (2007-2008)
SPARKLE OF DREAMS - ARTS FESTIVAL - GOVT. POLYTECHNIC COLLEGE, KADUTHURUTHY
അഭിനേതാക്കള്‍ :
Ø  ദുഷ്യന്ത മഹാരാജാവ്‌  :  അജിത്‌ മനോഹര്‍
Ø  ശകുന്തള    :   ശബരിനാഥ് ആര്‍.
Ø  ദുര്‍വാസാവ് മഹര്‍ഷി  :  ജയകുമാര്‍ പി. ജി.
Ø  പ്രധാന മന്ത്രി  :  ലിജിന്‍സ്‌. എന്‍. ജെ.
Ø  മന്ത്രി മുഖ്യന്‍ / പാമ്പ് ബൈജു  :  ശ്യാം മോഹന്‍ പി. (Double Role)
Ø  കണ്വമഹര്‍ഷി    : റെനീഷ് ഡി.
Ø  കൊട്ടാരം ജ്യോത്സ്യന്‍  :  വിനീത് എം. ടി.
Ø  പടയാളി / മുനികുമാരന്‍ :  എബിന്‍ ബേബി (Double Role)
Ø  പുഷ്കരന്‍ s/o ശകുന്തള : ശിവന്‍കുട്ടി പി. എസ്.

പിന്നണി :
മേക്കപ്പ് : വിനീത്, സൗമ്യ, റെനീഷ്, ജയകുമാര്‍.
സംഗീതം : മൊബൈല്‍ റിംഗ്‌ടോണുകള്‍.
ക്യാമറ : ജഗത്കുമാര്‍, അനൂപ്‌.
രംഗ സജ്ജീകരണം : എബിന്‍, ശിവന്‍കുട്ടി, അനൂപ്‌, ലിജിന്‍സ്‌.
കഥ, തിരകഥ, സംഭാഷണം : ജോഷി, ദീപു, ശബരി, വിനീത്, ശ്യാം, സ്നേഹ.
നിര്‍മാണം :  CT2 (2007-2008), GPTC Kaduthuruthy.
സഹ സംവിധാനം : ദീപു സോമന്‍.
സംവിധാനം : ജോഷി കുര്യന്‍.

രംഗം ഒന്ന് : രാജകൊട്ടാരം
(പശ്ചാത്തലത്തില്‍ സംഗീതം -  “സുപ്രഭാതം”)

ദുഷ്യന്ത മഹാരാജാവ്‌ മന്ദം മന്ദം പ്രവേശിക്കുന്നു. മന്ത്രിമാര്‍ എഴുന്നേറ്റു നില്‍ക്കുന്നു. പൊട്ടിയ ചെരിപ്പിന്റെ വള്ളി നേരെയാക്കി ദുഷ്യന്ത മഹാരാജാവ്‌ സിംഹാസനത്തില്‍ വന്നിരിക്കുന്നു. മുഖത്ത് അസ്വസ്ഥത. ചുറ്റും നോക്കുന്നു.
ദുഷ്യന്ത മഹാരാജാവ്‌    : “ആരെടാ അവിടെ?”
പ്രധാന മന്ത്രി      : “ആരെടാ അവിടെ? പള്ളി ബക്കറ്റ്‌ കൊണ്ട് വാടാ..”
പടയാളി ബക്കറ്റ്‌ കൊണ്ട് വരുന്നു. രാജാവ്‌ വാള്‍ വെക്കുന്നു. ബക്കറ്റ്‌ തിരിച്ചു കൊണ്ട് പോകാന്‍ നേരം വീണ്ടും വാള്‍. രാജാവ്‌ തല കുടഞ്ഞു നടക്കുന്നു.
ദുഷ്യന്ത മഹാരാജാവ്‌    : “അങ്ങനെ ഇന്നലത്തെ OPR-ഉം പോയി. മന്ത്രിമുഖ്യാ എന്തുണ്ട് വിശേഷങ്ങള്‍?”
മന്ത്രി മുഖ്യന്‍      : “ദുബായ് ഷേക്ക്‌ ബിന്ബിനോ മാലിക്ക് ആശുപത്രിയിലാണ്. നമ്മളിത് വരെ വിളിച്ചു തിരക്കിയില്ല.”
ദുഷ്യന്ത മഹാരാജാവ്‌    : “ശരി. വിളിച്ചു കളയാം.”
പ്രധാന മന്ത്രി മൊബൈല്‍ എടുത്തു നമ്പര്‍ ഡയല്‍ ചെയ്തു കൊടുക്കുന്നു.
(പശ്ചാത്തലത്തില്‍ സംഗീതം -  “Not reachable”) 


 വീണ്ടും ശ്രമിക്കുന്നു. (പശ്ചാത്തലത്തില്‍ സംഗീതം -  “Not reachable”)


ദുഷ്യന്ത മഹാരാജാവ്‌    : “ഹോ, ഒന്നുങ്കില്‍ ആശാന്റെ നെഞ്ചത്ത് അല്ലെങ്കില്‍ കവറേജ്‌ ഏരിയയുടെ പുറത്തു. ഒരു പ്രാവശ്യം കൂടി ട്രൈ ചെയ്യാം.” (ലൈന്‍ കിട്ടുന്നു.)
ദുഷ്യന്ത മഹാരാജാവ്‌    : “ഹലോ, ദുബായ് പാലസ്? ദുഷ്യന്തന്‍ സ്പീക്കിംഗ്. ഹൌ ഈസ്‌ ഷേക്ക്‌ ബിന്ബിനോ മാലിക്ക്?” (മറുപടി – “ഹി ഈസ്‌ ഡൂയിംഗ് വെല്‍.” ഞെട്ടി ഫോണ്‍ കട്ട്‌ ചെയ്യുന്നു.)
മന്ത്രി മുഖ്യന്‍      : “എന്താ, എന്ത് പറ്റി?”
ദുഷ്യന്ത മഹാരാജാവ്‌    : “ഒന്നും പറയേണ്ട. പാവം ഷേക്ക്‌ കിണറ്റില്‍ വീണു.!”
പ്രധാന മന്ത്രി      : “അവര്‍ എന്താണ് മഹാരാജന്‍ പറഞ്ഞത്?”
ദുഷ്യന്ത മഹാരാജാവ്‌    : “ഹി ഈസ്‌ ഡൂയിംഗ് വെല്‍”
മന്ത്രി മുഖ്യന്‍      : “ഹാ.. ‘ഹി ഈസ്‌ ഡൂയിംഗ് വെല്‍’ എന്ന് വെച്ചാല്‍ അയാള്‍ക്ക് സുഖം ആണെന്നാ.. അല്ലാതെ കിണറ്റില്‍ വീണു എന്നല്ല...” (പശ്ചാത്തലത്തില്‍  “ട്യൂം”)

