2016, ജൂൺ 3, വെള്ളിയാഴ്‌ച

ഞാന്‍ കരയുകയും, നീ ചിരിക്കുകയും ചെയ്യുമ്പോള്‍

“പ്രിയപ്പെട്ട .........

നീ ഓര്‍ക്കുന്നുണ്ടോ ആ ദിവസം? അന്ന് നീ കരഞ്ഞു കൊണ്ട് എന്‍റെ അടുക്കല്‍ ഓടി വന്നു. നീ തനിച്ചായിരുന്നു. നിനക്ക് ആശ്രയം വേണമായിരുന്നു. നീ വന്നപ്പോള്‍ ഞാന്‍ പൊട്ടിച്ചിരിക്കുകയായിരുന്നു. ഞാന്‍ സ്വപ്നം കാണുകയായിരുന്നു. സ്വപ്‌നങ്ങള്‍! സ്വപ്‌നങ്ങള്‍ മാത്രമേ അപ്പോള്‍ ഉണ്ടായിരുന്നുള്ളൂ.

അപ്പോഴാണ്‌ നീ വന്നത്. ക്ഷണിക്കപ്പെടാത്ത ഒരു അതിഥിയായിട്ടു. അതോ ഞാന്‍ നിന്നെ കാത്തിരിക്കുകയായിരുന്നോ?

നിനക്ക് എന്നെ വേണമായിരുന്നു. എനിക്ക് നിന്നെയും. നാം പരസ്പരം അടുത്ത്. ജീവിതം സുഗമമായി മുന്നോട്ടു നീങ്ങി. സ്വപ്നങ്ങള്‍ കണ്ടു നമ്മള്‍ ചിരിച്ചും കരഞ്ഞും കഴിഞ്ഞു. സ്വപ്നങ്ങളിലൂടെ നമ്മള്‍ ജീവിച്ചു.

ഏതോ നിഗൂഡമൌനവും ബധിരതയും നമ്മളെ ആവരണം ചെയ്തിരുന്നു. ആ നിഗൂഡതയെ നമ്മള്‍ അതിയായി സ്നേഹിച്ചു. ആ നിഗൂഡത മനോജ്ഞമായിരുന്നു. പക്ഷെ നമ്മുക്ക് ചുറ്റും മഹാവിസ്ഫോടങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നത് നാം അറിഞ്ഞില്ല. എങ്ങനെ അറിയാനാണ്? നമ്മെ ആവരണം ചെയ്തിരുന്നത് ബധിരതയും, മൂകതയും ആയിരുന്നുവല്ലോ!!!

നമ്മെ തടയാന്‍ ആരുമില്ലായിരുന്നു. പക്ഷെ നമ്മെ നാം തന്നെ തടയുകയായിരുന്നില്ലേ? നാം കുറച്ചു കൂടി അടുത്തു. പക്ഷെ അടുക്കും തോറും നാം അകലുകയായിരുന്നില്ലേ?

മറ്റുള്ളവരുടെ പരിചയപ്പെടുത്തലുകളെ നമ്മള്‍ എതിര്‍ത്തു. ഹൃദയങ്ങള്‍ക്ക്‌ തമ്മില്‍ പരിചയം ആവശ്യമുണ്ടോ? കാരണം അന്ന് നമ്മള്‍ കണ്ടു മുട്ടിയതും തനിച്ചായിരുന്നുവല്ലോ?

സാമാന്യത്തിന്റെ നിയമങ്ങളെ അതിവര്‍ത്തിച്ചു കൊണ്ട്, സ്വാതന്ത്രത്തിന്റെ അനന്തവിഹായസ്സില്‍ പറന്നുയരുന്ന പക്ഷികളായി നമ്മള്‍ മാറി. പക്ഷെ നിയമത്തിന്റെ അതിവര്‍ത്തനം തന്നെ നാമൊരു സാമാന്യ നിയമമാക്കി മാറ്റുകയായിരുന്നില്ലേ?