ദുഷ്യന്ത മഹാരാജാവ്‌    : “ഛെ.. നാണം കെട്ടു. എന്നെ ഇംഗ്ലീഷ് പഠിപ്പിച്ചവനെ ഇപ്പോള്‍ കൈയില്‍ കിട്ടിയിരുന്നെങ്കില്‍......”
പ്രധാന മന്ത്രി      : “അതെങ്ങനെ കിട്ടാനാ? അങ്ങയോട് ഗ്രാമര്‍ പഠിക്കാന്‍ പറഞ്ഞ കുറ്റത്തിന് അതിയാനെ വെടിവെച്ച് കൊന്നില്ലേ?” (പശ്ചാത്തലത്തില്‍  “ട്യൂം”)

ദുഷ്യന്ത മഹാരാജാവ്‌    : “മന്ത്രി. വേറെ എന്തുണ്ട് വാര്‍ത്തകള്‍?”
പ്രധാന മന്ത്രി      : “മഹാരാജന്‍, ഇക്കൊല്ലം ഒരൊറ്റ ടൂറിസ്റ്റ് പോലും നമ്മുടെ നാട്ടില്‍ കാലു കുത്തിയിട്ടില്ല.”
ദുഷ്യന്ത മഹാരാജാവ്‌    : “ഛായ്.. ടൂറിസം വകുപ്പ് മന്ത്രിയെ വിളിക്കെടോ. അവന്റെ കഴുത്തു കണ്ടിച്ചു ഞാന്‍ ഉപ്പുമാങ്ങാ ഭരണിയിലിടും.”
മന്ത്രി മുഖ്യന്‍      : “അരുത് മഹാരാജന്‍. അരുത്.. രാജ്യം അനാഥമാകും. ടൂറിസം വകുപ്പ് ആര്‍ക്കും വിട്ടു കൊടുക്കാതെ അങ്ങ് തന്നെ കൈവശം വെച്ചിരിക്കുകയല്ലേ?” (പശ്ചാത്തലത്തില്‍  “ട്യൂം”)

ദുഷ്യന്ത മഹാരാജാവ്‌    : “ങേ, അങ്ങനെയോ? എങ്കില്‍ ടൂറിസ്റ്റ്കളെ ഇങ്ങോട്ട് ആകര്‍ഷിക്കാന്‍ പുതിയ പദ്ധതികള്‍ കൊണ്ട് വരണം. തന്റെ തലയില്‍ വല്ലതും ഉണ്ടോടോ?”
പ്രധാന മന്ത്രി      : “ഉവ്വ് മഹാരാജന്‍, ഈ തലകെട്ട്..” (പശ്ചാത്തലത്തില്‍  “ട്യൂം”)

ദുഷ്യന്ത മഹാരാജാവ്‌    : “അതല്ലെടോ, ഐഡിയ ഉണ്ടോ ഐഡിയ?”
പ്രധാന മന്ത്രി      : “ഇല്ല തിരുമേനി. പകരം വോഡഫോണ്‍ തരാം.”
ദുഷ്യന്ത മഹാരാജാവ്‌    : “ഇവന്മാരെ കൊണ്ട് ഞാന്‍ തോറ്റു.” (മന്ത്രി മുഖ്യന്റെ നേര്‍ക്ക്‌ തിരിയുന്നു. പ്രധാന മന്ത്രിയുടെ മൊബൈല്‍ ബെല്ലടിക്കുന്നു. പശ്ചാത്തലത്തില്‍ “ഹാ ഹാ ഹാ [Ghost laugh]” )


ദുഷ്യന്ത മഹാരാജാവ്‌    : “ഹോ, മനുഷ്യനെ പേടിപ്പിച്ചു കളയുമല്ലോ..”
(ഒരു പടയാളി കടന്നു വരുന്നു.)
പടയാളി      : “ദുഷ്യന്ത മഹാരാജാവ്‌ നീണാള്‍ വാഴട്ടെ.”
ദുഷ്യന്ത മഹാരാജാവ്‌    : “കൂടുതല്‍ വാരണ്ട. സോപ്പിടാതെ വന്ന കാര്യം പറഞ്ഞിട്ട് പോടെ.”
പടയാളി      : “തിരുമനസ്സേ, നമ്മുടെ നോട്ടീസ് ബോര്‍ഡില്‍ പതിപ്പിച്ച പോസ്റ്റര്‍ ഏതോ മണ്ടന്മാര്‍ കീറി കളഞ്ഞു.”
ദുഷ്യന്ത മഹാരാജാവ്‌    : “ഹും. അത്രക്കായോ? രാജ്യത്തെ പോസ്റ്റര്‍ കീറുന്നത് കൈയും കെട്ടി നോക്കിയിരിക്കില്ല. (പടയാളി കെട്ടിയിരുന്ന കൈ അഴിച്ചിടുന്നു.) പോസ്റ്റര്‍ കീറുന്നവന്റെ ഹാര്‍ഡ്‌ ഡിസ്ക് തല്ലിയൊടിക്കും.”
മന്ത്രി മുഖ്യന്‍      : “ഓരോ പോസ്റ്ററിനെയും ഓരോ ജീവനുള്ള പൌരനായ്‌ പ്രഖ്യാപിച്ചിരിക്കുന്നു. ഒരു പോസ്റ്റര്‍ കീറുന്നത് ഒന്‍പതു പേരെ കൊല്ലുന്നതിനു തുല്യമായ കുറ്റമായി പ്രഖ്യാപിക്കുന്നു.”
പ്രധാന മന്ത്രി      : “പോരാ മഹാരാജന്‍. രാജാവിന്റെ പോസ്റ്റര്‍ കീറുന്നത് ഒന്‍പതിനായിരം പേരെ കൊല്ലുന്നതിനു തുല്യമാക്കണം.”
ദുഷ്യന്ത മഹാരാജാവ്‌    : “എന്തിനു ഒന്‍പതിനായിരത്തില്‍ നിര്‍ത്തുന്നു? തൊള്ളായിരം പേരെ കൊല്ലുന്നതിനു സമമാക്കുന്നു.” (പശ്ചാത്തലത്തില്‍  “ട്യൂം”)

മന്ത്രി മുഖ്യന്‍ (ആത്മഗതം) : “ശ്ശോ, ഈ മണ്ടനെ കൊണ്ട് തോറ്റു..!!”
മന്ത്രി മുഖ്യന്‍      : “ശോ, തിരുമേനി തൊള്ളായിരം ഒന്‍പതിനായിരത്തെക്കാള്‍ ചെറുതാണ്...”
ദുഷ്യന്ത മഹാരാജാവ്‌    : “എങ്കില്‍ ഇന്ന് മുതല്‍ തൊള്ളായിരം ഒന്‍പതിനായിരത്തെക്കാള്‍ വലുതായി പ്രഖ്യാപിച്ചിരിക്കുന്നു. ആരവിടെ കൊട്ടാരം ജ്യോത്സ്യനെ വിളിക്കൂ..” (കൊട്ടാരം ജ്യോത്സ്യന്‍ കടന്നു വരുന്നു.)
കൊട്ടാരം ജ്യോത്സ്യന്‍ : “ഹായ് തമ്പുരാന്‍, വാട്ട്‌ കാന്‍ ഐ ഡൂ ഫോര്‍ യു?”
ദുഷ്യന്ത മഹാരാജാവ്‌    : “ഈ ആഴ്ചയിലെ നമ്മുടെ സിസ്റ്റം കോണ്ഫിഗുറേഷന്‍ പറയൂ..”
കൊട്ടാരം ജ്യോത്സ്യന്‍ : “ഈ ആഴ്ചയില്‍ വൈറസ്‌ ആക്രമണം പൊതുവേ കുറവായിരിക്കും. താങ്കളുടെ പ്രൊഫൈലില്‍ അനസൂയ എന്ന ഒരു പെണ്‍കുട്ടിയുടെ ഫ്രണ്ട്ഷിപ്പ്‌ ഇന്‍വിറ്റേഷന്‍ വന്നു കിടപ്പുണ്ട്. ഒരു കാരണവശാലും അത് സ്വീകരിക്കരുത്. പെണ്‍കുട്ടികളുടെ വാജ്യ പ്രൊഫൈല്‍ ഉണ്ടാക്കുന്നത് ഹോബിയാക്കിയ താങ്കളുടെ പ്രധാന മന്ത്രിയാണ് ഇതിനു പിന്നില്‍. (രാജാവ്‌ പ്രധാന മന്ത്രിയെ രൂക്ഷമായ്‌ നോക്കുന്നു. മന്ത്രി പരുങ്ങുന്നു.) മെമ്മറി കുറഞ്ഞു വരുന്ന ലക്ഷണം കാണുന്നുണ്ട്. ഉടനെ തന്നെ ഒരു രണ്ടു ജി.ബി. റാം കൂടി ആഡ് ചെയ്യണം. ഒരു സത്യം പറഞ്ഞാല്‍ തിരുമേനി കോപിക്കുമോ?”
ദുഷ്യന്ത മഹാരാജാവ്‌    : “ചിലപ്പോ, പക്ഷെ നുണ പറഞ്ഞാല്‍ തന്റെ ഹെഡ് ഉണ്ടാവില്ല. ലെറ്റര്‍ ഹെഡ് മാത്രമേ ബാക്കിയുണ്ടാവുകയുള്ളൂ..”
കൊട്ടാരം ജ്യോത്സ്യന്‍ : “എങ്കില്‍ കേട്ടോ, ഓര്‍മക്കുറവ് പലവിധ പ്രശ്നങ്ങള്‍ക്കും വഴിവെക്കും. അടുത്ത ഏകാദശിക്ക് മുന്‍പായി ചില മുനികുമാരന്മാര്‍ വക പ്രശ്നങ്ങള്‍ക്ക് സാധ്യതയുണ്ട്.”
ദുഷ്യന്ത മഹാരാജാവ്‌    : “ആരവിടെ, രാജ്യത്തു ഒരൊറ്റ മുനികുമാരന്മാരെയും കണ്ടു പോകരുത്. എല്ലാവരും വിസിറ്റ് വിസയില്‍ വിദേശത്തു ടൂര്‍ അടിച്ചു ഏകാദശി കഴിഞ്ഞു മടങ്ങുക.”
മന്ത്രി മുഖ്യന്‍      : “അരുത് തമ്പുരാന്‍. അത് പരിഹാരമാവില്ല. ജ്യോത്സ്യന്‍ പറഞ്ഞാല്‍ പറഞ്ഞതാ. മുനി കുമാരന്മാരെ നാട് കടത്തിയിട്ട് കാര്യം ഇല്ല. നമ്മുക്ക് വേറെ വഴി നോക്കാം.”
ദുഷ്യന്ത മഹാരാജാവ്‌    : “ഓര്‍ഡര്‍ ക്യാന്‍സല്‍ഡ്. ഒറ്റ ഒരുത്തനും തലസ്ഥാനം വിട്ടു പോകാന്‍ പാടില്ല. പോയെ തീരു എന്നുള്ളവന്റെ തല അറുത്തു ഇവിടെ വെച്ചിട്ട് ബാക്കി ഭാഗത്തെ വിട്ടേക്ക്.”
പ്രധാന മന്ത്രി      : “ രാജാവേ, മറ്റൊരു പരിഹാരം ഉണ്ട്. തമ്പുരാന്‍ ടൂറിനു പോകുക.”
ദുഷ്യന്ത മഹാരാജാവ്‌    : “ആരവിടെ, വിമാനം സ്റ്റാര്‍ട്ട്‌ ആക്കുക..”
മന്ത്രി മുഖ്യന്‍      : “തമ്പുരാനെ, വിമാനത്തില്‍ എണ്ണ ഇല്ല.”
ദുഷ്യന്ത മഹാരാജാവ്‌    : “ഛീ, ഞാന്‍ കുളിക്കാന്‍ പോകുവല്ലെടോ. വിമാനത്തില്‍ എന്തിനാടോ എണ്ണയും സോപ്പും?”
പ്രധാന മന്ത്രി      : “തമ്പുരാന്‍, പുതിയ വാര്‍ത്ത‍. വേള്‍ഡ് ബാങ്കില്‍ നിന്ന് കടം വാങ്ങിയ പണം തിരിച്ചു അടയ്ക്കാത്തതിനാല്‍ കൊട്ടാരം ജപ്തി ചെയ്യാന്‍ പോകുന്നുവെന്ന് ചെയര്‍മാന്‍.”
ദുഷ്യന്ത മഹാരാജാവ്‌    : “ശ്ശോ, കലികാലം! കലികാലം! കടം വാങ്ങിയാല്‍ തിരികെ കൊടുക്കണമെന്നോ?”
മന്ത്രി മുഖ്യന്‍      : “വേണം. ജനം അക്രമാസക്തരാണ്. ചെയര്‍മാന്‍റെ കോലം കത്തിക്കുകയാണവര്‍.”
ദുഷ്യന്ത മഹാരാജാവ്‌    : “എന്തിനു കോലം ആക്കുന്നു? അവനെ തന്നെ സൌജന്യമായി കത്തിക്കാന്‍ കൊടുക്കാമെന്നു പറയൂ..”
(ഒരു പടയാളി കടന്നു വരുന്നു.)
പടയാളി      : “തമ്പുരാന്‍, അങ്ങയെ വയറു കാണിക്കാന്‍ രണ്ടു പേര്‍ പുറത്തു വന്നു നില്‍ക്കുന്നു.”
ദുഷ്യന്ത മഹാരാജാവ്‌    : “എന്നെ വയറു കാണിക്കാനോ? സാധാരണ മുഖം കാണിക്കാനാണ് ആളുകള്‍ വരുന്നത്. എന്തായാലും കടത്തി വിടൂ..”
(പടയാളി തിരിച്ചു പോകുന്നു.)

രംഗം രണ്ട് : രാജകൊട്ടാരം – ശകുന്തള കടന്നു വരുന്നു
(പശ്ചാത്തലത്തില്‍ സംഗീതം -  “പൊന്മകള് വന്താല്‍”. 