യാഥാര്‍ത്ഥ്യങ്ങളുടെ ഇടുങ്ങിയ ലോകത്തില്‍ വൈരുദ്ധ്യങ്ങളുടെ അംശം കൂടി ഇരിക്കുകയും, ഭാവനയുടെ അനന്തവിശാലമായ പ്രപഞ്ചത്തില്‍ വൈരുദ്ധ്യങ്ങള്‍ ശൂന്യതയില്‍ അലിഞ്ഞു പോവുകയും ചെയ്യുന്നത് എന്ത് കൊണ്ട്?

പിന്നെയൊരു നാള്‍ കാലസാഗരത്തിന്റെ കുത്തൊഴുക്കില്‍ നമ്മള്‍ ഒലിച്ചു പോയി. ആ അനന്ത സാഗരത്തിന്റെ മറുകര കണ്ടെത്തിയെന്നു നാം കരുതി. പക്ഷെ തുടങ്ങിയിടത്ത് തന്നെയാണ് നാം എത്തിചേര്‍ന്നിരിക്കുന്നതെന്ന വസ്തുത നാം മനസ്സിലാക്കിയില്ല.

“നിഴലും വെളിച്ചവും മാറി മാറി
നിഴലിക്കും ജീവിത ദര്‍പ്പണത്തില്‍
ഒരു സത്യം മാത്രം നിലനില്‍ക്കുമെന്നും
പരമാര്‍ത്ഥ സ്നേഹത്തിന്‍ മന്ദഹാസം!”

ജീവിത സത്യം ഗ്രഹിക്കുവാന്‍ നമ്മള്‍ ഉദ്യമിച്ചു. പക്ഷെ ജീവിതം കൂടുതല്‍ ദുര്‍ഗ്രാഹ്യമായിക്കൊണ്ടിരിക്കുന്നത് നാമറിഞ്ഞില്ല. ഞാനപ്പോള്‍ ആദ്യം നമ്മള്‍ കണ്ടു മുട്ടിയ രംഗം ഓര്‍മ്മിച്ചു. നീ കരയുകയും, ഞാന്‍ ചിരിക്കുകയും. ജീവിതം ഒരു വൈരുദ്ധ്യങ്ങളുടെ സമ്മേളനമാണല്ലോ!  

ഇന്നലെ ഒരു സ്വപ്നം കണ്ടു ഞാന്‍ ഞെട്ടിയുണര്‍ന്നു. നാം ഒരു പെരുവഴിയിലൂടെ സഞ്ചരിച്ചു കൊണ്ടിരിന്നു. ആ വഴി ഇരുളടഞ്ഞതായിരുന്നു. മനസ്സുകളിലെ നെയ്ത്തിരിനാളങ്ങളും അണഞ്ഞു പോയി. ആ വഴിയില്‍ നാം കണ്ടുമുട്ടിയ കഥാപാത്രങ്ങളെ മറക്കാന്‍ നമ്മുക്ക് ആകുമോ?

ആ പെരുവഴി പെടുന്നനെ അവസാനിച്ചു. ഇല്ലായ്മയുടെ വക്കില്‍, ആ അഗാധഗര്‍ത്തത്തിന്റെ മുനമ്പില്‍ നാം ഗതിയറിയാതെ നിന്നു. ഞാനപ്പോള്‍ കരഞ്ഞു. നീ ചിരിച്ചതെന്തു കൊണ്ട്?

നമ്മുക്കിനി നമ്മള്‍ എന്ന സങ്കല്‍പ്പത്തില്‍ നിന്ന്, ഞാനും നീയുമെന്ന യാഥാര്‍ത്ഥ്യത്തിലേക്ക് മടങ്ങാം. നീ ചിരിക്കുന്നുണ്ടെങ്കിലും നിന്റെ മനസ്സ് വിതുമ്പുന്നത് ഞാന്‍ കാണുന്നുണ്ട്.

ഞാന്‍ കരഞ്ഞു കൊണ്ടിരിക്കാം, നീ ചിരിച്ചോളൂ...

എന്ന് നിന്റെ സ്വന്തം,

ഞാന്‍.

(കടപ്പാട് : ഈ എഴുത്ത് എഴുതിയ പേര് മറന്നു പോയ ഗിരിദീപം ചേട്ടന്.)