ശകുന്തളയും ഒരു മുനികുമാരനും കടന്നു വരുന്നു.)
ശകുന്തള      : “മഹാരാജന്‍, ഞാന്‍ ശകുന്തള ആണ്.”
ദുഷ്യന്ത മഹാരാജാവ്‌    : “നൈസ് ടു മീറ്റ്‌ യു. ഐ ആം ദുഷ്യന്തന്‍, കിംഗ്‌ ഓഫ് ദിസ്‌ ലിനക്സ്‌ മഹാരാജ്യം.”
ശകുന്തള      : “ഞാന്‍ ഒരു മദര്‍ബോര്‍ഡ് ആകാന്‍ പോകുന്നു മഹാരാജന്‍.”
ദുഷ്യന്ത മഹാരാജാവ്‌    : “അതിനു നാം എന്ത് വേണം? ഭവതി, ഇത് രാജകൊട്ടാരം ആണ്, അല്ലാതെ ഹോസ്പിറ്റല്‍ അല്ല! നാം ഗൈനക്കോളജിസ്റ്റ് അല്ല, രാജാവ്‌ ആണ്!!”
ശകുന്തള      : “ഇതിനു കാരണക്കാരന്‍ അങ്ങാണ്. ഈ OS ഇന്‍സ്റ്റോള്‍ ചെയ്തത് തമ്പുരാന്‍ ആണ്.”
ദുഷ്യന്ത മഹാരാജാവ്‌    : “അസംഭവ്യം, അസംഭവ്യം... ഞാന്‍ ആരാന്നു പറഞ്ഞു കോടടെ..”
മന്ത്രി മുഖ്യന്‍      : “ഭവതി ആരെ കുറിച്ചാണ് പറയുന്നതെന്നറിയാമോ? ധീരശൂരപരാക്രമിയും, (രാജാവ്‌ ഞെളിഞ്ഞു നില്‍ക്കുന്നു) മഹാ വൃത്തികെട്ടവനും, കുടുംബത്ത് കേറ്റാന്‍ കൊള്ളാത്തവനുമായ ദുഷ്യന്ത മഹാരാജാവിനോടാണ് സംസാരിക്കുന്നതെന്ന് ഓര്‍മ്മ വേണം.” (രാജാവ്‌ കാറ്റ് പോയ ബലൂണ്‍ പോലെ ചുരുങ്ങുന്നു. മന്ത്രിയെ കലിപ്പിച്ചു നോക്കുന്നു. മന്ത്രി പിന്നോക്കം മാറുന്നു.)
ശകുന്തള      : “മഹാരാജന്‍,” (രാജാവ്‌ നോക്കുന്നു. പശ്ചാത്തലത്തില്‍ സംഗീതം – “വെളുക്കുമ്പോള്‍ കുളിക്കുവാന്‍...”)

“വെളുക്കുമ്പും കുളിക്കുവാന്‍ പോകുന്ന വഴി വക്കില്‍ വേലിക്കല്‍ നിന്നവനെ...
കൊച്ചു കിളിച്ചുണ്ടന്‍ മാമ്പഴം കടിച്ചു കൊണ്ടെന്നോട് കിന്നാരം പറഞ്ഞവനെ....”
ശകുന്തള      : “അങ്ങ് അന്ന് കിന്നാരം പറഞ്ഞതിന്റെ ഫലം ആണ് ഈ കാണുന്നത്.”
ദുഷ്യന്ത മഹാരാജാവ്‌    : “എന്ത്, നമ്മുക്ക് നിന്നെ അറിയുക പോലും ഇല്ല. സാധാരണ ഇത്തരം സന്ദര്‍ഭങ്ങളില്‍ നാം ഒരു പാസ്സ്‌വേര്‍ഡ്‌ നല്‍കാറുണ്ട്. നിനക്ക് ഞാന്‍ എന്തെങ്കിലും പാസ്സ്‌വേര്‍ഡ്‌ നല്‍കിയിട്ടുണ്ടെങ്കില്‍ അത് കാണിക്കൂ.. ഞാന്‍ നിന്നെ സ്വീകരിക്കാം..”
ശകുന്തള      : “പാസ്സ്‌വേര്‍ഡ്‌, പാസ്സ്‌വേര്‍ഡ്‌... അത് അടിയന്റെ കൈയില്‍ നിന്നും കളഞ്ഞു പോയി പ്രഭോ...” (കരയുന്നു.)
ദുഷ്യന്ത മഹാരാജാവ്‌    : “ഹും, ആരവിടെ നമ്മുടെ ഡസ്ക് ടോപ്പില്‍ നിന്നും ഈ ഐക്കനുകളെ ഡ്രാഗ് ചെയ്തു റീ സൈക്കിള്‍ ബിനില്‍ കൊണ്ട് കളയൂ....”
ശകുന്തള      : “അരുത് മഹാരാജന്‍, അടിയനീ കന്ട്രോള്‍ പാനലിന്റെ മൂലയ്ക്ക് ഒരു ഫോള്‍ഡറില്‍ ഒതുങ്ങി കൂടി കഴിഞ്ഞു കൊള്ളാം.. അടിയനെ പറഞ്ഞയക്കരുതെ.. എന്നെ ഉപേക്ഷിക്കരുതേ.. (മന്ത്രിമാര്‍ ശകുന്തളയെ വലിച്ചിഴച്ചു പുറത്തേക്കു കൊണ്ട് പോകുന്നു...)... മഹാരാജന്‍...... എന്റെ ദുഷൂ.....(ശബ്ദം നേര്‍ത്തു നേര്‍ത്തു ഇല്ലാതാകുന്നു...)

രംഗം മൂന്ന് : രാജകൊട്ടാരം – ദുര്‍വാസാവ് മഹര്‍ഷി കടന്നു വരുന്നു (നാളുകള്‍ക്കു ശേഷം)
(ദുഷ്യന്ത മഹാരാജാവ്‌ സിംഹാസനത്തില്‍ ഇരിക്കുന്നു. മന്ത്രി മുഖ്യന്‍ ലാപ്ടോപ്പ് എടുത്തു കൊണ്ട് കൊടുക്കുന്നു. രാജാവ്‌ ലാപ്ടോപ്പ് ഓണ്‍ ചെയ്തു ടൈപ്പ് ചെയ്യുന്നു. പ്രധാന മന്ത്രി ഹെഡ് ഫോണ്‍ കൊണ്ട് കൊടുക്കുന്നു. ചാറ്റിങ്ങ് ആരംഭിക്കുന്നു. മന്ത്രിമാര്‍ ഇടയ്ക്കു മോണിറ്ററിലേക്ക് ഒളിഞ്ഞു നോക്കുന്നു. രാജാവ്‌ കലിപ്പിച്ചു നോക്കുന്നു, തള്ളി മാറ്റുന്നു. ചാറ്റിങ്ങ് തുടരുന്നു.
പശ്ചാത്തലത്തില്‍ സംഗീതം – “ബിഗ്‌ ബി”.

ദുര്‍വാസാവ് മഹര്‍ഷി കടന്നു വരുന്നു. രാജാവും മന്ത്രിമാരും ബഹുമാനത്തോടെ എഴുന്നേറ്റു നിന്ന് കൈ കൂപ്പുന്നു. മന്ത്രി മുഖ്യനെ എഴുന്നേല്‍പ്പിച്ചു കസേര കൊടുക്കുന്നു.)
ദുഷ്യന്ത മഹാരാജാവ്‌    : “ആരിതു മഹാനായ ദുര്‍വാസാവ് മഹര്‍ഷിയോ? വരണം, വരണം.. ഇരുന്നാലും.. തങ്ങളുടെ ബ്രാന്‍ഡ്‌ ഏതാണ്?”
ദുര്‍വാസാവ് മഹര്‍ഷി   : “ഏതായാലും സാരമില്ല. കൂതറ സാധനങ്ങളൊന്നും വേണ്ട, കഴിഞ്ഞ വട്ടം വാള് വെച്ച് മനുഷ്യന്‍റെ ഇടപാട് തീര്‍ന്നു.”
ദുഷ്യന്ത മഹാരാജാവ്‌    : “എങ്കില്‍ OCR കൊണ്ട് വരാന്‍ കല്പ്പിക്കാം.. എടുത്തോണ്ട് വാടെ..”
(പ്രധാന മന്ത്രി ട്രേയില്‍ ഗ്ലാസും കുപ്പിയുമായി വരുന്നു. രണ്ടു പേര്‍ക്കും ഒഴിച്ച് കൊടുക്കുന്നു. ചിയേര്‍സ് പറഞ്ഞു രണ്ടു പേരും കുടിക്കുന്നു.)
ദുര്‍വാസാവ് മഹര്‍ഷി   : “ടച്ചിംഗ്സ് ഒന്നുമില്ലെടെ?”
ദുഷ്യന്ത മഹാരാജാവ്‌    : “അങ്ങയുടെ ആഗാമനോദ്ദേശ്യം വെളിപ്പെടുത്തിയില്ല..”
(ഇതിനിടെ രാജാവു കാണാതെ മന്ത്രിമാര്‍ കുപ്പിയില്‍ നിന്ന് അല്പം കുടിക്കുന്നു.)
ദുര്‍വാസാവ് മഹര്‍ഷി   : “കുറച്ചു നാളുകള്‍ക്കു മുന്‍പ് ഒരു പെണ്‍കുട്ടി ഇവിടെ എത്തിയിരുന്നല്ലോ..??”
ദുഷ്യന്ത മഹാരാജാവ്‌    : “പെണ്‍കുട്ടിയോ? ഓര്‍മ്മയില്ലല്ലോ??”
ദുര്‍വാസാവ് മഹര്‍ഷി   : “ഒരു പെണ്‍കുട്ടി..” (കൈ കൊണ്ട് വയറിനു മുകളിലൂടെ അര്‍ദ്ധ വൃത്തം വരയ്ക്കുന്നു.)
ദുഷ്യന്ത മഹാരാജാവ്‌    : “ഉവ്വ്, ഓര്‍മ്മിക്കുന്നു.”
ദുര്‍വാസാവ് മഹര്‍ഷി   : “തങ്ങളുടെ മകന്‍ ആണ് അവളുടെ ഉദരത്തില്‍ വളര്‍ന്നു വരുന്നത്. നാളെ ലിനക്സ്‌ മഹാരാജ്യത്തിന്റെ അവകാശി.”
ദുഷ്യന്ത മഹാരാജാവ്‌    : “എന്ത്? നാം എന്താണീ കേള്‍ക്കുന്നത്?”
ദുര്‍വാസാവ് മഹര്‍ഷി   : “അതെ, എന്‍റെ ശാപം മൂലം ആണ് താങ്കള്‍ക്കു അവളെ മനസിലല്ലാക്കാന്‍ കഴിയാതിരുന്നത്.”
ദുഷ്യന്ത മഹാരാജാവ്‌    : “എങ്കിലും മുനേ..”
ദുര്‍വാസാവ് മഹര്‍ഷി   : “വിശ്വാസം ആകുന്നില്ല, അല്ലെ? ഇതാ നിങ്ങള്‍ അവള്‍ക്കു പാസ്സ്‌വേര്‍ഡ്‌ ആയി കൊടുത്ത 2GB മെമ്മറി കാര്‍ഡ്‌. ഇത് കേട്ട് നോക്കൂ..”
(ദുഷ്യന്ത മഹാരാജാവ്‌ മെമ്മറി കാര്‍ഡ്‌ മൊബൈലില്‍ ഇട്ടു ഓപ്പണ്‍ ചെയ്തു നോക്കുന്നു.)
(ഫ്ലാഷ് ബാക്ക്. ശകുന്തള കടന്നു വരുന്നു. പശ്ചാത്തലത്തില്‍ സംഗീതം – “ഇഷ്ടമല്ലാ..”) 

“വേണ്ട വേണ്ടാ.. ഞാന്‍ കൂട്ടില്ല.. ഞാന്‍ പിണക്കമാ.. എന്നെ എന്തെല്ലാം പറഞ്ഞു കൊതിപ്പിച്ചു.. കള്ളന്‍, എനിക്കിയാളെ ഇഷ്ടമല്ല.. ഇഷ്ടമല്ല, ഇഷ്ടമല്ല, ഇഷ്ടമല്ലാ... എനിക്കറിയാം, എനിക്കറിയാം ഇയാള്‍ ചുമ്മാ പറയുവാ... എന്നോട് ഒട്ടും സ്നേഹമില്ലെന്ന് എനിക്കറിയാലോ.. ഇയാള് ദുഷ്ടനാ, ദുഷ്ടന്‍..”
(ശകുന്തള തിരിച്ചു പോകുന്നു.)
ദുര്‍വാസാവ് മഹര്‍ഷി   : :ഓര്‍മ്മ വരുന്നില്ലെങ്കില്‍ അടുത്തതു കൂടി കേട്ട് നോക്കൂ..”
(വീണ്ടും ഫ്ലാഷ് ബാക്ക്. ശകുന്തള കടന്നു വരുന്നു. പശ്ചാത്തലത്തില്‍ സംഗീതം – “ഐ ലവ് യൂ..”) 

ദുര്‍വാസാവ് മഹര്‍ഷി   : :ഓര്‍മ്മ വരുന്നില്ലെങ്കില്‍ അടുത്തതു കൂടി കേട്ട് നോക്കൂ..” (വീണ്ടും ഫ്ലാഷ് ബാക്ക്. ശകുന്തള കടന്നു വരുന്നു. പശ്ചാത്തലത്തില്‍ സംഗീതം – “എന്തിനാ എന്നെ വെറുതെ..”) 

ദുഷ്യന്ത മഹാരാജാവ്‌    : “അതെ, അതെ ഇതെന്‍റെ ശകുന്തള തന്നെ. എന്‍റെ ശകൂ.. മഹാമുനി, എനിക്കെന്‍റെ ശകൂനെ മടക്കി തരൂ..”
ദുര്‍വാസാവ് മഹര്‍ഷി   : “മടക്കി തരാന്‍ പാടാണ്. വേണമെങ്കില്‍ നിവര്‍ത്തി നടത്തി കൊണ്ട് തരാം. എന്നാലും നീ ശകുന്തളയെ വീഴ്ത്തിയ കഥ നീ ഇത് വരെ എന്നോട് പറഞ്ഞില്ലലോടാ കൊച്ചു കള്ളാ...”
ദുഷ്യന്ത മഹാരാജാവ്‌    : “വരൂ മഹര്‍ഷി, ഞാനാ കഥ പറയാം..”
(ഇരുവരും കൂടെ പുറത്തേക്കു നടന്നു പോകുന്നു. കര്‍ട്ടന്‍.)

രംഗം നാല് : കണ്വാശ്രമം – ശകുന്തളയെ കണ്ടു മുട്ടുന്നു.
(പശ്ചാത്തലത്തില്‍ സംഗീതം – “Jungle Music”.

കാടിന്റെയും പക്ഷികളുടെയും ശബ്ദം. കണ്വ മുനിയും ശകുന്തളയും ആശ്രമത്തില്‍.)
കണ്വ മഹര്‍ഷി     : “മോളെ ശകുന്തളേ, അച്ഛന്‍ വികലാംഗ പെന്‍ഷന്‍റെ അപേക്ഷ കൊടുക്കാന്‍ വില്ലേജ് ഓഫീസ് വരെയൊന്നു പോകുവാ. കുറച്ചു ദിവസം കഴിഞ്ഞേ വരൂ.. സൂക്ഷിക്കണേ..”
ശകുന്തള      : “കഴിഞ്ഞ പ്രാവശ്യത്തെ പോലെ ബിവറേജസിന്‍റെ മുന്‍പില്‍ പാമ്പായി കിടന്നു കളയരുത്.”
കണ്വ മഹര്‍ഷി     : “ഇല്ല മോളെ.”
(കണ്വ മഹര്‍ഷി നടന്നു നീങ്ങുന്നു. പാമ്പ് ബൈജു നടന്നു വരുന്നു. “വഴിയരികില്‍ പഥികനായ്‌...” കണ്വ മഹര്‍ഷി ബൈജുവിനോട് ഹാന്‍സ്‌ വാങ്ങി വെക്കുന്നു. കണ്വന്‍ നടന്നു പോകുന്നു. ബൈജു വന്നു കുടിലിന്‍റെ വാതിലില്‍ മുട്ടുന്നു. ശകുന്തള വാതില്‍ തുറന്നു വരുന്നു. ബൈജു ആകമാനം നോക്കി കമന്റ്‌ അടിക്കുന്നു. ശകുന്തള അടി കൊടുക്കുന്നു. ബൈജു വീഴുന്നു. എഴുന്നെത്തു പോകുന്നു.
വേട്ടയ്ക്കായി ദുഷ്യന്തന്‍ വരുന്നു. മാനിന്‍റെ പിന്നാലെ തോക്കുമായി ഉന്നം പിടിച്ചു വരുന്നു. ശകുന്തളയെ കാണുന്നു. തോക്ക് പോക്കറ്റില്‍ ഇടുന്നു. പശ്ചാത്തലത്തില്‍ സംഗീതം – “എത്രയോ ജന്മമായി”.

ദുഷ്യന്തന്‍ ശകുന്തളയെ വലം വെയ്ക്കുന്നു. പാട്ടിനൊടുവില്‍ കാലില്‍ ദര്‍ഭമുന കൊണ്ടത് പോലെ ശകുന്തള നില്‍ക്കുന്നു.)
ദുഷ്യന്ത മഹാരാജാവ്‌    : “എന്ത് പറ്റി ഭവതി? കാലില്‍ ദര്‍ഭമുന കൊണ്ടോ?
ശകുന്തള      : “അല്ല മഹാരാജന്‍. ഏതോ വൃത്തികെട്ട പിള്ളേര്‍ ബബിള്‍ഗം ചവച്ചിട്ടു ഇവിടെ തുപ്പിയിട്ടു പോയതാ..” (പശ്ചാത്തലത്തില്‍  “ട്യൂം”)

ദുഷ്യന്ത മഹാരാജാവ്‌    : “ഈ നെറ്റ്‌വര്‍ക്ക് ഒക്കെ എനിക്ക് ഇഷ്ടപ്പെട്ടു. ഇവിടെ ഒരു ക്ലൈന്‍റ്റ് സിസ്റ്റം ആയി ഈയുള്ളവനും...”
ശകുന്തള      : “അതിനു അഡ്മിന്‍ സമ്മതിക്കണം. അച്ഛന്‍ സ്ഥലത്തില്ല. രണ്ടു ദിവസം കഴിഞ്ഞേ വരികയുള്ളൂ..”
ദുഷ്യന്ത മഹാരാജാവ്‌    : “അത് സാരമില്ല. ചാള്‍സ് ബാബ്ബെജ് രചിച്ച നെറ്റ്‌വര്‍ക്കിംഗ് പുരാണത്തില്‍ ഗന്ധര്‍വ വിധി പ്രകാരമുള്ള ഒരു ലോക്കല്‍ ഏരിയ നെറ്റ്‌വര്‍ക്കിനെ കുറിച്ച് പ്രതിപാദിക്കുന്നുണ്ടു. അതില്‍ സെര്‍വറിന്റെ അനുവാദം മാത്രമേ ആവശ്യമുള്ളൂ.. ഭവതി എന്ത് പറയുന്നു?”
(ശകുന്തള നാണിച്ചു നില്‍ക്കുന്നു. കാല്‍ കൊണ്ട് നിലത്ത് വട്ടം വരയ്ക്കുന്നു. മൌനം സമ്മതം.)
ദുഷ്യന്ത മഹാരാജാവ്‌    : “എന്‍റെ ശകൂ..”
ശകുന്തള      : “ദുഷ്യേട്ടാ..”
(വിവാഹ പന്തല്‍. പശ്ചാത്തലത്തില്‍ സംഗീതം – “മഹാ ഗണപതി.

ഇരുവരും മാലയിടുന്നു. പന്തലിനു വലം വെയ്ക്കുന്നു.)
ശകുന്തള      : “ദുഷ്യേട്ടാ, അങ്ങനെ നമ്മള്‍ ഒന്നായി.”
(പശ്ചാത്തലത്തില്‍ സംഗീതം – “മന്മഥ റാസാ..

ഇരുവരും പാട്ടിനൊത്ത് നൃത്തം ചെയ്യുന്നു.)
ദുഷ്യന്ത മഹാരാജാവ്‌    : “ശകൂ.. അച്ഛന്‍ ഇന്നെങ്ങാനും മടങ്ങി വരുമോ?”
ശകുന്തള      : “ഇല്ല ദുഷ്യേട്ടാ.”
ദുഷ്യന്ത മഹാരാജാവ്‌    : “ഹാവൂ.. സമാധാനമായി.. വരൂ..”
(രണ്ടു പേരും ആശ്രമത്തിനുള്ളിലേക്ക് കയറി പോകുന്നു. പശ്ചാത്തലത്തില്‍ സംഗീതം – “ഒരു രാത്രി കൂടി..

നേരം വെളുക്കുന്നു. ദുഷ്യന്തനും ശകുന്തളയും ആശ്രമത്തിനുള്ളില്‍ നിന്ന് പുറത്തേക്കു വരുന്നു. മന്ത്രിമാരും പടയാളികളും തിരഞ്ഞു നടക്കുന്നു.)
പ്രധാന മന്ത്രി      : “ഹോ, രാജാവിനെ ഞങ്ങള്‍ എവിടെയൊക്കെ തിരക്കി. കണ്ടു കിട്ടിയല്ലോ.. ഭാഗ്യം.. വരൂ, നമ്മുക്ക് കൊട്ടാരത്തിലേക്ക് മടങ്ങി പോകാം.”
ശകുന്തള      : “മഹാരാജന്‍, അങ്ങ് എന്നെ തനിച്ചാക്കി പോവുകയാണോ?”
ദുഷ്യന്ത മഹാരാജാവ്‌    : “ശകൂ, നിനക്ക് എന്ത് ആവശ്യമുണ്ടെങ്കിലും കൊട്ടാരത്തില്‍ വരാം. ഇതാ എന്റെ ഫോണിന്‍റെ മെമ്മറി കാര്‍ഡ്‌. ഇത് ഞാന്‍ നിനക്ക് പാസ്സ്‌വേര്‍ഡ്‌ ആയി തരികയാണ്.”
(പശ്ചാത്തലത്തില്‍ സംഗീതം – “ഇനി വരുവോളം...”. ഇരുവരും പാടുന്നു.)


ദുഷ്യന്ത മഹാരാജാവ്‌    : “ഇനി വരും വസന്ത രാവില്‍ നിന്റെ സ്നേഹജന്മമാകെ സ്വന്തമാകുവാന്‍ ഞാന്‍ വരും..”
ശകുന്തള      : “ചിറകുണരാ പെണ്‍പിറാവായി ഞാനിവിടെ കാത്തു നില്‍ക്കാം...
ദുഷ്യന്ത മഹാരാജാവ്‌    : “മഴവില്ലിന്‍ പൂഞ്ചിറകില്‍ ഞാന്‍ അരിക്കതായ്‌ ഓടിയെത്താം.. ഇനി വരുവോളം.. നിനക്കായി ഞാന്‍ തരുന്നിതെന്‍ സ്വരം...”
(ദുഷ്യന്തന്‍ മെമ്മറി കാര്‍ഡ്‌ ഊരി നല്‍കുന്നു. മന്ത്രിമാരോടൊപ്പം മെല്ലെ നടന്നു നീങ്ങുന്നു. ശകുന്തളയും മറുവശത്തേക്കു നടന്നു ആശ്രമത്തിനുള്ളിലേക്ക് കയറി പോകുന്നു.
ഫ്ലാഷ് ബാക്ക് അവസാനം. ദുഷ്യന്തനും ദുര്‍വാസാവ് മഹര്‍ഷിയും നടന്നു വരുന്നു.)
ദുര്‍വാസാവ് മഹര്‍ഷി   : “അപ്പോള്‍ ഇങ്ങനെ ഒക്കെ ആണ് കാര്യങ്ങളുടെ കിടപ്പ്. ബാക്കി കഥ ഇനി ഞാന്‍ പറയാം...”
(ഇരുവരും പുറത്തേക്കു നടന്നു നീങ്ങുന്നു. വീണ്ടും ഫ്ലാഷ്ബാക്ക്.)

രംഗം അഞ്ച് : കണ്വാശ്രമം – മുനി ശാപം, കണ്വന്‍ മടങ്ങി എത്തുന്നു.
(ശകുന്തള ആശ്രമത്തില്‍ ചിന്താവിഷ്ടയായി ഇരിക്കുന്നു. ദുര്‍വാസാവ് മഹര്‍ഷി    കടന്നു വരുന്നു. പശ്ചാത്തലത്തില്‍ സംഗീതം – “Big B”)


ദുര്‍വാസാവ് മഹര്‍ഷി   : “മോളേ, ശകുന്തളേ...” (ശകുന്തളയ്ക്ക് അനക്കമില്ല. വീണ്ടും വിളിക്കുന്നു.)
ദുര്‍വാസാവ് മഹര്‍ഷി   : “മോളേ, ശകുന്തളേ, ഇച്ചിരി കഞ്ഞിവെള്ളം താടീ.....” (ശകുന്തള സ്വപ്നലോകത്തില്‍. മഹര്‍ഷിയെ കാണുന്നില്ല, ഒന്നും കേള്‍ക്കുന്നില്ല.)
ദുര്‍വാസാവ് മഹര്‍ഷി   : “ഹും, മഹാനായ ദുര്‍വാസാവ് മഹര്‍ഷിയെ നീ കാണുന്നില്ലേ? ഇത്രയ്ക്കു അഹങ്കാരമോ? നീ ആരെ വിചാരിച്ചിരിക്കുന്നുവോ അവന്‍ നിന്നെ മറന്നു പോകട്ടെ...” (ശപിക്കുന്നു. പശ്ചാത്തലത്തില്‍ സംഗീതം – “അത്തള പിത്തള തവളാച്ചി”)


“അത്തള പിത്തള തവളാച്ചി, ചുക്ക് പറിക്കണ ചൂളാപ്പാ..
മറിയം വന്നു വിളക്കൂതി... ഫൂ, ഫൂ, ഫൂ...
അത്തള പിത്തള തവളാച്ചി, ചുക്ക് പറിക്കണ ചൂളാപ്പാ..
മറിയം വന്നു വിളക്കൂതി... ഫൂ....., ഫൂ...., ഫൂ..........”

(മൂന്ന് വട്ടം ശകുന്തളുടെ നേര്‍ക്ക്‌ ശാപം ചൊരിയുന്നു. ശകുന്തള സ്വപ്നത്തില്‍ നിന്ന് ഉണരുന്നു.)
ശകുന്തള      : “അയ്യോ, അരുതേ മഹര്‍ഷി. എന്നെ ശപിക്കരുതെ...”
ദുര്‍വാസാവ് മഹര്‍ഷി   : “ശാപം പിന്‍വലിക്കാന്‍ എനിക്കാവില്ല. നിനക്ക് ലഭിച്ച പാസ്സ്‌വേര്‍ഡ്‌ എനിക്ക് തരൂ.. നിനക്ക് പ്രശ്നം ഉണ്ടായാല്‍ ഞാന്‍ വന്നു കാര്യങ്ങള്‍ പറഞ്ഞു നിന്നെ രക്ഷിച്ചു കൊള്ളാം.” (ശകുന്തളയുടെ കൈയില്‍ നിന്ന് മെമ്മറി കാര്‍ഡ്‌ വാങ്ങി ദുര്‍വാസാവ് മഹര്‍ഷി നടന്നു നീങ്ങുന്നു.)
(ആശ്രമത്തിന്റെ മുറ്റത്ത്‌ ഇരുന്നു ശകുന്തള ഛര്‍ദ്ദിക്കുന്നു. കണ്വമഹര്‍ഷി കടന്നു വരുന്നു.)
കണ്വ മഹര്‍ഷി     : “ങാ, ഈ കണ്വ മഹര്‍ഷിയുടെ കണ്ണൊന്നു തെറ്റിയപ്പോള്‍ ഇത്രയുമായ്‌ അല്ലേ? (ബാലചന്ദ്രമേനോന്‍ സ്റ്റൈലില്‍ നെഞ്ചില്‍ തടവി കൊണ്ട്) എനിക്ക് എല്ലാം മനസില്ലാകുന്നുണ്ട്.”
ശകുന്തള      : “അച്ഛാ..”
കണ്വ മഹര്‍ഷി     : “ആരാണ്‌ അയാള്‍?”
ശകുന്തള      : “ലിനക്സ്‌ മഹാരാജ്യത്തിലെ ദുഷ്യന്ത മഹാരാജാവ്‌.”
കണ്വ മഹര്‍ഷി     : “ഹോ, രാജാവാണോ കക്ഷി? മോളേ, നീ നമ്മുടെ കുടുംബത്തിന്റെ മാനം കാത്തു. എങ്കില്‍ ഇനി ഒട്ടും വെച്ച് താമസിപ്പിക്കണ്ട. ഒരു ഓട്ടോ പിടിച്ചു ഇപ്പോള്‍ തന്നെ കൊട്ടാരത്തിലേക്ക് പോയ്‌ കൊള്ളൂ..” (രംഗത്ത് നിന്ന് നടന്നു നീങ്ങുന്നു.)

രംഗം ആറ്‌ : രാജകൊട്ടാരം – ക്ലൈമാക്സ്‌.
ദുര്‍വാസാവ് മഹര്‍ഷി   : “ഇതൊക്കെയാണ് മഹാരാജന്‍ സംഭവിച്ചത്. സംഭവം നടക്കുമ്പോള്‍ ഞാന്‍ അമേരിക്കയില്‍ വിസിറ്റിംഗിന് പോയിരിക്കുകയായിരുന്നു. അത് കൊണ്ടാണ് ഈ പ്രശ്നങ്ങള്‍ ഒക്കെ ഉണ്ടായത്‌.”
ദുഷ്യന്ത മഹാരാജാവ്‌    : “മഹര്‍ഷി, എനിക്ക് കുറ്റബോധം തോന്നുന്നു.”
(ഒരു കുട്ടി രാജസദസ്സിലേക്ക് നടന്നു വരുന്നു.)
പുഷ്കരന്‍ (കുട്ടി)   : “അച്ഛാ..”
ദുഷ്യന്ത മഹാരാജാവ്‌    : “അച്ഛനോ, ആരുടെ അച്ഛന്‍?”
പുഷ്കരന്‍        : “ഞാന്‍ പുഷ്കരന്‍ ആണ് അച്ഛാ. പുഷ്കരന്‍, സണ്‍ ഓഫ് ശകുന്തള.”
ദുഷ്യന്ത മഹാരാജാവ്‌    : “പുഷ്കൂ, എന്‍റെ ശകൂന്റെ മോനെ...” (കെട്ടിപിടിക്കാന്‍ ചെല്ലുന്നു.)
(പുഷ്കരന്‍ ദുഷ്യന്തനെ തള്ളി മാറ്റുന്നു.)
പുഷ്കരന്‍        : “ഹും, അച്ഛന്‍ ആണത്രേ അച്ഛന്‍. എട്ടും പൊട്ടും തിരിയാത്ത എന്‍റെ അമ്മയെ ചതിച്ചു കടന്നു കളഞ്ഞ വഞ്ചകാ..”
(പോക്കറ്റില്‍ നിന്ന് തോക്കെടുക്കുന്നു. ശകുന്തള കടന്നു വന്നു പുഷ്കരനെ പിടിച്ചു മാറ്റുന്നു.)
ശകുന്തള      : “അരുത് മോനെ, അരുത്. നിന്‍റെ അച്ഛന്‍ നമ്മെ ഉപേക്ഷിച്ചത് മുനിയ്ടെ ശാപം മൂലമാണ്.”
ദുര്‍വാസാവ് മഹര്‍ഷി   : “അതെ പുഷ്കൂ, കഴിഞ്ഞതില്‍ രാജാവിന്‌ പശ്ചാത്താപം ഉണ്ട്. നിങ്ങളെ സ്വീകരിക്കാന്‍ രാജാവ്‌ ഒരുക്കമാണ്.”
(ദുഷ്യന്തനും ശകുന്തളയും പുഷ്കുവും കെട്ടിപിടിച്ചു കരയുന്നു. കണ്ടു നില്‍കുന്ന ദുര്‍വാസാവും പ്രധാന മന്ത്രിയും കണ്ണുകള്‍ തുടക്കുന്നു. പശ്ചാത്തലത്തില്‍ സംഗീതം – “Senti”)
പുഷ്കരന്‍        : “1, 2, 3, 4.....” (പശ്ചാത്തലത്തില്‍ സംഗീതം – “ധൂം മചാലെ”.

എല്ലാവരും പാട്ടിനൊത്ത് നൃത്തം ചെയ്യുന്നു. രാജാവ്‌, ശകുന്തള, ദുര്‍വാസാവ്, കണ്വന്‍, കൊട്ടാരം ജ്യോത്സ്യന്‍, പ്രധാന മന്ത്രി, പടയാളികള്‍, പുഷ്കരന്‍ എല്ലാവരും മതി മറന്നു നൃത്തം ചെയ്യുന്നു. പാട്ടിനിടയില്‍ പാമ്പ് ബൈജു കടന്നു വരുന്നു. രാജാവിനോടൊപ്പം നൃത്തം ചെയ്യുന്ന ശകുന്തളയെ പൊക്കി എടുത്തു കൊണ്ട് ഓടുന്നു. എല്ലാവരും ചേര്‍ന്ന് തടയുന്നു.)
ശകുന്തള      : “ആരും ഞങ്ങളെ തടയരുത്. എല്ലാരും ഉപേക്ഷിച്ചു പോയ എനിക്ക് ഒരു ജീവിതം തന്നത് ബൈജുവേട്ടനാണ്. പുഷ്കുവിനെ അവന്‍റെ അച്ഛനെ ഏല്പിക്കാന്‍ വേണ്ടി മാത്രമാണ് ഞാന്‍ ഇവിടെ വന്നത്. ഇനിയുള്ള കാലം ഞങ്ങള് എവിടെ എങ്കിലും പോയി സുഖമായി ജീവിച്ചോളാം. ഒരു സ്പെഷ്യല്‍ താങ്ക്സ്‌ ദുര്‍വാസാവ് മഹര്‍ഷിക്ക്.  നിങ്ങളുടെ ശാപം കൊണ്ടാണല്ലോ എനിക്ക് ബൈജുവേട്ടനെ കണ്ടു മുട്ടാന്‍ ഇടയായത്. എല്ലാര്ക്കും ഗുഡ് ബൈ.”
(ബൈജുവും ശകുന്തളയും ഓടി മറയുന്നു.  ബാക്കിയുള്ളവര്‍ തലയ്ക്കു കൈ വെച്ച് നില്‍ക്കുന്നു. പിന്നണിയില്‍ സംഗീതം നേര്‍ത്ത് നേര്‍ത്ത് ഇല്ലാതാവുന്നു. കര്‍ട്ടന്‍.)
ശുഭം